പരിഹാരമായി ജില്ലയില്‍ സെല്‍ തുടങ്ങുന്നു

Posted on: May 5, 2013 6:52 am | Last updated: May 5, 2013 at 6:52 am
SHARE

കോഴിക്കോട്: സുതാര്യകേരളം ജില്ലാതല സെല്‍ 10ന് പ്രവര്‍ത്തനമാരംഭിക്കും. തിരുവനന്തപുരത്തുളള സുതാര്യകേരളം ഓഫീസില്‍ ലഭിക്കുന്ന ആയിരക്കണക്കിന് പരാതികള്‍ വികേന്ദ്രീകൃത അടിസ്ഥാനത്തില്‍ വേഗത്തില്‍ പരിശോധിച്ച് പരിഹാരം കണ്ടെത്താനാണ് ജില്ലാ അടിസ്ഥാനത്തില്‍ ഓഫീസ് തുറക്കുന്നത്.
സിവില്‍ സ്റ്റേഷന്‍ പ്രധാന ഗെയ്റ്റ് വഴി പ്രവേശിക്കുന്ന ഭാഗത്ത് ഗ്രൗണ്ട് ഫ്‌ളോറില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുക. കോ-ഓര്‍ഡിനേറ്റര്‍, ടൈപ്പിസ്റ്റ്, മെസഞ്ചര്‍ തസ്തികകളില്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ ചെയര്‍മാനും പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ നോഡല്‍ ഓഫീസറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കണ്‍വീനറുമാണ്. ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ എല്ലാ മാസവും മോനിറ്ററിംഗ് സമിതി യോഗം ചേര്‍ന്ന് പരാതി തീര്‍പ്പാക്കുന്നതിലെ പുരോഗതി വിലയിരുത്തും.
കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, ഫാക്‌സ്, ഫോട്ടോ കോപ്പിയര്‍, സ്‌കാനര്‍, ഫോണ്‍ കണക്ഷന്‍ തുടങ്ങിയ സൗകര്യങ്ങളും സന്ദര്‍ശക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്.
സംസ്ഥാനത്ത് ആറ് ജില്ലകളില്‍ ഇതിനകം ഓഫീസ് തുറന്നു. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തിന് മുന്നോടിയായി എല്ലാ ജില്ലകളിലേയും ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ പി വിനോദ് അറിയിച്ചു.
മന്ത്രി കെ സി ജോസഫ് കോഴിക്കോട് ഓഫീസ് ഉദ്ഘാടനം ചെയ്യും. നവീകരിച്ച ഇന്‍ഫര്‍മേഷന്‍ സെന്ററും ഇതോടൊപ്പം പ്രവര്‍ത്തനമാരംഭിക്കും. എ പ്രദീപ്കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും.
ജനഹൃദയങ്ങളിലൂടെ ചിത്രപ്രദര്‍ശനം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്യും.