Connect with us

Kozhikode

പരസ്യ മൂലധനത്തിന്റെ ദുഃസ്വാധീനം മലയാള മാധ്യമങ്ങളെയും ബാധിച്ചു: വിനോദ് ശര്‍മ

Published

|

Last Updated

കോഴിക്കോട്: കേരളത്തിലെ മാധ്യമങ്ങള്‍ താരതമ്യേന ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നത് വായനക്കാരുടെയും പ്രേക്ഷകരുടെയും ഉയര്‍ന്ന സാമൂഹികാവബോധവും ജാഗ്രതയും കൊണ്ടാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് പൊളിറ്റിക്കല്‍ എഡിറ്റര്‍ വിനോദ് ശര്‍മ.
കേരള പ്രസ് അക്കാദമി മാധ്യമ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിവരങ്ങളും വാര്‍ത്തകളും ശേഖരിക്കാന്‍ മലയാള മാധ്യമങ്ങള്‍ വന്‍തോതില്‍ പണം ചെലവഴിക്കുന്നുണ്ട്. ഈയിടെയായി പരസ്യമൂലധനത്തിന്റെ ദുസ്വാധീനം മലയാള മാധ്യമങ്ങളെയും ബാധിച്ചിട്ടുണ്ട്. മെട്രോ നഗരങ്ങളില്‍ ഈ പ്രവണത നേരത്തെ തന്നെയുണ്ട്. ഡല്‍ഹിയിലും മറ്റും പത്രവായനക്കാരുടെ സാമൂഹിക, സാമ്പത്തിക നിലവാരമനുസരിച്ചാണ് പരസ്യം ലഭിക്കുന്നത്.
പരസ്യമൂലധനവും മാധ്യമ നൈതികതയും പരീക്ഷിക്കപ്പെടുന്ന അവസരങ്ങള്‍ ഒട്ടനവധിയാണ്. അഭിജാതര്‍ക്കും സാധാരണക്കാര്‍ക്കും വാര്‍ത്തയില്‍ പോലും വിവേചനമുണ്ടവിടെ. അതുകൊണ്ടാണ് ദക്ഷിണ ഡല്‍ഹിയിലെ ഒരു കൊലപാതകം ഒന്നാം പേജില്‍ സ്ഥാനം പിടിക്കുമ്പോള്‍ കിഴക്കന്‍ ഡല്‍ഹിയിലേത് മൂന്നാം പേജില്‍ ഒതുങ്ങിപ്പോകുന്നത്.
കര്‍ഷകാത്മഹത്യ ഒരിക്കലും ഇത്തരം പത്രങ്ങള്‍ക്ക് വിഷയമായിരുന്നില്ല. മാധ്യമ സ്ഥാപനങ്ങള്‍ തന്നെ കോര്‍പറേറ്റുകളാകുമ്പോഴുള്ള പ്രശ്‌നങ്ങള്‍ സാധാരണമാണ്.
ഇന്ത്യന്‍ മാധ്യമങ്ങളെ പിടികൂടിയിരിക്കുന്ന മറ്റൊരു ദൂഷ്യം ബോംബ് സ്‌ഫോടനങ്ങളിലും മറ്റും അവര്‍ കുറ്റവാളികളുടെ സ്റ്റോക്ക് സൂക്ഷിക്കുന്നുണ്ടെന്നതാണ്. യാതൊരു അന്വേഷണത്തിനും മെനക്കെടാതെ ചില മുസ്‌ലിം സംഘടനകളെ പ്രതിപ്പട്ടികയില്‍ ചേര്‍ക്കുന്ന പ്രവണതയും വര്‍ധിച്ചു വരികയാണ്. വിനോദ് ശര്‍മ പറഞ്ഞു. പ്രസ് അക്കാദമി ചെയര്‍മാന്‍ എന്‍ പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.