കേരളം ജൈവ കാര്‍ഷിക സംസ്ഥാനമാകും: മന്ത്രി

Posted on: May 5, 2013 6:50 am | Last updated: May 5, 2013 at 6:50 am
SHARE

തളിപ്പറമ്പ്: കേരളം 2016ഓട് കൂടി ജൈവ കാര്‍ഷിക സംസ്ഥാനമായി മാറുമെന്നും പച്ചക്കറി രംഗത്ത് 2013 പൂര്‍ത്തിയാകുന്നതോടെ സ്വയം പര്യാപ്തത കൈവരിക്കുമെന്നും കൃഷി മന്ത്രി കെ പി മോഹനന്‍ പറഞ്ഞു. ഫ്രഷിന്റെ ആഭിമുഖ്യത്തില്‍ തളിപ്പറമ്പില്‍ നടന്ന വാഴ കര്‍ഷക സംഗമവും അവാര്‍ഡുദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പോഷകമൂല്യമുള്ള ധാരാളം നാടന്‍ വിഭവങ്ങളുണ്ട്. അതിനോടൊന്നും നമുക്ക് പ്രിയമില്ല. ഏറ്റവും സുലഭമായി കിട്ടുന്ന നിരവധി സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കാന്‍ കഴിയുന്ന ചക്ക പോലും ഇന്ന് അപൂര്‍വമായി മാത്രമാണ് നാം ഉപയോഗിക്കുന്നത്. അറിഞ്ഞുകൊണ്ട് കാശ് കൊടുത്ത് വിഷം വാങ്ങി കഴിക്കുന്നവരായി മാറുകയാണ് നമ്മള്‍. ജൈവവളം മാത്രം ഉപയോഗിച്ച് കൊണ്ട് കൃഷി ഉത്പാദനം നടത്തുവാനാവശ്യമായ സ്ഥലം കണ്ടെത്തി കൃഷി നടത്തുകയും ഓരോ പട്ടണത്തിലും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മാര്‍ക്കറ്റിംഗ് സ്ഥാപിക്കണം. ആവശ്യമായ സ്ഥലം കണ്ടെത്തിയാല്‍ കെട്ടിടവും മറ്റ് സൗകര്യവും സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു. ജയിംസ് മാത്യു എം എല്‍ എ അധ്യക്ഷത വഹിച്ചു. ഫ്രഷിന്റെ ഉത്പന്നങ്ങള്‍ പുറത്തിറക്കല്‍ പ്രൊഫ. ഇ കുഞ്ഞിരാമന് നല്‍കി മന്ത്രി നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ കരീം പ്രസംഗിച്ചു. നൂതന വാഴ കൃഷി രീതിയെ കുറിച്ച് കെ എം പി ഷഹനാസും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. സി എന്‍ ഷാറണും ക്ലാസെടുത്തു. ടി പി മമ്മു,കെ എം പി എ റഹീം പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here