ജില്ലാ പ്രസ്ഡന്റിനെതിരെ ബി ജെ പിയില്‍ പടയൊരുക്കം

Posted on: May 5, 2013 6:42 am | Last updated: May 5, 2013 at 6:42 am
SHARE

പാലക്കാട്: ബിജെപി ജില്ലാ പ്രസിഡണ്ട് സി കൃഷ്ണകുമാറിനെ മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയില്‍ പടയൊരുക്കം ശക്തമായി. ഇതേ തുടര്‍ന്ന് സംസ്ഥാന പ്രസിഡണ്ട് വി മുരളീധരന്‍ നേതൃത്വം നല്‍കുന്ന ഔദ്യോഗിക പക്ഷം ജില്ലയില്‍ രണ്ടായി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സാബു, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എസ് ആര്‍ ബാലസുബ്രഹ്മണ്യം എന്നിവര്‍ ജില്ലാ പ്രസിഡണ്ടിന് എതിരായി രംഗത്ത് വന്നതോടെ ജില്ലയില്‍ മുരളീധര പക്ഷം ദുര്‍ബ്ബലമായി .മുനിസിപ്പാലിറ്റിയിലെ യു ഡി എഫ് ഭരണസമിതിയുടെ അഴിമതിക്ക് മുഖ്യപ്രതിപക്ഷമായ ബി ജെ പി കൂട്ടു നില്‍ക്കുകയാണെന്ന ഗുരുതരമായ ആരോപണം ജില്ലാ നേതൃത്വത്തിനെതിരായി വന്നിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മുനിസിപ്പാലിറ്റിയിലെ അഴിമതികള്‍ക്കെതിരെ ബി.ജെ.പി കാര്യമായി പ്രതികരിച്ചിരുന്നില്ല. വിവാദ വ്യവസായിക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത സമരങ്ങള്‍ പോലും വേണ്ട രീതിയില്‍ നടത്തിയില്ല . നെല്ലിയാമ്പതി വനഭൂമി വിഷയത്തില്‍ സംസ്ഥാന പ്രസിഡണ്ടിനെ പങ്കെടുപ്പിച്ച് നടത്തിയ മാര്‍ച്ച് ശുഷ്‌കമായി . കൂടാതെ നിരവധി ആരോപണങ്ങള്‍ ജില്ലാ പ്രസിഡണ്ടിനും നേതൃത്വത്തിനും എതിരായി ഉയരുന്നതായാണ് സൂചന. ജില്ലാ നിയോജകമണ്ഡലം ഭാരവാഹികളില്‍ പകുതിയോളം പേരും കൃഷ്ണകുമാറിന് എതിരായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇത് ജില്ലയില്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് കരുത്തു പകരുന്നു. ആറിന് നടക്കുന്ന ഉന്നത തല യോഗത്തില്‍ ജില്ലാ പ്രസിഡണ്ടിനെ പ്രഖ്യാപിക്കും. ബി ജെ പി സംസ്ഥാന നേതാക്കളും ആര്‍ എസ് എസ് നേതാക്കളും യോഗത്തില്‍ പങ്കെടുക്കും.
പി കെ കൃഷ്ണദാസ് വിഭാഗം സ്ഥാനാര്‍ത്ഥിയായി എന്‍ ശിവരാജന്‍, മുതിര്‍ന്ന നേതാവ് ശ്രീധരന്‍, മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എസ് ആര്‍ ബാലസുബ്രഹ്മണ്യം എന്നിവരാണ് നിലവിലെ പ്രസിഡണ്ട് സി കൃഷ്ണകുമാറിനെതിരായി സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് .നിലവിലെ പ്രസിഡണ്ടിനെ വീണ്ടും തുടരാന്‍ അനുവദിക്കുന്ന പക്ഷം ജില്ലയിലെ ബഹുഭൂരിപക്ഷം ബി ജെ പി ‘ഭാരവാഹികളും പ്രവര്‍ത്തനം മരവിപ്പിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here