പാലക്കാട്-ഈറോഡ് മെമു സര്‍വീസ് 12ന് ആരംഭിക്കും

Posted on: May 5, 2013 6:35 am | Last updated: May 5, 2013 at 6:35 am
SHARE

പാലക്കാട്: പാലക്കാട്-ഈറോഡ് മെമു ട്രെയിന്‍ സര്‍വീസ് 12ന് ആരംഭിക്കും. പകല്‍ 11.15ന് പാലക്കാട് ടൗണില്‍നിന്നാണ് ഉദ്ഘാടനഓട്ടം തുടങ്ങുകയെന്ന് പി കെ ബിജു എം പി അറിയിച്ചു. ഈറോഡില്‍ നിന്ന് ഇതേസമയം പാലക്കാട്ടേക്കും മെമു സര്‍വീസ് തുടങ്ങും. എം ബി രാജേഷ് എംപിയെ റെയില്‍വേ ഡിവിഷണല്‍ മാനേജര്‍ അറിയിച്ചതാണ് ഇക്കാര്യം.
തിങ്കളാഴ്ച മുതല്‍ 6609 നമ്പര്‍ വണ്ടി 7.35ന് ഈറോഡില്‍നിന്ന് പുറപ്പെട്ട് 12.30ന് പാലക്കാട് ടൗണിലെത്തും. പാലക്കാട് ടൗണില്‍ നിന്നുള്ള 6608 നമ്പര്‍ വണ്ടി പകല്‍ 2.30ന് പുറപ്പെട്ട്— വൈകിട്ട് ഏഴിന് ഈറോഡിലെത്തും. വ്യാഴാഴ്ച ഒഴികെയുള്ള ആറ്ദിവസം മെമു സര്‍വീസ് നടത്തും. മാര്‍ച്ച് 31നകം എറണാകളം-തൃശൂര്‍ മെമു പാലക്കാട്ടേക്ക് നീട്ടുമെന്നും ഈറോഡ്- പാലക്കാട് മെമു ആരംഭിക്കുമെന്നും എം ബി രാജേഷ് എംപിക്ക് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബെന്‍സല്‍ റെയില്‍വേ ബജറ്റിന് ശേഷം നടത്തിയ ചര്‍ച്ചയില്‍ ഉറപ്പു—നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എറണാകുളം- തൃശൂര്‍ മെമു പാലക്കാട്‌വരെ നീട്ടിയെങ്കിലും പാലക്കാട് -ഈറോഡ് സര്‍വീസ് ആരംഭിക്കുമെന്ന ഉറപ്പ് പാലിച്ചില്ല. ഇതേ തുടര്‍ന്ന്—എംപി പാര്‍ലമെന്റിലും മന്ത്രി ഉറപ്പ് പാലിക്കണമെന്ന്— ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മാസങ്ങളോളമായി യാത്രക്കാര്‍ കാത്തിരുന്ന മെമു ട്രെയിന്‍ സര്‍വീസ് ഈ മാസം പന്ത്രണ്ടിന് ആരംഭിക്കുവാന്‍ നടപടിയുണ്ടായത്.