Connect with us

Malappuram

മന്ത്രിയുടെ പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വണ്ടൂരിലെ ഹോമിയോപ്പതിക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട

Published

|

Last Updated

വണ്ടൂര്‍: സംസ്ഥാനത്തെ ആദ്യത്തെ ഹോമിയോ ക്യാന്‍സര്‍ പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം ജില്ലയുടെ ആരോഗ്യമേഖലയില്‍ ശുഭപ്രതീക്ഷ നല്‍കുന്നു. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ നടത്തിയ ആദ്യ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു ഹോമിയോപ്പതിക് കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട്. വണ്ടൂരിലാണ് ആരംഭിക്കുകകയെന്ന് ഗവര്‍ണര്‍ ആര്‍ എസ് ഗവായി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി വണ്ടൂര്‍-മഞ്ചേരി റോഡിലെ കരുണാലയപ്പടിയിലെ ഫോറസ്റ്റ് റൈഞ്ച് ഓഫീസിന് സമീപം റവന്യൂ വകുപ്പിന് കീഴിലുള്ള ഒരേക്കര്‍ സ്ഥലവും കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തിരുന്നു. കൂടാതെ പദ്ധതിയുടെ ആദ്യഘട്ടമായി മന്ത്രി എപി അനില്‍കുമാര്‍ 50 ലക്ഷം രൂപയും അനുവദിച്ചിരുന്നെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നില്ല. നിലവില്‍ സംസ്ഥാന തലത്തില്‍ ഹോമിയോ കേന്ദ്രത്തിലൂടെ ക്യാന്‍സര്‍ ചികിത്സ നല്‍കുന്ന ഏക സ്ഥാപനമാണ് കൂരാട് പ്രവര്‍ത്തിക്കുന്ന ഹോമിയോ ഡിസ്‌പെന്‍സറി.
നിലവില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ചേതനയെന്ന പേരില്‍ ഇവിടെ ക്യാന്‍സര്‍ രോഗികള്‍ക്കായി പ്രത്യേകം ചികിത്സ നടന്നുവരുന്നുണ്ട്. ഡോ. വിനുകൃഷ്ണനാണ് ഇവിടെ രോഗികളെ പരിശോധിക്കുന്നത്. വ്യാഴാഴ്ചയാണ് ക്യാന്‍സര്‍ രോഗികള്‍ക്കുള്ള പ്രത്യേക പരിശോധന.
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകളാണ് ചികിത്സക്കായി ഇവിടെയെത്താറുള്ളത്. ഈ ആശുപത്രിയിലെ ഡോക്ടറെയടക്കം ഉള്‍പ്പെടുത്തി സംസ്ഥാനത്തെ ഹോമിയോപ്പതിക് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് വണ്ടൂരില്‍ ആരംഭിക്കാനായിരുന്നു പദ്ധതി.സ്ഥാപനം ആരംഭിക്കാനുള്ള നടപടികള്‍ക്ക് വേഗത്തിലാക്കുമെന്ന ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ പ്രഖ്യാപനത്തിന്റെയടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രതീക്ഷ. സ്റ്റാഫ് പാറ്റേണ്‍ തയാറായിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം മന്ത്രി മലപ്പുറത്ത് അറിയിച്ചിരുന്നു.

 

Latest