അനധികൃത മരംമുറിക്കെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്‌

Posted on: May 5, 2013 1:54 am | Last updated: May 5, 2013 at 1:54 am
SHARE

മുക്കം: പി സി ജംഗ്ഷന്‍ മുതല്‍ വെസ്റ്റ് മാമ്പറ്റ വരെയുള്ള ബൈപ്പാസ് റോഡരികിലെ മരങ്ങള്‍ മുറിച്ച് കടത്താനുള്ള ശ്രമത്തിനെതിരെ നാട്ടുകാര്‍ സംഘടിക്കുന്നു. വ്യാജരേഖ ചമച്ച് വനംവകുപ്പിന്റെ ഒത്താശയോടെ പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് മരം മുറിച്ച് നീക്കാനുള്ള ശ്രമം നടക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
രണ്ട് വരിപ്പാതയായി വികസിപ്പിച്ച ബൈപ്പാസ് റോഡിന് ഓവുചാല്‍ നിര്‍മിക്കുന്നതിനുവേണ്ടിയെന്ന വ്യാജേനയാണ് മരങ്ങള്‍ മുറിക്കുന്നത്. ഓവുചാല്‍ നിര്‍മിക്കുന്നതിന് ഇതുവരെ ഉത്തരവുണ്ടായിട്ടില്ല. റോഡരികിലെ മരങ്ങളുടെ പേരില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള വലിയ മരങ്ങള്‍ മുറിക്കാനാണ് ശ്രമം.
മാവ്, പ്ലാവ്, കുന്നി, കാഞ്ഞിരം തുടങ്ങിയ മരങ്ങള്‍ മുറിക്കാനുള്ള ശ്രമം കഴിഞ്ഞ ദിവസം കയ്യിട്ടാപൊയില്‍ ഭാഗത്തെ ജനങ്ങള്‍ തടഞ്ഞിരുന്നു. റോഡരികിലെ മരം മുറിയെന്ന പേരില്‍ റോഡില്‍ നിന്ന് ദൂരെയുള്ള മരങ്ങളാണ് മുറിക്കാനൊരുങ്ങിയിരുന്നത്. മരം മുറിക്കെതിരെ പ്രദേശത്തെ സ്ത്രീകളും കുട്ടികളുമടക്കം രംഗത്തെത്തിയിട്ടുണ്ട്. പ്രക്ഷോഭത്തിന് രൂപം നല്‍കുന്നതിന് നാളെ വൈകിട്ട് അഞ്ചിന് കയ്യിട്ടാപൊയില്‍ അങ്കണ്‍വാടി പരിസരത്ത് ബഹുജന കണ്‍വന്‍ഷന്‍ ചേരും. ഇതുസംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുക്കം ഭാസി, അണങ്ങാട്ട് ഭാസ്‌കരന്‍, ബ്ലോക്ക് പഞ്ചായത്തംഗം പി ടി ബാബു, എ വി സുധാകരന്‍, സലാം നടുക്കണ്ടി, പി അജയന്‍, യു പി അബ്ദുന്നാസര്‍, പി ഉണ്ണികൃഷ്ണന്‍, സന്തോഷ് മണാശ്ശേരി, രാമചന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.