മായാത്ത ബോര്‍ഡുകള്‍

Posted on: May 4, 2013 6:21 pm | Last updated: May 4, 2013 at 6:21 pm
SHARE

jobwantedഷോപ്പിംഗ് സെന്ററുകളിലും പെട്രോള്‍ പമ്പുകളിലും ചെല്ലുമ്പോള്‍ പലപ്പോഴും ഇങ്ങനെ ബോര്‍ഡ് കണ്ടിട്ടുണ്ട്:’ജീവനക്കാരെ ആവശ്യമുണ്ട്.

ശമ്പളം അയ്യായിരവും അതിനു മുകളിലും’
ചിലേടത്ത് അയ്യായിരം മറ്റുചിലേടങ്ങളില്‍ നാലായിരം, പ്രദേശങ്ങള്‍ക്കനുസരിച്ച് വ്യത്യാസം. ഇത്തരം ബോര്‍ഡുകള്‍ കണ്ട കടകള്‍ക്കും പമ്പുകള്‍ക്കും മുന്നിലൂടെ കഴിഞ്ഞ ദിവസം വീണ്ടും കടന്നുപോയി. അതേ, ബോര്‍ഡ് അവിടെ തന്നെയുണ്ട്. ഒരു മാറ്റവുമില്ല. ജോലിക്ക് ആരും ചേര്‍ന്നിട്ടില്ല!
എന്തുകൊണ്ട് ആരും വരുന്നില്ല?
ഇത്തരം ‘താഴ്ന്ന’, ‘നിസ്സാര’ ജോലികള്‍ക്ക് ആരെയും ഇക്കാലത്ത് കിട്ടുകയില്ല. സത്യമെന്ന് സ്ഥാപനമുടമകള്‍ സാക്ഷ്യപ്പെടുത്തുന്നു. അയ്യായിരമോ? ആര്‍ക്കു വേണം! അതേസമയം കഷ്ടിച്ച് രണ്ടായിരം രൂപ ശമ്പളം, ബൈക്കും മൊബൈല്‍ ഫോണും പ്രത്യേകം എന്നൊരു പാക്കേജാണെങ്കില്‍ ആളുകള്‍ റെഡി. ചില ന്യൂജനറേഷന്‍ ബേങ്കുകളും ഇന്‍ഷ്വറന്‍സ് കമ്പനികളും ഇതുതന്നെയാണ് ചെയ്യുന്നത്- ബൈക്ക് അലവന്‍സും മൊബൈലും. തൊഴിലന്വേഷകര്‍ എത്തുമെന്ന് ഉറപ്പുണ്ട്. ചില ഐ ടി കമ്പനികളിലേക്ക് നോക്കൂ, കമ്പനി ബസില്‍ ഐഡന്റി കാര്‍ഡിന്റെ മാലതൂക്കി വന്നിറങ്ങുന്നവര്‍ക്ക് ശമ്പളം തുച്ഛം. പെട്രോള്‍ പമ്പോ, തുണിക്കടയോ ഓഫര്‍ ചെയ്യുന്നത്ര തുകയില്ല ശമ്പളം. എങ്കിലും ഐ ടി എന്ന ഗ്ലാമര്‍, ശമ്പളക്കുറവ് പരിഹരിക്കുന്നു.
സാധാരണ ഇടങ്ങളില്‍, സാധാരണ ജോലിക്ക് ഇന്ന് ആള്‍ ഇല്ല. ഡിമാന്റില്ല. ഇതൊരു പ്രവണതയായി തുടരുന്നു. സെയില്‍സില്‍ ഇത് പ്രശ്‌നമാകുന്നുവെന്ന് കടയുടമകള്‍ പറയുന്നു. ഹോട്ടലുകളും റസ്റ്റോറണ്ടുകളും ഇതേ പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നു. കൂടുതല്‍ ജീവനക്കാര്‍ ആവശ്യമായി വരുന്ന സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ സംരംഭകര്‍ ഉത്കണ്ഠപ്പെടുന്നു. കഴിവും പരിചയവുമുള്ള ‘വര്‍ക്ക്‌ഫോഴ്‌സ്’ കേരളത്തില്‍ ഇല്ല. കേരളത്തില്‍ ഇങ്ങനെയുള്ളവരെ കിട്ടാനില്ല! അതേസമയം തൊഴിലില്ലായ്മ രൂക്ഷം; തൊഴിലും വരുമാനവുമില്ലാത്തതിനാല്‍ കുടുംബങ്ങളില്‍ കൂട്ട ആത്മഹത്യ തുടരുന്നു. അത്തരം വാര്‍ത്തകള്‍ പതിവായി കേള്‍ക്കുന്നു.
കഴിഞ്ഞിടെ കൊല്ലം ജില്ലയിലെ ഒരു റസ്റ്റോറണ്ട് ഉച്ചക്ക് ഊണ് നല്‍കുന്നത് നിര്‍ത്തി. പതിവുകാരായി നിരവധി പേര്‍ വര്‍ഷങ്ങളായി സന്ദര്‍ശിച്ചുപോരുന്ന ഇടത്തരം ഹോട്ടലാണ്. ഇവിടുത്തെ ‘മീന്‍കറി’യായിരുന്നു മുഖ്യ ആകര്‍ഷണം. ഒരു ദിവസം ഹോട്ടല്‍ ഉടമ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ ഊണ്‍ ഇല്ല.
എന്തുകൊണ്ട് ഊണ്‍ ഇല്ല?
പതിവുകാര്‍ അന്വേഷിച്ചു; പതിവുകാര്‍ പെട്ടെന്ന് പിന്തിരിയുന്നവരല്ലല്ലോ.
ഹോട്ടലുടമ പറയുകയാണ്. മീന്‍കറി ഉള്‍പ്പെടെ, നാടന്‍ കറികളൊന്നും ഉണ്ടാക്കാന്‍ പറ്റിയ പാചകക്കാരെ കിട്ടാനില്ല. പഴയ ആളുകളൊക്കെ പിരിഞ്ഞു പോയി. ചിലര്‍ ആരോഗ്യ പ്രശ്‌നങ്ങളാല്‍ പിരിഞ്ഞു. പക്ഷെ, പുതിയ ആളുകളോ? അങ്ങനെ ഒരു വിഭാഗത്തെ പ്രതീക്ഷിക്കുകയേ വേണ്ട. ഇനി അങ്ങനെ ഒരു വിഭാഗം ഉണ്ടാകുകയേയില്ല. പുതുതായി വരുന്നവര്‍ക്ക് ഒരിക്കലും പഴയകാലത്തെ മീന്‍കറിയുടെ സ്വാദ് സൃഷ്ടിക്കുവാനുമാകില്ല.
ശരിയാണ്, ഒരു ഹോട്ടല്‍ പൂട്ടിയത് കൊല്ലത്ത്; വൈകാതെ, ഇതേ നില ആവര്‍ത്തിക്കപ്പെടും. കൊല്ലം ആവര്‍ത്തിക്കപ്പെടും. കേരളത്തില്‍ ചെയ്ന്‍ ഹോട്ടല്‍ തുടങ്ങാന്‍ പ്ലാനിട്ടുവന്ന ഒരു ഗള്‍ഫ് വ്യവസായി പറയുകയാണ്: തൊഴിലാളികളെ കിട്ടാനില്ല; പണി അറിയാവുന്ന തൊഴിലാളികളെ കിട്ടാനില്ല. അതുകൊണ്ട് ഏറ്റവും കുറച്ച് തൊഴിലാളികളെ ഉള്‍ക്കൊള്ളിക്കാവുന്ന ശരാശരി ബജറ്റ് ഹോട്ടല്‍ ആലോചിക്കുകയാണ്; സ്റ്റാര്‍ ഹോട്ടലിലേക്ക് കടക്കുന്നില്ല. ഒരിക്കല്‍ തൊഴിലില്ലായ്മ യൗവ്വനത്തിന്റെ ഉത്കണ്ഠയായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും. ഇന്ന് ‘തൊഴിലില്ലായ്മ’ മുദ്രാവാക്യങ്ങളിലെ പതിവ് സന്ദര്‍ശകന്‍ മാത്രമാണ്. തൊഴില്‍ അവസരങ്ങള്‍ വ്യാപകമായി. തൊഴിലിന് വൈവിധ്യം സംഭവിച്ചു. തിരഞ്ഞെടുപ്പിനുള്ള അനന്തമായ അവസരങ്ങളും. പക്ഷെ, ‘ചെറിയ തൊഴിലിനോട്’ ആഭിമുഖ്യമില്ല. പെട്ടെന്നുള്ള വന്‍വിജയം കൊതിക്കുമ്പോള്‍ ചെറിയ പണികള്‍കൊണ്ട് എന്തുകാര്യം?
ഒരുകാലത്ത്, എന്തു ജോലിയും ചെയ്യും; ഒരു തൊഴില്‍ വേണം, എന്നു പറഞ്ഞു കേട്ടിരുന്നു. ഇന്നതുമാറി. എന്തുജോലിയും ചെയ്യാനില്ല. ഇഷ്ടപ്പെട്ട തൊഴില്‍ വേണം എന്ന പ്രയോഗഭേദം സംഭവിച്ചിരിക്കുന്നു. അതുകൊണ്ട് ‘ജീവനക്കാരെ ആവശ്യമുണ്ട്’ എന്ന ബോര്‍ഡ് മായുന്നില്ല. ഇത്തരം അറിയിപ്പുകല്‍ ഒരുകാലത്തും മായുകയുമില്ല.