Connect with us

Ongoing News

മന്ത്രി ബന്‍സാല്‍ രാജി സന്നദ്ധത അറിയിച്ചു: തീരുമാനം കോണ്‍ഗ്രസ് കോര്‍ കമ്മിറ്റിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി: കൈക്കൂലിക്കേസില്‍ അനന്തരവന്‍ പിടിയിലായ സംഭവത്തില്‍ കേന്ദ്ര റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ രാജിസന്നദ്ധത അറിയിച്ചു. പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിനെ നേരില്‍ കണ്ടാണ് അദ്ദേഹം രാജി വെക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്. എന്നാല്‍ പ്രധാനമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നാണ് പ്രധാനമന്ത്രി ബന്‍സലിനെ അറിയിച്ചത്. ഇന്ന് വൈകീട്ട് ചേരുന്ന കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അഞ്ചരക്കാണ് യോഗം.

സംഭവത്തില്‍ ബന്‍സാലിനോട് കോണ്‍ഗ്രസ് നേരത്തെ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. അഴിമതിയില്‍ പങ്കില്ലെന്നും അനന്തരവന്റെ ഇടപാടുകളില്‍ തനിക്ക് ബന്ധമില്ലെന്നും ബന്‍സാല്‍ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബന്‍സലിനെ റെയില്‍വേ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ബിജെപിയും സി പി എമ്മും രംഗത്തെത്തി. സംഭവത്തില്‍ ബന്‍സലിനെതിരെ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ ബന്‍സാലിന് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് ജനാര്‍ദനന്‍ ദ്വവേദി രംഗത്തെത്തി. ബന്‍സല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ ബി ജെപിക്ക് അര്‍ഹതയില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്തിനും എതിനും രാജി ആവശ്യപ്പെടുന്നതാണ് പ്രതിപക്ഷത്തിന്റെ രീതിയെന്ന് ദ്വിവേദി കുറ്റപ്പെടുത്തി. ജെ ഡി യു നേതാവ് ശരത് യാദവും ബന്‍സാലിനെ പിന്തുണച്ചു. ബന്ധു ചെയ്ത തെറ്റിന് മന്ത്രിയെ പഴിചാരുന്നത് ശരിയല്ലെന്ന് അദ്ദേഹം പറഞ്ഞു.