രക്ഷിതാക്കള്‍ക്ക് ഉത്തരം വേണം; അഞ്ചാം ക്ലാസ് എല്‍ പിയിലോ യു പിയിലോ

Posted on: May 4, 2013 5:59 am | Last updated: May 4, 2013 at 12:32 am
SHARE

വണ്ടൂര്‍:അഞ്ചാംതരം എല്‍ പി സ്‌കൂളിലും എട്ടാം ക്ലാസ് യു പിയിലും ഉള്‍പ്പെടുത്തണമെന്ന നിയമം നിലവിലിരിക്കെ നാലാം തരം വിജയിച്ച കുട്ടികളെ ഏത് സ്‌കൂളില്‍ ചേര്‍ക്കണമെന്ന കാര്യത്തില്‍ അവ്യക്തത. കഴിഞ്ഞ ദിവസം വിദ്യാര്‍ഥികളുടെ ഫലം പുറത്തുവന്നിട്ടും നാല്, എട്ട് ക്ലാസുകളില്‍ നിന്നും വിജയിച്ചവരെ ഏത് സ്‌കൂളില്‍ ചേര്‍ക്കണമെന്ന കാര്യത്തില്‍ അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വ്യക്തമായ ധാരണയില്ല.

ഇതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ് അധ്യാപകര്‍. എല്‍ പി സ്‌കൂളുകളില്‍ നിന്ന് നാലാം ക്ലാസ് വിജയിച്ചവര്‍ക്ക് മറ്റ് സ്‌കൂളുകളിലേക്ക് മാറിപ്പോകുന്നതിനുള്ള സാക്ഷ്യപത്രം നല്‍കണമോയെന്ന കാര്യത്തിലും വ്യക്തമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിട്ടില്ല. പുതിയ വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ എല്‍ പി സ്‌കൂളുകളിലാണ് ഉള്‍പ്പെടുന്നത്. എന്നാല്‍ അടിസ്ഥാന സൗകര്യമൊരുക്കാന്‍ സര്‍ക്കാറിന് കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും അഞ്ചാം ക്ലാസ് യുപി വിഭാഗത്തിലാണ് പ്രവര്‍ത്തിച്ചത്.
എന്നാല്‍ ഇത്തവണ ഇത് യു പി വിഭാഗത്തിലാണോ അതോ എല്‍ പി വിഭാഗത്തിലാണോ ഉള്‍പ്പെടുത്തുകയെന്നത് സംബന്ധിച്ച അവ്യക്തത തുടരുകയാണ്. ഈ അധ്യയന വര്‍ഷം മുതല്‍ അഞ്ചാം തരം എല്‍ പി വിഭാഗത്തിലും എട്ടാം ക്ലാസ് യു പിയിലും ആരംഭിക്കുമെന്ന പ്രഖ്യാപനവുമുണ്ടായിരുന്നു.
സ്‌കൂള്‍ ഘടന മാറ്റാതെ നിയമത്തിലെ വ്യവസ്ഥ അനുസരിച്ച് നാലാം ക്ലാസിലെ കുട്ടികള്‍ക്കു സമീപത്തെ യു പി സ്‌കൂളില്‍ അഞ്ചിലും ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഹൈസ്‌കൂളില്‍ എട്ടാം ക്ലാസിലും ടി സിയില്ലാതെ ചേരാമെന്ന് കഴിഞ്ഞ വര്‍ഷം വിദ്യാഭ്യാസ മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ നിരവധി സ്‌കൂളുകള്‍ പഴയപോലെ ടി സി നല്‍കിയാണ് വിദ്യാര്‍ഥികളെ അയക്കുന്നത്.
ഒരു കിലോമീറ്റര്‍ ചുറ്റളവിലെ യു പി, എല്‍ പി സ്‌കൂളുകളെയും മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ ഹൈസ്‌കൂളുകളെയും ചേര്‍ത്ത് സ്‌കൂളുകളുടെ ക്ലസ്റ്ററുകളുണ്ടാക്കുമെന്നും ഈ ക്ലസ്റ്റര്‍ സ്‌കൂളുകള്‍ തമ്മിലാകും സാക്ഷ്യപത്ര പ്രകാരം കുട്ടികളെ ചേര്‍ക്കാനും വിടുതല്‍ നല്‍കാനും അനുവദിക്കുകയെന്നും കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് മന്ത്രി അറിയിച്ചിരുന്നത്.
ഇപ്രകാരം അഞ്ചിലും എട്ടിലും പ്രവേശനം നേടുന്ന കുട്ടികള്‍ രേഖകള്‍ പ്രകാരം നാലിലും ഏഴിലും പഠിച്ച സ്‌കൂളുകളിലെ വിദ്യാര്‍ഥികളായി തുടരുമെന്ന് അറിയിച്ചിരുന്നെങ്കിലും സ്‌കൂളുകള്‍ക്ക് ഇത് സംബന്ധിച്ച് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്.
വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകളില്‍ പലതും സംസ്ഥാനത്ത് നടപ്പാക്കാന്‍ ആരംഭിച്ചിരുന്നെങ്കിലും സ്‌കൂള്‍ മാറ്റം സര്‍ക്കാറിന് തലവേദന സൃഷ്ടിക്കുകയാണ്. അതെസമയം വിദ്യാഭ്യാസ നിയമത്തിലെ അധ്യാപകര്‍ക്കുള്ള യോഗ്യതാ പരീക്ഷ ഏര്‍പ്പെടുത്തുകയെന്ന വ്യവസ്ഥ മാത്രമാണ് സര്‍ക്കാര്‍ അല്‍പ്പമെങ്കിലും നടപ്പാക്കിയിട്ടുള്ളത്.