സര്‍ഫിംഗിന് ആവേശമേകി റോഡ്‌സെത്തി

Posted on: May 4, 2013 6:00 am | Last updated: May 4, 2013 at 12:12 am
SHARE

JONTY RODS1തിരുവനന്തപുരം: ഐ പി എല്‍ കൊണ്ട് ഇന്ത്യക്ക് ശക്തമായൊരു ടീമിനെ സജ്ജീകരിക്കാന്‍ കഴിയുമെന്ന് ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ്. യുവ താരങ്ങളാണ് ഐ പി എല്ലിലുള്ളത്. ഇതിലൂടെ അവര്‍ക്ക് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. അത് ഭാവിയില്‍ വളരെഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കോവളം ബീച്ചില്‍ ആരംഭിച്ച ദേശീയ സര്‍ഫിംഗ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ ജോണ്ടി റോഡ്‌സ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. തന്നേക്കാള്‍ മികച്ച ഫീല്‍ഡര്‍മാര്‍ ഇപ്പോള്‍ ക്രിക്കറ്റിലുണ്ട്. പത്ത് വര്‍ഷം മുമ്പുണ്ടായിരുന്ന ഇന്ത്യന്‍ ടീമല്ല ഇപ്പോഴത്തേത് ടീമിലെ എല്ലാവരും മികച്ച ഫീല്‍ഡര്‍മാരാണ്. നേരത്തേ മുഹമ്മദ് കെയ്ഫ്, യുവരാജ് സിംഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ ഹര്‍ഭജന്‍ സിംഗ്് പോലും ഫ്‌ളൈ ക്യാച്ചെടുക്കുന്നു.

കോഹ്‌ലിയും റെയ്‌നയും മികച്ച ബാറ്റ്‌സ്മാന്മാരെന്നപോലെ മികച്ച ഫീല്‍ഡര്‍മാരുമാണ്. ഭയമില്ലെന്നതാണ് അവരുടെ പ്രത്യകേത. 46 റണ്‍സ് അടിക്കുന്നതിനൊപ്പം ഫീല്‍ഡില്‍ 40 റണ്‍സ് സേവ് ചെയ്യാനും അവര്‍ക്ക് കഴിയുന്നു. അത് വളരെ വലിയകാര്യമാണെന്നും അദ്ദേഹം പറഞ്ഞു. മുംബൈ ഇന്ത്യന്‍സ് ടീമിലും ഒട്ടേറെ നല്ല ഫീല്‍ഡര്‍മാരുണ്ടെന്ന് ടീമിന്റെ ഫീല്‍ഡിംഗ് കോച്ച് കൂടിയായ ജോണ്ടി റോഡ്‌സ് പറഞ്ഞു. ഇത്തവണത്തെ ഐ പി എലില്‍ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നെടുത്തത് റിക്കി പോണ്ടിംഗാണ്. റായിഡു, ഗ്‌ളെന്‍ മാകസ്‌വെല്‍, പൊള്ളാര്‍ഡ്, ഡ്വയിന്‍ സ്മിത്ത് എന്നിവരെല്ലാം നന്നായി ഫീല്‍ഡ് ചെയ്യുന്നവരാണ്.
ടീമിന്റെ വിജയമാണ് പ്രധാനം. അതിന് വേണ്ടി ക്യാപ്റ്റന്‍ പോണ്ടിംഗ് പോലും മാറി നില്‍ക്കുന്നു. സണ്‍റൈസേഴ്‌സിനെതിരായ പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് അടുത്ത മത്സരത്തില്‍ വിജയിക്കാനുള്ള തീവ്രപരിശീലനത്തിലാണ് ടീം. ഐ പി എലില്‍ വിജയിക്കാനുള്ള എല്ലാ സാധ്യതയുമുള്ള ടീമാണ് മുംബൈ എന്നും ജോണ്ടി പറഞ്ഞു. ക്രിക്കറ്റിനൊപ്പം പണ്ടുമുതലേയുള്ള താത്പര്യമാണ് സര്‍ഫിംഗില്‍. രാജ്യന്തര മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. സര്‍ഫിംഗില്‍ മികവു പുലര്‍ത്തുന്നവരെ കൂടുതല്‍ മികവുറ്റവരാക്കുകയാണ് ഈ മത്സരം വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കറെ കുറിച്ചുള്ള ചോദ്യത്തിന് സച്ചിനെ പോലെ മഹാനായ ക്രിക്കറ്ററെ വിലയിരുത്താന്‍ താനാളല്ലെന്നായിരുന്നു ജോണ്ടിയുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here