Connect with us

Sports

ചെന്നൈയുടെ വിജയരഹസ്യം ക്യാപ്റ്റന്‍ ധോണി

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യന്‍ സാഹചര്യത്തില്‍ ടീമിനെ നയിക്കാന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് പ്രത്യേക വിരുതുണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സന്‍. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ജൈത്രയാത്രക്ക് പിറകില്‍ ധോണിയുടെ ഈ നേതൃത്വ മികവാണ് നിഴലിക്കുന്നതെന്നും പീറ്റേഴ്‌സന്‍ ചൂണ്ടിക്കാട്ടി. നായകനെന്നതിലുപരി ബാറ്റ് കൊണ്ടും ധോണി സിഎസ്‌കെക്ക് വലിയ സംഭാവന ചെയ്യുന്നു.
ഇന്ത്യന്‍ ട്രാക്കിന് യോജിച്ച സ്പിന്നര്‍മാര്‍ ധോണിയുടെ ടീമിലുണ്ട്. അവരുടെ വിദേശ റിക്രൂട്ട്‌മെന്റുകളും വളരെ മികച്ചതാണ്. ആസ്‌ത്രേലിയന്‍ മൈക് ഹസി, കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവരുടെ സാന്നിധ്യം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ഏറെ കരുത്തുറ്റതാക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മോശം പ്രകടനം തന്നെ അമ്പരപ്പിക്കുന്നു. അവര്‍ക്ക് വേണ്ടി ബെറ്റ് വെച്ച് വിഡ്ഢിയാകുമായിരുന്നു ഞാന്‍. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മോശം ഫോമിന് കാരണം തന്റെ പിന്‍മാറ്റമാണെന്നത് ശരിയല്ല. അവര്‍ക്ക് വീരു(സെവാഗ്)വിനെ തുടക്കത്തിലെ മത്സരങ്ങളില്‍ ലഭിച്ചില്ലെന്നതും മോര്‍നി മോര്‍ക്കല്‍, വാന്‍ ഡെര്‍ മെര്‍വ് എന്നിവര്‍ ആഭ്യന്തര ക്രിക്കറ്റിന് വേണ്ടി വിട്ടുനില്‍ക്കുന്നതും തിരിച്ചടിയായിട്ടുണ്ട്- കെപി പറഞ്ഞു.
ഡല്‍ഹി ഡെയര്‍ഡെവിള്‍സിലെ താരങ്ങളെ കുറിച്ച് പീറ്റേഴ്‌സന് നല്ല അഭിപ്രായം മാത്രം. ഉമേഷ് യാദവിനും ഇര്‍ഫാന്‍ പത്താനും ചാമ്പ്യന്‍സ് ട്രോഫിയില്‍ തിളങ്ങാന്‍ സാധിക്കും. മികച്ച രീതിയില്‍ സ്ലോവര്‍ ഡെലിവറി എറിയുന്ന ഉമേഷ് യാദവിന് നിയന്ത്രിത ഓവര്‍ മത്സരങ്ങള്‍ സ്വന്തം നിലക്ക് വിജയിപ്പിക്കാനുള്ള മിടുക്കുണ്ട്-കെപി വിലയിരുത്തി.
ആഷസ് പരമ്പരക്ക് മുന്നോടിയായി ആരോഗ്യം വീണ്ടെടുക്കാമെന്ന പ്രതീക്ഷയിലാണ് പീറ്റേഴ്‌സന്‍. ഐ പി എല്ലിന് പിന്നാലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇംഗ്ലണ്ട് താരം പങ്കെടുക്കില്ല.

Latest