Connect with us

Sports

ചെല്‍സി-ബെനഫിക്ക ഫൈനല്‍

Published

|

Last Updated

ലണ്ടന്‍: ഈ മാസം 15ന് ആംസ്റ്റര്‍ഡമില്‍ നടക്കുന്ന യൂറോപ ലീഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ചെല്‍സി-ബെനഫിക്ക പോരാട്ടം. ഹോംഗ്രൗണ്ടിലെ രണ്ടാംപാദ സെമിഫൈനലില്‍ ചെല്‍സി 3-1ന് എഫ് സി ബാസലിനെ കീഴടക്കിയതോടെ ഇരുപാദ സ്‌കോര്‍ 5-2. റാഫേല്‍ ബെനിറ്റസിന്റെ പരിശീലക മികവില്‍ ചെല്‍സിയുടെ ഫൈനല്‍ പ്രവേശം ആധികാരികമായിരുന്നെങ്കില്‍ ബെനഫിക്ക-ഫെനര്‍ബഷെ പോരാട്ടം ഇഞ്ചോടിഞ്ച് ആവേശം വിതറി. ആദ്യ പാദസെമി ഹോംഗ്രൗണ്ടില്‍ തുര്‍ക്കി ക്ലബ്ബ് ഫെനര്‍ബഷെ ഏകഗോളിന് ജയിച്ചപ്പോള്‍, സ്വന്തം തട്ടകത്തില്‍ നടന്ന രണ്ടാം പാദത്തില്‍ പോര്‍ച്ചുഗല്‍ ടീം ബെനഫിക്ക 3-1ന് കണക്ക് തീര്‍ത്തു. ഇരുപാദ സ്‌കോര്‍ 3-2. നിര്‍ണായകമായ എവേ ഗോള്‍ നേടിയ ഫെനര്‍ബഷെക്ക് സാധ്യതകളുണ്ടായിരുന്നു. ഇരട്ടഗോളുകള്‍ നേടിയ പരാഗ്വെന്‍ സ്‌ട്രൈക്കര്‍ കര്‍ഡോസോയാണ് ബെനഫിക്കക്ക് ആവേശജയം സമ്മാനിച്ചത്.

ഹോംഗ്രൗണ്ടില്‍ ചെല്‍സിയുടെ മൂന്ന് ഗോളുകളും രണ്ടാം പകുതിയില്‍ ഒമ്പത് മിനുട്ടുകള്‍ക്കിടയിലായിരുന്നു. അമ്പതാം മിനുട്ടില്‍ സ്പാനിഷ് സ്‌ട്രൈക്കര്‍ ഫെര്‍നാണ്ടോ ടോറസാണ് തുടക്കമിട്ടത്. രണ്ട് മിനുട്ടിനുള്ളില്‍ വിക്ടര്‍ മോസസ് ലീഡുയര്‍ത്തി. ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ഡേവിഡ് ലൂയിസിന്റെ തകര്‍പ്പന്‍ ഗോളിലാണ് ചെല്‍സി സ്‌കോറിംഗ് പൂര്‍ത്തിയാക്കിയത്. ആദ്യപകുതിയിലെ ഇഞ്ച്വറി ടൈമില്‍ മുഹമ്മദ് സാലയുടെ ഗോളില്‍ എഫ് സി ബാസലാണ് ആദ്യം മുന്നിലെത്തിയത്. ഇതോടെ, ഇരുപാദ സ്‌കോര്‍ 2-2ന് തുല്യം. അപ്പോഴും രണ്ട് ഗോളിന്റെ എവേ ആനുകൂല്യം ചെല്‍സിക്കായിരുന്നു. ലണ്ടനിലെ സ്റ്റാംഫോം ബ്രിജില്‍ അട്ടിമറി സൃഷ്ടിക്കാനാണ് സ്വിസ് ടീം രണ്ടാം പകുതിക്കിറങ്ങിയത്. എന്നാല്‍, തുടരെ വല കുലുക്കി നീലപ്പട ഗര്‍ജിച്ചു.
എട്ടാം മിനുട്ടില്‍ ഫ്രാങ്ക് ലംപാര്‍ഡിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഗോളായിരുന്നെങ്കില്‍ ബോബി ടാംബ്ലിംഗിന്റെ 202 ഗോളുകള്‍ എന്ന ചെല്‍സി റെക്കോര്‍ഡിനൊപ്പമെത്താന്‍ ലംപാര്‍ഡിന് സാധിക്കുമായിരുന്നു. ബ്രസീലിയന്‍ താരം ഡേവിഡ് ലൂയിസ് 25 മീറ്റര്‍ അകലെ വെച്ച് നേടിയ ലോംഗ് റേഞ്ച് ഗോളാണ് ചെല്‍സി ആരാധകരെ ഇളക്കിമറിച്ചത്.
എഫ് സി ബാസലിന്റെ ഗ്രൗണ്ടില്‍ തൊണ്ണൂറ്റിനാലാം മിനുട്ടില്‍ ലൂയിസ് ഇതുപോലൊരു ലോംഗ് റേഞ്ചര്‍ ഗോള്‍ ഫ്രീകിക്കിലൂടെ നേടിയിരുന്നു. ബെനഫിക്കയുടെ മുന്‍താരമായ ഡേവിഡ് ലൂയിസിന്റെ തകര്‍പ്പന്‍ ഫോം ചെല്‍സിയുടെ യൂറോപ്യന്‍ കുതിപ്പിന് കരുത്തേകുന്നു. മുന്‍ ക്ലബ്ബിനെതിരെ ഫൈനല്‍ കളിക്കാനിറങ്ങുന്ന ലൂയിസ് ഇതിനകം ശ്രദ്ധ പിടിച്ചുകഴിഞ്ഞു.
ചെല്‍സിയുടെ ഫൈനല്‍പ്രവേശം ആവേശം കൊള്ളിക്കുന്നു. കളിക്കാരില്‍ വിശ്വാസമര്‍പ്പിച്ചു കൊണ്ട് തുടങ്ങുകയായിരുന്നു. അവരുടെ കഠിനാധ്വാനം തന്നെയാണ് ഈ നേട്ടത്തിന് കാരണം. ബെനഫിക്ക മികച്ച ടീമാണ്. അവര്‍ക്കെതിരെ ജയം നേടാന്‍ കഠിനാധ്വാനം തുടരേണ്ടതുണ്ട്- ബെനിറ്റസ് പറഞ്ഞു.
മത്സരത്തില്‍ ചെല്‍സിയുടെ കുതിപ്പിന് കാണികള്‍ ആരവം മുഴക്കിയത് മുന്‍ കോച്ച് ജോസ് മൗറിഞ്ഞോയുടെ ബാനറേന്തിയിട്ടായിരുന്നു. മൗറിഞ്ഞോ ചെല്‍സി കോച്ചായി തിരിച്ചെത്തുമെന്ന അഭ്യൂഹം ശക്തമായ സാഹചര്യത്തിലാണിത്. മൗറിഞ്ഞോ വിഷയത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ബെനിറ്റസ് ഒഴിഞ്ഞുമാറി. ഞാന്‍ തികച്ചും പ്രൊഫഷണലാണ്. എന്നെ ഏല്‍പ്പിച്ച ജോലി ഭംഗിയാക്കുന്നതിലാണ് ശ്രദ്ധ. മൗറിഞ്ഞോ വരുന്നുണ്ടോ എന്നത് എന്റെ ജോലിയുടെ ഭാഗമല്ല – ബെനിറ്റസ് പറഞ്ഞു.
ബാസലിന്റെ സെമിവരെയുള്ള കുതിപ്പ് ക്ലബ്ബ് അനുകൂലികളെ ആവേശത്തിലാക്കി. ചെല്‍സിയോട് തോറ്റെങ്കിലും അവര്‍ തങ്ങളുടെ ക്ലബ്ബിന്റെ ഐതിഹാസിക പ്രകടനത്തെ വാഴ്ത്തിക്കൊണ്ടാണ് ഗ്രൗണ്ട് വിട്ടത്. ആദ്യ പകുതിയില്‍ തന്റെ ടീമായിരുന്നു മികച്ചത്. രണ്ടാം പകുതിയില്‍ പാളിച്ച സംഭവിച്ചു- ബാസല്‍ കോച്ച് മുറാത് യാകിന്‍ പറഞ്ഞു.
തുര്‍ക്കിയില്‍ നടന്ന ആദ്യപാദം 1-0ന് ജയിച്ച ഫെനര്‍ബഷെ വലിയ പ്രതീക്ഷയോടെയാണ് എവേ മത്സരത്തിനെത്തിയത്. ഒമ്പതാം മിനുട്ടില്‍ നികോളാസ് ഗെയ്താന്റെ ഗോളില്‍ ബെനഫിക്ക സമനില നേടിയതോടെ കഥ മാറി. ഇരുപത്തൊമ്പതാം മിനുട്ടില്‍ ഡച്ച് താരം ഡിര്‍ക് ക്യുയിറ്റ് പെനാല്‍റ്റി ഗോളിലൂടെ ഫെനര്‍ബഷെയെ വീണ്ടും മുന്നിലെത്തിച്ചു. ബെനഫിക്കയുടെ തിരിച്ചുവരവ് ആറ് മിനുട്ടിനുള്ളില്‍. പരാഗ്വെന്‍ സ്‌ട്രൈക്കര്‍ ഓസ്‌കര്‍ കര്‍ഡോസോയുടെ ഗോളില്‍ 2-2. അറുപത്താറാം മിനുട്ടില്‍ കര്‍ഡോസോയുടെ വിജയഗോളില്‍ ബെനഫിക്ക 3-2ന് മുന്നില്‍. സീസണില്‍ പരാഗ്വെന്‍ സ്‌ട്രൈക്കറുടെ മുപ്പതാം ഗോള്‍. തിരിച്ചുവരവിനുള്ള തുര്‍ക്കി ക്ലബ്ബിന്റെ ശ്രമങ്ങള്‍ അടച്ച് പോര്‍ച്ചുഗീസ് ടീം ഫൈനല്‍ ടിക്കറ്റെടുത്തു. 1990ന് ശേഷം ബെനഫിക്കയുടെ ആദ്യ യൂറോപ്യന്‍ ഫൈനലാണ് മെയ് 15ന് ചെല്‍സിക്കെതിരെ.
ജര്‍മനിയില്‍ ഇന്ന് ബയേണ്‍-ബെറൂസിയ
മ്യൂണിക്ക്: യുവേഫ ചാമ്പ്യന്‍സ് ലീഗിലെ ആള്‍ ജര്‍മന്‍ ഫൈനലിന്റെ റിഹേഴ്‌സല്‍ ഇന്ന് നടക്കും. ജര്‍മന്‍ ബുണ്ടസ് ലീഗിയില്‍ ഇന്ന് ബയേണ്‍ മ്യൂണിക്കും ബൊറുസിയ ഡോട്മുണ്ടും നേര്‍ക്കുനേര്‍. സ്പാനിഷ്, ഇംഗ്ലീഷ് ലീഗുകളില്‍ നിന്ന് ഫുട്‌ബോള്‍ലോകത്തിന്റെ ശ്രദ്ധ ജര്‍മനിയിലേക്ക് പതിക്കുവാന്‍ കാരണക്കാരായവര്‍ തോല്‍വി ഒഴിവാക്കാന്‍ ശ്രമിക്കും. കാരണം, ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മാനസിക ആധിപത്യം നേടുക ബയേണിനും ബൊറുസിയക്കും പരമപ്രധാനമാണ്. ബുണ്ടസ് ലീഗ കിരീടം സ്വന്തമാക്കിയ ബയേണ്‍ മികച്ച നിരയെ തന്നെ ഇറക്കും. അതേ സമയം ഫ്രാങ്ക് റിബറി, ആര്യന്‍ റോബന്‍, മരിയോ മാന്‍ഡുകിച് എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ന്യുവര്‍ ഗോള്‍ വല കാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഫിലിപ് ലാം, ബ്യുയ്റ്റന്‍, ഡാന്റെ, അലാബ ഡിഫന്‍സിലുണ്ടാകും. മാര്‍ട്ടിനെസ്, ഷ്വെന്‍സ്റ്റിഗര്‍, തോമസ് മുള്ളര്‍, പിസാറോ, ഷാഖിരി, മരിയോ ഗോമസ് ചേരുന്ന മധ്യ-മുന്നേറ്റ നിരയാകും ബയേണ്‍ മ്യൂണിക്കിന്റെത്. ബൊറുസിയയുടെ വല കാക്കുക വീഡെന്‍ഫെല്ലറായിരിക്കും. റ്യൂറ്റ്‌സ്, സന്റാന, ഹമ്മല്‍സ്, ഷ്‌മെല്‍സര്‍ പ്രതിരോധത്തില്‍. കെഹല്‍, സാഹിന്‍, ഹോഫ്മാന്‍, ഗുന്‍ഡോഗന്‍, റ്യൂസ്, ഷീബര്‍ എന്നിങ്ങനെയാണ് മധ്യ-മുന്നേറ്റ നിര. നീണ്ട കാത്തിരിപ്പിന് ശേഷം റൈറ്റ് വിംഗര്‍ ജോനസ് ഹോഫ്മാന് ആദ്യ ലൈനപ്പില്‍ ഇടം കിട്ടിയപ്പോള്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിക്ക് പകരം ജൂലിയന്‍ ഷീബറിനെ കോച്ച് യുര്‍ഗന്‍ ക്ലോപ് പരീക്ഷിക്കും.
ബയേണിനെതിരെ അവസാനം കളിച്ച അഞ്ച് ബുണ്ടസ് ലിഗ മത്സരങ്ങളിലും ബൊറൂസിയ തോല്‍വിയറിഞ്ഞിട്ടില്ല. തുടരെ നാല് മത്സരങ്ങള്‍ ജയിച്ച ബൊറൂസിയ ഡിസംബറില്‍ അവസാനമായി കണ്ടുമുട്ടിയപ്പോള്‍ 1-1ന് സമനില വഴങ്ങി. ഇരു ക്ലബ്ബുകളും തമ്മിലുള്ള നൂറാം മത്സരമാണിത്. 45 ജയങ്ങളുമായി ബയേണിനാണ് മുന്‍തൂക്കം. 25 മത്സരം ബൊറൂസിയ ജയിച്ചപ്പോള്‍ 29 മത്സരം സമനില. നടപ്പ് സീസണില്‍ ബയേണ്-ബൊറൂസിയ മൂന്ന് മത്സരങ്ങള്‍ നടന്നു. രണ്ടെണ്ണം ജയിച്ച ബയേണ്‍ തോല്‍വിയറിഞ്ഞിട്ടില്ല.

ഫുട്‌ബോള്‍ ലൈവ്
ടോട്ടനം – സതംപ്ടന്‍ (രാത്രി 7.30)
സ്വാന്‍സിയ-മാഞ്ചസ്റ്റര്‍ സിറ്റി (രാത്രി 7.30)
സ്റ്റാര്‍സ്‌പോര്‍ട്‌സ്
ക്യൂന്‍സ് പാര്‍ക്-ആഴ്‌സണല്‍ (രാത്രി 10.00) ഇ എസ് പി എന്‍ എച്ച് ഡി

Latest