കര്‍ണാടക തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിര്‍ണായകം

Posted on: May 4, 2013 5:59 am | Last updated: May 3, 2013 at 11:46 pm
SHARE

congressബംഗളൂരു: കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ്. കര്‍ണാടകയില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്താല്‍ വരാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് കൂടുതല്‍ ഉണര്‍വേകാനാകുമെന്ന് പാര്‍ട്ടി കരുതുന്നു. എങ്കിലും കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷവും നിലവില്‍ കര്‍ണാടകയിലെ ഭരണം കൈയാളുന്ന പാര്‍ട്ടിയുമായ ബി ജെ പി, 2ജി ഇടപാട്, കല്‍ക്കരി ലൈസന്‍സ് അനുവദിച്ചതിലെ അഴിമതികള്‍ എന്നിവ പ്രധാന ആയുധങ്ങളാക്കിയാണ് പ്രചാരണം നടത്തുന്നത്. അതേസമയം കോണ്‍ഗ്രസിനെ സംബന്ധിച്ച് കര്‍ണാടകയിലെ ബി ജെ പിയുടെ അഴിമതിയാണ് പ്രധാന ആയുധം. കര്‍ണാടക സര്‍ക്കാര്‍ അഴിമതിയുടെ കാര്യത്തില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി രാഹുല്‍ ഗാന്ധി പരിഹസിച്ചിരുന്നു.

അനധികൃത ഇരുമ്പ് ഖനനവുമായി ബന്ധപ്പെട്ട അഴിമതി വിവാദം കര്‍ണാടകയില്‍ വന്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിവെച്ചിരുന്നു. അഞ്ച് വര്‍ഷത്തിനിടെ മൂന്ന് മുഖ്യമന്ത്രിമാരാണ് അവിടെ അധികാരത്തിലെത്തിയത്. അഴിമതിയില്‍ ആണ്ടുമുങ്ങി നില്‍ക്കുന്ന ബി ജെ പിയെ പുറത്താക്കി കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പാര്‍ട്ടിക്ക് അതൊരു ഉണര്‍വാകുമെന്ന് കോണ്‍ഗ്രസ് വക്താവ് രാജീവ് ഗൗഡ പറയുന്നു. എങ്കിലും പ്രാദേശിക പാര്‍ട്ടികള്‍ വോട്ട് പിടിക്കുന്നത് ദോഷം ചെയ്യുമെന്ന് അദ്ദേഹം പറയുന്നു.
ബി ജെ പി വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത കുറവാണെന്ന് രാഷ്ട്രീയ വിദഗ്ധന്‍ സന്ദീപ് ശാസ്ത്രി നിരീക്ഷിക്കുന്നു. ദക്ഷിണേന്ത്യയില്‍ ആദ്യമായി ലഭിച്ച ഭരണമായിട്ടും അവര്‍ ക്ഷീണിതാവസ്ഥയിലാണ്. അവര്‍ സ്വയം പുറത്തേക്കുള്ള വഴി കണ്ടെത്തുമെന്നും സന്ദീപ് വ്യക്തമാക്കി.