Connect with us

Malappuram

കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു

Published

|

Last Updated

മലപ്പുറം:കാര്‍ഷിക മേഖലയില്‍ തൊഴിലാളികളുടെ ലഭ്യത, നടീല്‍ വസ്തുക്കള്‍, വളങ്ങള്‍, ജൈവ,രാസ കീടനാശിനികള്‍ തുടങ്ങിയവ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് വേണ്ടി കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ച കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു.

കഴിഞ്ഞ സെപ്തംബറില്‍ കൃഷിവകുപ്പ് തുടക്കം കുറിച്ച പദ്ധതി വന്‍ വിജയമായതിനാലാണ് കൃഷി വകുപ്പ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. സാങ്കേതിക വിജ്ഞാന വ്യാപനം, തൊഴിലാളി ക്ഷാമം പരിഹരിക്കുന്നതിന് കാര്‍ഷിക യന്ത്രവത്കരണം നടപ്പാക്കല്‍, യുവാക്കള്‍ക്ക് കൃഷിയോടുള്ള താത്പര്യം വര്‍ധിപ്പിക്കാന്‍ വിവിധ പരിപാടികള്‍ ആവിഷ്‌കരിക്കല്‍ എന്നിവയാണ് കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ വഴി കൃഷിവകുപ്പ് ലക്ഷ്യമിട്ടിരുന്നത്.
കൂടാതെ സഞ്ചരിക്കുന്ന ഫാം ക്ലിനിക്കുകളിലൂടെ മണ്ണ്, രോഗങ്ങള്‍ എന്നിവ പരിശോധിച്ച് പ്രശ്‌ന പരിഹാര നിര്‍ദേശങ്ങള്‍, കാലാവസ്ഥാ സംബന്ധമായ വിവരങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ കൈകാര്യം ചെയ്യല്‍, കൃഷി ഭവനുകള്‍ മുഖേന നടപ്പിലാക്കുന്ന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയും സേവന കേന്ദ്രങ്ങളിലൂടെ ലഭ്യമാക്കുന്നുണ്ട്.
സേവന കേന്ദ്രങ്ങള്‍ വഴി രൂപവത്കരിച്ച ഒട്ടുമിക്ക കൃഷി സംഘങ്ങളിലും യുവാക്കളാണ് കൂടുതലായും അംഗങ്ങളായിട്ടുള്ളത്. ഇതാണ് കൃഷി വകുപ്പിനെ കൂടുതല്‍ സെന്ററുകള്‍ തുടങ്ങാന്‍ പ്രേരിപ്പിച്ചത്. ചാരിറ്റബിള്‍ സൊസൈറ്റീസ് ആക്ട് അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത സംഘങ്ങളായിട്ടാണ് അഗ്രോ സര്‍വീസ് സെന്ററുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുപോരുന്നത്. ഈ കേന്ദ്രങ്ങളുടെ മേല്‍നോട്ടത്തില്‍ തൊഴില്‍ സേനയും രൂപവത്കരിച്ചിരുന്നു.
തൊഴില്‍ സേനയുടെ പ്രവര്‍ത്തനം തൊഴിലാളികളെ ലഭിക്കാതെ കഷ്ടപ്പെട്ടിരുന്ന പരമ്പര്യ കര്‍ഷകര്‍ക്ക് തുണയാകുകയായിരുന്നു. ഓരോ അഗ്രോ സര്‍വീസ് സെന്ററിലും 15 പേര്‍ക്ക് കാര്‍ഷിക സര്‍വകലാശാലയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാര്‍ പരിശീലനവും നല്‍കിയിരുന്നു. ആദ്യഘട്ടത്തില്‍ സേവന കേന്ദ്രങ്ങളുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യന്ത്ര സാമഗ്രികള്‍, പ്രവര്‍ത്തന ഫണ്ട് എന്നിവയും ലഭ്യമാക്കിയിരുന്നു. തുടക്കത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുത്ത 35 ബ്ലോക്കുകളില്‍ നടപ്പിലാക്കിയ പദ്ധതിക്ക് കൃഷി വകുപ്പ് 120 ലക്ഷം രൂപയാണ് വകയിരുത്തിയത്.
കൂടാതെ എല്ലാ ജില്ലകളിലും മോഡല്‍ കാര്‍ഷിക സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എ ആര്‍ എസ് മണ്ണുത്തി ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധരുടെ മേല്‍നോട്ടത്തിലാണ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്.
മൊത്തം ചെലവിന്റെ അമ്പത് ശതമാനം മുതല്‍ മുടക്കില്‍ അഗ്രോ സര്‍വീസ് സെന്ററുകള്‍ തുടങ്ങുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവക്കാണ് അനുമതി നല്‍കിയിരുന്നത്. ഇത്തരം സംഘങ്ങള്‍ക്ക് തന്നെ കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള സഹായം നല്‍കാനാണ് കൃഷി വകുപ്പിന്റെ നീക്കം.

Latest