ഒമാനില്‍ മഴക്കെടുതികളില്‍ മരണം 11

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 11:13 pm
SHARE

മസ്‌കത്ത്: ഒമാനില്‍ പത്ത് ദിവസത്തിലേറെയായി തുടരുന്ന മഴക്കെടുതികളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരിച്ചവരില്‍ ഒമ്പത് പേര്‍ രാജ്യത്തെ പൗരന്മാരും രണ്ട് പേര്‍ വിദേശികളുമാണ്. റോയല്‍ ഒമാന്‍ പോലീസിന്റെയും മറ്റ് ഏജന്‍സികളുടെയും കണക്ക് പ്രകാരമാണിത്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയായിട്ടും തുടരുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. ഒമാന്‍ മേഖലയിലെ ന്യൂനമര്‍ദ്ദമാണ് കനത്ത മഴക്ക് കാരണം.

പതിനായിരക്കണക്കിന് റിയാലിന്റെ നാശനഷ്ടമാണുണ്ടായത്. മിക്ക ഗവര്‍ണറേറ്റുകളിലും ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. രാജ്യത്തെ ഡാമുകളെല്ലാം നിറഞ്ഞിട്ടുണ്ട്. നൂറുകണക്കിന് കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഇന്നലെ മഴ അല്‍പം മാറി നിന്നെങ്കിലും ജന ജീവിതം സാധാരണ നിലയിലേക്കെത്തിയിട്ടില്ല. പലയിടത്തും തകര്‍ന്ന വൈദ്യുതി വാര്‍ത്താ വിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിച്ചു വരുന്നതേയുള്ളൂ. റോയല്‍ ആംഡ് ഫോഴ്‌സ്, പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ്, റോയല്‍ ഒമാന്‍ പോലീസ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തന രംഗത്തുള്ളത്. ദുരിത ബാധിത പ്രദേശങ്ങള്‍ ഉന്നതതല സംഘം സന്ദര്‍ശിച്ചു. യുദ്ധകാലടിസ്ഥാനത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മഴ തുടരുമെന്ന മുന്നറിയിപ്പ് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here