Connect with us

International

സിറിയയില്‍ ഏറ്റുമുട്ടല്‍ ഗ്രാമങ്ങളിലേക്കും; നൂറ് കണക്കിന് പേര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

ദമസ്‌കസ്: സിറിയയില്‍ വിമതരുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ഗ്രാമപ്രദേശങ്ങളിലേക്ക് വ്യാപിച്ചു. തീരദേശ ഗ്രാമമായ അല്‍ ബൈദയില്‍ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകള്‍ കൊല്ലപ്പെട്ടതായി പ്രതിപക്ഷ വക്താക്കള്‍ ആരോപിച്ചു. എന്നാല്‍ ഏറ്റുമുട്ടലിനെ കുറിച്ച് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.

അല്‍ ബൈദയടക്കമുള്ള പത്തോളം ഗ്രാമ പ്രദേശങ്ങളില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. സര്‍ക്കാറിനെ അനൂകൂലിക്കുന്ന സായുധ സംഘമായ ശബിഹയും വിമത സൈന്യവും തമ്മില്‍ പലയിടത്തും ഏറ്റുമുട്ടിയിട്ടുണ്ട്. ഗ്രാമ പ്രദേശങ്ങളിലെ വിമത കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ച് സൈന്യം വ്യോമാക്രമണം നടത്തിയതായും ഇത് അമ്പതോളം സാധരണക്കാരുടെ മരണത്തിനിടയാക്കിയതായും ബ്രിട്ടിന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ അറിയിച്ചു.
എന്നാല്‍ സൈനികര്‍ക്ക് നേരെ വിമത തീവ്രവാദികള്‍ വ്യാപകമായി ആക്രമണം നടത്തുകയാണെന്നും നിരവധി സൈനികര്‍ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സിറിയന്‍ വാര്‍ത്താ ഏജന്‍സി സന റിപ്പോര്‍ട്ട് ചെയ്തു. പ്രക്ഷോഭം രൂക്ഷമായിരുന്ന തലസ്ഥാനമായ ദമസ്‌കസിലെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് വിമതരെ സൈന്യം തുരത്തിയിട്ടുണ്ടെന്ന് സന റിപ്പോര്‍ട്ട് ചെയ്തു.
അതിനിടെ, സിറിയന്‍ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് യു എസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, ചൈന എന്നി രാജ്യങ്ങളിലെ പ്രതിനിധികളുമായി യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ചര്‍ച്ച നടത്തി. സിറിയന്‍ വിഷയത്തിലെ പ്രശ്‌ന പരിഹാരത്തിനായി യു എന്‍ നിയോഗിച്ച പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമി സ്ഥാനമൊഴിയാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അടിയന്തര യോഗം നടത്തിയത്.

Latest