തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ജനറേറ്ററും സി ടി സ്‌കാനറും സ്ഥാപിക്കും

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:58 pm
SHARE

VS SHIVA KUMAR1മലപ്പുറം: തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ജനറേറ്ററും സി ടി സ്‌കാനറും സ്ഥാപിക്കുമെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാര്‍. ആരോഗ്യ അദാലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയര്‍ത്തുമെന്നും ഇതിനാവശ്യമായ ഫണ്ട് ഉടന്‍ അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു. അത്യാഹിത വിഭാഗത്തിന് 29.2 ലക്ഷവും സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്കിന് 4.2 കോടിയും അനുവദിക്കും.

ജനസംഖ്യാനുപാതികമായി ജില്ലയില്‍ കൂടുതല്‍ സബ് സെന്ററുകള്‍ അനുവദിക്കുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടും. നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ അനുവദിച്ച 38 ജീവനക്കാരുടെ പോസ്റ്റില്‍ ഉടന്‍ നിയമനം നടത്തും. കൊണ്ടോട്ടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക്ക് ആശുപത്രിയാക്കി ഉയര്‍ത്തും. കുറ്റിപ്പുറം ഗവ. ആശുപത്രിയില്‍ ട്രോമോ കെയര്‍ യൂനിറ്റ് ആരംഭിക്കും. ആദിവാസി മേഖലകളില്‍ മൊബൈല്‍ മെഡിക്കല്‍ യൂനിറ്റിന് വാഹനം ലഭ്യമാക്കും. പൊന്നാനി താലൂക്ക് ആശുപത്രിയില്‍ അള്‍ട്രാ സൗണ്ട് സ്‌കാനര്‍ സ്ഥാപിക്കും. വണ്ടൂര്‍ കാന്‍സര്‍ ട്രീറ്റ്‌മെന്റ് സെന്ററിന് സ്ഥലം ലഭ്യമായിട്ടുണ്ട്. തുടര്‍ നടപടികള്‍ക്കായി മന്ത്രി എ പി അനില്‍കുമാറുമായി ബന്ധപ്പെടും. പോരൂര്‍ ഗവ. ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കും. വണ്ടൂര്‍ ആശുപത്രിയില്‍ കുട്ടികളുടെ തീവ്ര പരിചണ വിഭാഗം ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. പ്രൈമറി ഹെല്‍ത്ത് സെന്ററുകളില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുക്കും.
ആരോഗ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എം എല്‍ എമാര്‍ അധ്യക്ഷന്‍മാരായി നിയോജക മണ്ഡലതലത്തില്‍ മോണിറ്ററിംഗ് കമ്മിറ്റി രൂപവത്കരിക്കണമെന്ന ആവശ്യം പരിശോധിക്കും. കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളില്‍ സ്‌പെഷലിസ്റ്റ് ഡോക്റ്റര്‍മാരുടെ സാന്നിധ്യം ആവശ്യമാണെങ്കില്‍ നിയമിക്കുന്ന കാര്യം പരിഗണിക്കും. സംസ്ഥാന ആരോഗ്യ നയത്തിന്റെ കരട് തയ്യാറാക്കിയിട്ടുണ്ട്. 22ന് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ആരോഗ്യ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.