ജില്ലയില്‍ സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി അവതാളത്തില്‍

Posted on: May 4, 2013 6:00 am | Last updated: May 3, 2013 at 10:55 pm
SHARE

താനൂര്‍: ജില്ലയില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതി പാളുന്നു. സ്വകാര്യ കമ്പനിയുടെ കെടുകാര്യസ്ഥത മൂലം സ്മാര്‍ട്ട് കാര്‍ഡ് വിതരണം വൈകുന്നതാണ് ഗുണഭോക്താക്കളെ ദുരിതത്തിലാക്കുന്നത്. ഇതുമൂലം നിര്‍ധനരായ രോഗികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് പരിരക്ഷ നഷ്ടമാകുന്ന സ്ഥിതിയാണ് നിലനില്‍ക്കുന്നത്.

പ്രീമിയം തുക കൈപ്പറ്റുകയും ഗുണഭോക്താക്കള്‍ക്ക് നഷ്ടപരിഹാര തുക നല്‍കാതിരിക്കുകയും വഴി റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനി കോടികള്‍ വെട്ടിക്കുന്നതായാണ് ആക്ഷേപമുയരുന്നത്. സംസ്ഥാനത്ത് സമഗ്ര ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ കരാര്‍ നല്‍കിയിരിക്കുന്നത് റിലയന്‍സ് ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്പനിക്കാണ്.
ഏപ്രില്‍ ഒന്നുമുതല്‍ സര്‍ക്കാര്‍ പ്രീമിയം തുക അടക്കുന്നുണ്ടെന്നാണ് ലഭ്യമായ വിവരം. 738 രൂപ നിരക്കിലാണ് സര്‍ക്കാര്‍ റിലയന്‍സിന് ഏപ്രില്‍ ഒന്നുമുതല്‍ പ്രീമിയം നല്‍കുന്നത്. ജില്ലാ ആശുപത്രി കേന്ദ്രങ്ങളില്‍ കാര്‍ഡ് വിതരണം നടക്കുന്നുണ്ടെങ്കിലും വേണ്ടത്ര പരസ്യങ്ങളൊന്നും നല്‍കാന്‍ കമ്പനി തയ്യാറായിട്ടില്ല. എന്നാല്‍ മാര്‍ച്ച് 31നകം ഗുണഭോക്താക്കള്‍ക്ക് നല്‍കേണ്ടിയിരുന്ന സ്മാര്‍ട്ട് കാര്‍ഡ് വിതരണം കമ്പനി ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ല. ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്നും പ്രീമിയം തുക കൈപ്പറ്റുകയും രോഗികള്‍ക്കുള്ള ഇന്‍ഷ്വറന്‍സ് തുക നല്‍കാതിരിക്കുകയും ചെയ്യുന്നതിലൂടെ കമ്പനി പകല്‍ക്കൊള്ള നടത്തുകയാണെന്നാണ് വ്യാപക ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
എന്നാല്‍ മെയ് മാസം പൂര്‍ത്തിയാകുന്നതോട് കൂടി മാത്രമേ സ്മാര്‍ട്ട് കാര്‍ഡ് വിതരണം പൂര്‍ത്തിയാകുകയുള്ളു എന്നാണ് റിലയന്‍സ് അധികൃതര്‍ അവകാശപ്പെടുന്നത്. സ്മാര്‍ട്ട് കാര്‍ഡിന്റെ വിതരണം വൈകിയതിലൂടെ ഗുണഭോക്താക്കള്‍ പഞ്ചായത്ത് ഓഫീസുകളിലും അക്ഷയ കേന്ദ്രങ്ങളിലും കയറിയിറങ്ങുകയാണ്. സ്മാര്‍ട്ട് കാര്‍ഡ് വിതരണം സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കോടികളുടെ ലാഭമാണ് കമ്പനി കൈക്കലാക്കുന്നത്. അതേസമയം നിര്‍ധനരായ മാറാരോഗികള്‍ക്ക് ഏറെ പ്രയോജനം ചെയ്തിരുന്ന പദ്ധതി സ്വകാര്യ കമ്പനിക്ക് നല്‍കിയതില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്. വിവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന തീരമേഖലയിലുള്ളവര്‍ അക്ഷയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത സ്ലിപ്പുമായി വിവിധ ഓഫീസുകള്‍ കയറിയിറങ്ങുന്ന കാഴ്ച ആരെയും വേദനിപ്പിക്കുന്നതാണ്.