Connect with us

Wayanad

ഡോ.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ വയനാട് സംരക്ഷണ സമിതി പ്രക്ഷോഭം ശക്തമാക്കും

Published

|

Last Updated

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിന്റെ മറപിടിച്ച് വയനാട്ടിലെ ജനജീവിതം തന്നെ സ്തംഭിപ്പിക്കാനുള്ള നീക്കം ജനകീയ പ്രക്ഷോഭത്തിലൂടെ ചെറുക്കാന്‍ വയനാട് സംരക്ഷണ സമിതി യോഗം തീരുമാനിച്ചു.

പരിസ്ഥിതി സംവേദക മേഖലയും അതീവ പരിസ്ഥിതിലോല പ്രദേശവും പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ തീരുമാനം അറിയിക്കേണ്ടത് ഈ മാസം 31ന് മുന്‍പാണ്. പ്രഫ മാധവ് ഗാഡ്ഗില്‍ ശുപാര്‍ശ നടപ്പാക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ കസ്തൂരിരംഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കേന്ദ്ര വനം-പരിസ്ഥിതി മാന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഈ റിപ്പോര്‍ട്ടില്‍ വയനാട്ടിലെ 13 വില്ലേജുകളാണ് അതീവ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. നൂല്‍പ്പുഴ പഞ്ചായത്ത് പൂര്‍ണമായും ഉള്‍പ്പെടുന്ന നൂല്‍പ്പുഴ വില്ലേജും തിരുനെല്ലി പഞ്ചായത്ത് ഉള്‍ക്കൊള്ളുന്ന തിരുനെല്ലി, തൃശിലേരി വില്ലേജുകളും തൊണ്ടര്‍നാട് പഞ്ചായത്ത് പരിധി ഏറെക്കുറെ ഉള്‍ക്കൊള്ളുന്ന തൊണ്ടര്‍നാട് വില്ലേജും തവിഞ്ഞാല്‍ പഞ്ചായത്തിന്റെ സിംഹഭാഗവും വരുന്ന പേര്യ വില്ലേജുമൊക്കെ അതീവ പരിസ്ഥിതിലോല പ്രദേശങ്ങളാണ്.
ഇവിടങ്ങളിലെ ജനജീവിതം തീര്‍ത്തും ദുസഹമാക്കിക്കൊണ്ട് പാരിസ്ഥിതി ലോല പ്രദേശ പ്രഖ്യാപനം പാടില്ലെന്ന് വയനാട് സംരക്ഷണ സമിതി യോഗം വിലയിരുത്തി. നിലവിലെ ജനവാസ കേന്ദ്രങ്ങളില്‍ പുതുതായി ഒരുതരത്തിലുള്ള നിയന്ത്രണങ്ങളും പാടില്ല. പരിസ്ഥിതി സംരക്ഷണത്തിന് നിലവിലുള്ള നിയമങ്ങള്‍ തന്നെ പാലിച്ചാല്‍ മതിയെന്നിരിക്കെ പുതുതായി 13 വില്ലേജുകളെ പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കുന്നത് ഒരു ടെസ്റ്റ്‌ഡോസ് മാത്രമാവും. പടിപടിയായി വയനാടിനെ മൊത്തം പ്രോഫ മാധവ് ഗാഡ്ഗില്‍ ശുപാര്‍ശ പോലെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള നീക്കം ഉണ്ടാവുമെന്ന് സമിതി ആശങ്ക പ്രകടിപ്പിച്ചു.
വയനാടിന്റെ കാലാവസ്ഥയില്‍ പ്രകടമായ മാറ്റം വരാന്‍ ഇടയാക്കിയ തേക്ക്, യൂക്കാലിപ്റ്റസ് പ്ലാന്റേഷനുകള്‍ പൂര്‍ണമായി ഒഴിവാക്കി ഈ പ്രദേശത്ത് സ്വാഭാവിക വനങ്ങള്‍ വളരാന്‍ സാഹചര്യം ഒരുക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ ഗൗരവമായി എടുക്കിന്നില്ല. അതിനാല്‍ ഈ മാസം 18ന് കുപ്പാടി ഒന്നാം മൈല്‍ തേക്ക് തോട്ടത്തിലേക്ക് ജനകീയ മാര്‍ച്ച് നടത്തി തേക്ക് മുറിക്കല്‍ സമരത്തിന് തുടക്കം കുറിക്കാന്‍ വയനാട് സംരക്ഷണ സമിതി തീരുമാനിച്ചു. പരിസ്ഥിതിലോല പ്രദേശ നിര്‍ദേശത്തിന് എതിരെ തിരുനെല്ലി പഞ്ചായത്ത് ആസ്ഥാനമായ കാട്ടിക്കുളം മുതല്‍ നൂല്‍പ്പുഴ വരെ 72 കിലോമീറ്റര്‍ ദീരത്തില്‍ മനുഷ്യ ചങ്ങല തീര്‍ക്കാനും ചെയര്‍മാന്‍ ഫാ ടോണി കോഴിമണ്ണിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
ഈ വിഷയത്തില്‍ യോജിക്കുന്ന എല്ലാവരുമായി കൂട്ടുചേര്‍ന്നായിരിക്കും സമരം. വ്യാപാര-സാമുദായിക-മത സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, ക്ലബ്ബുകള്‍, വായനശാലകള്‍ തുടങ്ങി എല്ലാവരെയും സമരവുമായി സഹകരിപ്പിക്കും. പതിനായിരക്കണക്കില്‍ ആളുകള്‍ മനുഷ്യചങ്ങലയില്‍ കണ്ണികളാവും. ഈ മാസം 11ന് ബത്തേരി വ്യാപാരഭവനില്‍ വെച്ച് വയനാട് സംരക്ഷണ സമിതിയുടെ വിപുലമായ കണ്‍വന്‍ഷന്‍ നടത്താനും തീരുമാനിച്ചു. ജില്ലയില്‍ ഇതിനകം ഈ വിഷയത്തില്‍ ആരംഭിച്ചിട്ടുള്ള ഒറ്റപ്പെട്ട സമരങ്ങള്‍ക്ക് സമിതി പിന്‍തുണ നല്‍കും. യോഗത്തില്‍ ജനറല്‍ കണ്‍വീനര്‍ സി കെ ശശീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിജയന്‍ ചെറുകര, പി എ മുഹമ്മദ്, പി കൃഷ്ണപ്രസാദ്, പി എസ് വിശ്വംഭരന്‍, പി കെ ബാബു, മുഹമ്മദ് പഞ്ചാര തുടങ്ങിയവര്‍ പ്രസംഗിച്ചു.