ഡെസേര്‍ട്ട് പാര്‍ക്കിന് ഓമനയായി ഇനി രണ്ട് അറേബ്യന്‍ ടാര്‍ കുഞ്ഞുങ്ങള്‍ കൂടി

Posted on: May 3, 2013 9:18 pm | Last updated: May 3, 2013 at 9:18 pm
SHARE

ഷാര്‍ജ:ഡെസേര്‍ട്ട് പാര്‍ക്കിന് ഓമനയായി ഇനി രണ്ട് അറേബ്യന്‍ ടാര്‍ കുഞ്ഞുങ്ങള്‍ കൂടി. ഷാര്‍ജ ഡെസേര്‍ട്ട് പാര്‍ക്ക് ഓഫ് ദി എന്‍വയണ്‍മെന്റ് ആന്‍ നാച്വറല്‍ റിസേര്‍വി(ഡി പി ഇ എന്‍ ആര്‍ എസ്)ലാണ് അറേബ്യന്‍ ടാര്‍ രണ്ട് ഓമനകള്‍ക്ക്് ജന്മം നല്‍കിയിരിക്കുന്നത്.

ഒരു ആണ്‍ കുഞ്ഞും ഒരു പെണ്‍ കുഞ്ഞുമാണ് പിറന്നതെന്ന് പാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഹന സെയ്ഫ് അല്‍ സുവൈദി വ്യക്തമാക്കി. വംശനാശ ഭീഷണി നേരിടുന്ന മരുഭൂ ജീവജാലങ്ങളില്‍ ഉള്‍പ്പെടുന്നവയാണ് അറേബ്യന്‍ ടാറുകള്‍ എന്നറിയപ്പെടുന്ന ഈ മാനുകള്‍. 170 ദിവസത്തെ ഗര്‍ഭകാലത്തിന് ശേഷമാണ് ഓമനകള്‍ പിറന്നത്. പെണ്‍കുഞ്ഞിന് 1.9 കിലോ ഗ്രാമും ആണ്‍കുഞ്ഞിന് 1.3 കിലോഗ്രാമുമാണ് ഭാരം. 27 ഇത്തരം അപൂര്‍വ്വ മൃഗങ്ങളെ ഉദ്യാനത്തില്‍ വളര്‍ത്തുന്നതായും അവര്‍ വ്യക്തമാക്കി.
ടാറുകളുടെ വിഭാഗത്തില്‍ ഏറ്റവും വലിപ്പം കുറഞ്ഞവയാണ് അറേബ്യന്‍ ടാറുകള്‍. ആവാസവ്യവസ്ഥയുടെ നാശം, മൃഗവേട്ട എന്നിവയാലാണ് ഈ വര്‍ഗ്ഗം വംശനാശം നേരിടുന്നത്. ലോകത്താകമാനം ഇന്ന് 2,500 അറേബ്യന്‍ ടാറുകളേയുള്ളൂവെന്നും ഇവയില്‍ പൂര്‍ണ്ണ വളര്‍ച്ച എത്തിയവ 250 എണ്ണം മാത്രമാണെന്നും ഹന പറഞ്ഞു. കഴിഞ്ഞ മാസം ഉദ്യാനത്തില്‍ മറ്റൊരൂ ടാറും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
ഉദ്യനത്തെ വിവിധ ഭാഗങ്ങളായി തിരിച്ച് ഉരകങ്ങള്‍ക്കും മൃഗങ്ങള്‍ക്കുമെല്ലാം അനുയോജ്യമായ ആവാസവ്യവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒമാനിലെയും യു എ ഇയിലെയും ചെങ്കുത്തായ പര്‍വ്വത പ്രദേശങ്ങളിലാണ് പ്രകൃതിദത്തമായി അറേബ്യന്‍ ടാറുകള്‍ ജീവിക്കുന്നത്. സമുദ്ര നിരപ്പില്‍ നിന്നും 1,800 മീറ്റര്‍ വരെ ഉയരത്തിലാണ് ഇവയുടെ ആവാസം.
വിവിധ മരങ്ങളുടെ ഇലകളും പഴങ്ങളുമാണ് പ്രധാന ഭക്ഷണം. ജനസ്രോതസ്സുകളോട് ചേര്‍ന്ന് ജീവിക്കാനാണിവ ഇഷ്ടപ്പെടുന്നത്. വെള്ളവും പുല്ലും തേടി വിവിധ പ്രദേശങ്ങളിലേക്ക് ഇവ സഞ്ചരിക്കുമെന്നും അവര്‍ വിശദീകരിച്ചു.
ഷാര്‍ജ നഗരത്തില്‍ നിന്നും 28 കിലോമീറ്റര്‍ മാറി ദെയ്ദ് റോഡില്‍ ഒമ്പതാം നമ്പര്‍ ഇന്റെര്‍ചെയ്ഞ്ചിന് സമീപത്തായാണ് ഉദ്യനം സ്ഥിതിചെയ്യുന്നത്. മധ്യപൗരസ്ത്യ ദേശത്തെ ഏക സുവോളജിക്കല്‍ പാര്‍ക്ക് കൂടിയാണ് പൂര്‍ണ്ണമായും ഇന്‍ഡോറില്‍ സ്ഥിതിചെയ്യുന്ന ഡി പി ഇ എന്‍ ആര്‍ എസ് എന്നും പാര്‍ക്ക് ചെയര്‍പേഴ്‌സണ്‍ ഹന സെയ്ഫ് അല്‍ സുവൈദി പറഞ്ഞു.