കൊട്ടിക്കലാശം ഇന്ന്

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:07 pm
SHARE

karnadakaബംഗളൂരു: കര്‍ണാടകയിലെ 225 അംഗ നിയമസഭയിലേക്ക് 223 പേരെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ചിനാണ് വോട്ടെടുപ്പ്. മൈസൂര്‍ ജില്ലയിലെ പെരിയാപട്ടണയില്‍ ബി ജെ പി സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്ന് തിരഞ്ഞെടുപ്പ് മാറ്റി വെച്ചിരിക്കുകയാണ്. വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ദേശീയ വികാരം ആരുടെ കൂടെയായിരിക്കുമെന്ന് വെളിവാക്കുന്ന തിരഞ്ഞെടുപ്പാണ് കര്‍ണാടകയില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസും ബി ജെ പി യും ഒരേപോലെ പ്രഖ്യാപിച്ച സ്ഥിതിക്ക് രാജ്യമാകെ ഉറ്റു നോക്കുന്ന ഒന്നായി ഈ വോട്ടെടുപ്പ് മാറിക്കഴിഞ്ഞിരിക്കുന്നു.

പ്രദേശികമായ അഴിമതിയും അസ്ഥിരതയും ഉയര്‍ത്തി ബി ജെ പിയെ കോണ്‍ഗ്രസ് ശക്തമായി ആക്രമിക്കുമ്പോള്‍ മോഡിയെ ഇറക്കിയും കേന്ദ്ര അഴിമതി ഉയര്‍ത്തിക്കാട്ടിയും പ്രതിരോധിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. ഇതിനിടക്ക് മൂന്നാം കക്ഷിയായ ജനതാദള്‍ എസ് നേട്ടമുണ്ടാക്കിയേക്കാമെന്ന് ചില നിരീക്ഷകര്‍ പ്രവചിക്കുകയും ചെയ്യുന്നു. യഡിയൂരപ്പയുടെ കെ ജെ പി, ശ്രീരാമുലുവിന്റെ ബി എസ് ആര്‍ കോണ്‍ഗ്രസ് എന്നീ ചെറുകക്ഷികളും നിര്‍ണായകമാകും.
തികച്ചും പ്രവചാനാതീതമാണ് കര്‍ണാടകയിലെ ജനവിധിയെന്ന് തിരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നു. 1985ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28ല്‍ 24 സീറ്റും നേടിയ കോണ്‍ഗ്രസ് പക്ഷേ തുടര്‍ന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പരാജയം രുചിച്ചിരുന്നു. എന്നാല്‍ 1989ല്‍ ലോക്‌സഭയിലേക്ക് കോണ്‍ഗ്രസിന് സംസ്ഥാനത്ത് തിളങ്ങാനായില്ല. പക്ഷേ നിയമസഭയില്‍ 178 സീറ്റ് നേടി വിജയക്കൊടി നാട്ടി. 1999ല്‍ ബി ജെ പി ഡല്‍ഹി പിടിച്ചപ്പോള്‍ 132 നേടി കോണ്‍ഗ്രസായിരുന്നു കര്‍ണാടക നിയമസഭയിലേക്ക് വിജയിച്ചത്. 2004ല്‍ കര്‍ണാടകയില്‍ നിന്ന് ലോക്‌സഭയിലേക്ക് നേട്ടമുണ്ടാക്കാന്‍ ബി ജെ പിക്ക് സാധിച്ചില്ല. പക്ഷേ, 79 സീറ്റ് നേടി നിയമസഭയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28ല്‍ 19 സീറ്റാണ് ബി ജെ പി നേടിയത്. കോണ്‍ഗ്രസിന് ആറ് സീറ്റേ നേടാനായുള്ളൂ.