Connect with us

Sports

പതനം പൂര്‍ണം

Published

|

Last Updated

മാഡ്രിഡ്: നൗകാംപില്‍ ഒരത്ഭുതവും സംഭവിച്ചില്ല. യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാംപാദ സെമി പോരാട്ടത്തില്‍ ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കിനോട് ബാഴ്‌സലോണ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് കീഴടങ്ങി. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത ഏഴ് ഗോളിന്റെ പരാജയ ഭാരവുമായി നാണക്കേടിന്റെ പുതിയ അധ്യായമെഴുതി ചേര്‍ത്ത ബാഴ്‌സലോണയുടെ സുവര്‍ണ സംഘം ഒരു ദുരന്ത ചിത്രമായി നൗകാംപില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ നിന്നു. നേരത്തെ മറ്റൊരു സെമിയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബൊറൂസിയ ഡോട്മുണ്ടിനെ കീഴടക്കിയെങ്കിലും ആദ്യ പാദത്തിലെ 4-1ന്റെ വിജയം ബൊറൂസിയയെ ഫൈനലിന് അര്‍ഹരാക്കി. ഈ മാസം 25ന് ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ ബയേണ്‍- ബൊറൂസിയ ജര്‍മന്‍ ഫൈനലിന് കളമൊരുങ്ങി.
ദുരന്ത ചിത്രങ്ങള്‍
ദയനീയം… ചരിത്രത്തിലെ ഏറ്റവും മികച്ച ഒരു ഫുട്‌ബോള്‍ സംഘത്തിന്റെ പതനത്തെ അങ്ങനെ ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാം. പരുക്കിനെ തുടര്‍ന്ന് കളിക്കാനിറങ്ങാതെ സൈഡ് ബെഞ്ചിലിരുന്ന് ടീമിന്റെ തോല്‍വി നേരില്‍ കണ്ട നിരാശനായ മെസ്സിയും… സെല്‍ഫ് ഗോളിലൂടെ രണ്ടാം ഗോള്‍ വഴങ്ങിയ പീക്വെയുടെ വിളറിയ മുഖവും ആ ദുരന്തത്തിന്റെ ആഴവും പരപ്പും വ്യക്തമാക്കി. സ്വന്തം മണ്ണില്‍ അവര്‍ പൊരുതുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കുന്ന പ്രകടനമായിരുന്നു ബാഴ്‌സലോണ പുറത്തെടുത്തത്.
ആര്യന്‍ റോബന്‍, തോമസ് മുള്ളര്‍, പിക്വെ നേടിയ സെല്‍ഫ് ഗോള്‍ എന്നിവയാണ് മത്സരത്തില്‍ പിറന്ന മൂന്ന് ഗോളുകള്‍. ആദ്യ പാദത്തിലെ 4-0ത്തിന്റെ തോല്‍വി ബാഴ്‌സലോണയുടെ ഉത്തരവാദിത്വം വര്‍ധിപ്പിച്ചു. കളി തുടങ്ങി ആദ്യ പകുതിയില്‍ ബാഴ്‌സലോണ മികച്ച മുന്നേറ്റങ്ങള്‍ നടത്തി. ലയണല്‍ മെസ്സിക്ക് പകരം മുന്നേറ്റത്തില്‍ സെസ്‌ക് ഫാബ്രിഗസും പിന്തുണയുമായി പെഡ്രോ, ഡേവിഡ് വിയ എന്നിവരും. മികച്ച ഒത്തിണക്കവും നിരന്തരമായ മുന്നേറ്റങ്ങളും ടിക്കി-ടാക്ക പാസുകളുമായും ബാഴ്‌സ കളം നിറഞ്ഞു. മറുവശത്ത് ബയേണ്‍ മന്ദഗതിയിലായിരുന്നു തുടങ്ങിയത്. പ്രതിരോധത്തിന് കൂടുതല്‍ ശ്രദ്ധ കൊടുത്ത് ഇടക്കുള്ള ആക്രമണം മാത്രമായിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായത്. പത്താം മിനുട്ടില്‍ മാര്‍ക് ബാര്‍ത്രക്ക് ലഭിച്ച സുവര്‍ണാവസരം മുതലെടുക്കാന്‍ സാധിച്ചില്ല. തൊട്ടടുത്ത നിമിഷം ബയേണിന്റെ മുന്നേറ്റം. ആര്യന്‍ റോബന്റെ ഗോള്‍ ശ്രമത്തെ പിക്വെ ഫലപ്രദമായി തടഞ്ഞു. 24ാം മിനുട്ടില്‍ റോഡ്രിഗസിനും 40ല്‍ വെച്ച് അഡ്രിയാനോക്കും അവസരങ്ങള്‍ തുറന്നുകിട്ടിയെങ്കിലും ബയേണ്‍ പ്രതിരോധവും ഗോളി മാനുവല്‍ നൂയറുടെ ചോരാത്ത കൈകളും ബാഴ്‌സക്ക് അവസരങ്ങള്‍ നിഷേധിച്ചു. ആദ്യ പകുതി ഗോള്‍രഹിതമായി കടന്നുപോയി. നാലോളം അവസരങ്ങള്‍ ആദ്യ പകുതിയില്‍ ബാഴ്‌സക്ക് ലഭിച്ചപ്പോള്‍ ബയേണ്‍ ഒറ്റത്തവണ മാത്രമാണ് ഗോള്‍ശ്രമം നടത്തിയത്.
ബാഴ്‌സയുടെ ആക്രമണത്തിലെ മൂര്‍ച്ചയില്ലായ്മ ബയേണ്‍ കരുത്താക്കുന്ന കാഴ്ച്ചയായിരുന്നു രണ്ടാം പകുതിയില്‍. അതിന്റെ ഫലം ഇടവേള കഴിഞ്ഞ് മൂന്ന് പിന്നിട്ടപ്പോള്‍ കണ്ടു. ഡേവിഡ് അലാബയുടെ നീളന്‍ ക്രോസില്‍ നിന്ന് ആര്യന്‍ റോബന്റെ സുന്ദരമായ ഗോള്‍. വലത് ഭാഗത്ത് നിന്ന് റോബന്‍ തൊടുത്ത ഷോട്ട് ഗോളി വാല്‍ഡസിനെ നിസ്സഹായനാക്കി വലയുടെ ഇടത് മൂലയില്‍ വിശ്രമിച്ചു. ഈയൊരറ്റ ഗോള്‍ ബാഴ്‌സലോണയുടെ നീക്കങ്ങളെ തളര്‍ത്തി. അവരുടെ പ്രതിരോധം അപ്പാടെ തകര്‍ന്നു. ഒരു ഗോള്‍ തിരിച്ചടിക്കാനുള്ള എല്ലാം ശ്രമങ്ങളും അതിനിടയിലും അവര്‍ നടത്തുന്നുണ്ടായിരുന്നു. എന്നാല്‍ ആക്രമണത്തിനൊപ്പം ഉറച്ച പ്രതിരോധവും തീര്‍ത്ത് ബയേണ്‍ കളിയില്‍ പിടിമുറുക്കി.
പരിശീലകന്‍ വില്ലനോവ ഷാവിയെയും പിന്നീട് ഇനിയെസ്റ്റയും പിന്‍വലിച്ചത് ശ്രദ്ധേയ തീരുമാനങ്ങളായി. അലക്‌സിസ് സാഞ്ചസ്, അലകാന്‍ഡ്ര എന്നിവര്‍ പകരമിറങ്ങിയെങ്കിലും അവര്‍ക്കും കാര്യമായ ചലനങ്ങളൊന്നും സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല. 72ാം മിനുട്ടില്‍ മാന്‍സൂകിച്ച്- റോബന്‍- ഗുസ്താവോ എന്നിവരുടെ മുന്നേറ്റം. പന്തുമായി ഇടത് വിംഗിലൂടെ റിബറിയുടെ കുതിപ്പ്. കണക്ട് ചെയ്യാനായി ബോക്‌സിന് സമീപത്തേക്ക് കയറി വന്ന മാന്‍സൂകിച്ചിന് ലാക്കാക്കി റിബറിയുടെ ക്രോസ്. പന്ത് പുറത്തേക്ക് അടിച്ചുകളയാന്‍ ശ്രമിച്ച പീക്വെക്ക് പിഴച്ചു. സ്വന്തം പോസ്റ്റിലേക്ക് പന്ത് പോകുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനെ ബാഴ്‌സ താരത്തിന് കഴിഞ്ഞുള്ളു. രണ്ടാം ഗോളും വഴങ്ങിയതോടെ അനിവാര്യമായ ദുരന്തം ബാഴ്‌സ ഉള്‍ക്കൊണ്ടു കഴിഞ്ഞു. അവര്‍ കുറേക്കൂടി ദുര്‍ബലമാകുന്ന കാഴ്ച്ചയായിരുന്നു. ഇടക്ക് ലഭിച്ച ഗോളവസരങ്ങളൊന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കെല്‍പ്പില്ലാതെ കറ്റാലന്‍ പട ഹാതാശരായി. രണ്ടാം ഗോള്‍ കഴിഞ്ഞ് നാല് മിനുട്ട് പിന്നിട്ടപ്പോള്‍ മാന്‍സൂകിച്ച് മധ്യനിരയില്‍ നിന്ന് നല്‍കിയ നീളന്‍ ലോബ് പിടിച്ചെടുത്ത് റിബറി ഇടത് വശത്ത് നിന്ന് വീണ്ടും മുന്നേറി. പന്ത് ഉയര്‍ത്തി ബോക്‌സിന് വലത് മൂലയില്‍ നിന്ന് മുള്ളറിലേക്ക്. ഹെഡ്ഡ് ചെയ്ത് കൃത്യമായി വലയിലെത്തിച്ച് മുള്ളര്‍ ബയേണിന് മൂന്നാം ഗോള്‍ സമ്മാനിച്ചു. പിന്നീട് ചടങ്ങ് തീര്‍ക്കല്‍ മാത്രമായിരുന്നു.
1987ലാണ് ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ട് പാദങ്ങളിലുമായി ഇത്തരമൊരു തോല്‍വി വഴങ്ങുന്നത്. സ്പാനിഷ് ലാ ലീഗ കിരീടം ഉറപ്പിച്ചെങ്കിലും ബാഴ്‌സലോണയുടെ ഈ പതനം ഒരു യുഗത്തിന്റെ അന്ത്യമായി വേണം കാണാന്‍. കുറിയ പാസുകളുമായി മുന്നേറി കളിക്കുന്ന അവരുടെ ശൈലി മാറാന്‍ സമയമായിരിക്കുന്നു എന്ന വ്യക്തമായ സൂചനയാണ് ബയേണ്‍ മ്യൂണിക്ക് രണ്ട് പാദങ്ങളിലെ പ്രകടനത്തിലൂടെ കാട്ടിത്തന്നത്. അക്രമവും പ്രതിരോധവും സമാസമം ചേര്‍ത്തുള്ള അവരുടെ കേളീശൈലിക്ക് ബാഴ്‌സക്ക് മറുപടിയില്ലാതെ പോയതാണ് കളിയുടെ നിര്‍ണായകമായ വഴിത്തിരിവ്. മറ്റൊന്ന് പരിശീലകന്‍ ടിറ്റോ വില്ലനോവയുടെ തീരുമാനങ്ങളും അവരുടെ തോല്‍വിയുടെ ആക്കം കൂട്ടി.

---- facebook comment plugin here -----

Latest