ഗരെത് ബാലെക്ക് വീണ്ടും പുരസ്‌കാരം

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:13 am
SHARE

garath baleലണ്ടന്‍: ടേട്ടനം ഹോസ്പറിന്റെ മിഡ്ഫീല്‍ഡര്‍ ഗരെത് ബാലെ വീണ്ടും പുരസ്‌കാര നിറവില്‍. ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫുട്‌ബോള്‍ കളിയെഴുത്തുകാരുടെ അസോസിയേഷന്‍ അവാര്‍ഡാണ് ഇത്തവണ ബാലെയെ തേടിയെത്തിയത്. ഇതോടെ സീസണിലെ ഹാട്രിക് അവാര്‍ഡാണ് ബാലെ സ്വന്തമാക്കുന്നത്. നേരത്തെ ഇംഗ്ലീഷ് പ്രൊഫഷണല്‍ ഫുട്‌ബോളേഴ്‌സ് അസോസിയേഷന്‍ (പി എഫ് എ) യുടെ പ്ലെയര്‍ ഓഫ് ദ ഇയര്‍, യംഗ് പ്ലെയര്‍ ഓഫ ദ ഇയര്‍ പുരസ്‌കാരങ്ങളും വെയില്‍സിന്റെ ഇരുപത്തിമൂന്നുകാരനായ താരം കരസ്ഥമാക്കിയിരുന്നു.
കളിയെഴുത്തുകാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ റോബിന്‍ വാന്‍പഴ്‌സിയെ രണ്ടാം സ്ഥാനത്തേക്കും ചെല്‍സിയുടെ ജുവാന്‍ മാറ്റയെ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളിയാണ് ബാലെ അവര്‍ഡ് നേടിയത്.
സൂപ്പര്‍ താരങ്ങളായ മെസ്സിയോടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയോടും ഒപ്പം നില്‍ക്കാനുള്ള പ്രതിഭ ബാലെക്കുണ്ട്. ബാലെയുടെ പ്രകടന മികവാണ് ടോട്ടനത്തെ യൂറോപ്പ ലീഗിന്റെ ക്വാര്‍ട്ടറിലെത്തിച്ചത്. പ്രീമിയര്‍ ലീഗില്‍ ടീമിനെ നാലാം സ്ഥാനത്തെത്തിക്കുന്നതിലും ബാലെയുടെ പങ്കുണ്ടെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ആന്‍ഡി ഡുന്‍ വ്യക്തമാക്കി. അടുത്ത വ്യാഴാഴ്ച്ച നടക്കുന്ന ഗാല അത്താഴ വിരുന്നില്‍ വെച്ച് പുരസ്‌കാരം സമ്മാനിക്കുമെന്നും ഡുന്‍ കൂട്ടിച്ചേര്‍ത്തു.