ഉ. കൊറിയയില്‍ യു എസ് പൗരന് ശിക്ഷ കഠിന ജോലി

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 11:47 pm
SHARE

പ്യോംഗ്യാംഗ്: സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യു എസ് പൗരനെ ഉത്തര കൊറിയ ശിക്ഷിച്ചു. പതിനഞ്ച് വര്‍ഷം കഠിനമായ ജോലികള്‍ ചെയ്യണമെന്നതാണ് ശിക്ഷ. സര്‍ക്കാറിനെതിരെ പ്രവര്‍ത്തിച്ചുവെന്ന കേസിലാണ് ശിക്ഷയെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ അറിയിച്ചു. കെന്നത്ത് ബേ എന്നറിയപ്പെടുന്ന പേ ജുന്‍ ഹോയെയാണ് ശിക്ഷിച്ചത്. വടക്കുകിഴക്കന്‍ തുറമുഖ നഗരമായ റാസണില്‍ വെച്ച് കഴിഞ്ഞ നവംബറിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉത്തര കൊറിയയിലെ പ്രത്യേക സാമ്പത്തിക മേഖലയാണിത്.
ഉത്തര കൊറിയന്‍ സര്‍ക്കാറിനെ മറിച്ചിച്ചിടാന്‍ ശ്രമിച്ചതുള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പേ ജുന്‍ ഹോക്കെതിരെ ചുമത്തിയതായി കഴിഞ്ഞ ആഴ്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിനഞ്ച് വര്‍ഷം കഠിനമായ ജോലികള്‍ ചെയ്യാന്‍ സുപ്രീം കോടതി വിധിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വിനോദസഞ്ചാരിയെന്ന നിലയിലാണ് ഹോ ഉത്തര കൊറിയയിലെത്തിയത്. കൊറിയന്‍- അമേരിക്കന്‍ ടൂര്‍ ഓപറേറ്റാണ് ഇയാളെന്നാണ് കരുതുന്നത്. ഉത്തര കൊറിയ നടത്തിയ മൂന്നാം ആണവ പരീക്ഷണത്തെ തുടര്‍ന്ന് മേഖലയില്‍ യുദ്ധസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് യു എസ് പൗരനെ ഉത്തര കൊറിയ ശിക്ഷിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here