Connect with us

National

ഇന്ത്യാ-പാക് ബന്ധം കൂടുതല്‍ വഷളാകും

Published

|

Last Updated

ന്യൂഡല്‍ഹി: സരബ്ജിത്തിന്റെ കൊലപാതകം ഇന്ത്യ-പാക് ബന്ധത്തെ ഉലയ്ക്കുന്നു. അതിര്‍ത്തി കടന്നെന്നാരോപിച്ച് ജമ്മു കാശ്മീരിലെ ഇന്ത്യന്‍ സൈനികന്റെ തലയറുത്ത നടപടിക്ക് പിന്നാലെ, പാക് തടവറയില്‍ വെച്ച് ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടത് അത്യന്തം ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ നോക്കിക്കാണുന്നത്. സരബ്ജിത്തിന്റെ മോചനത്തിനായി ഇന്ത്യന്‍ സര്‍ക്കാറും പാക്കിസ്ഥാനിലെ മനുഷ്യാവകാശ പ്രവര്‍ത്തകരും അഭിഭാഷകരും സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്നതിനിടെയാണ് അദ്ദേഹം കൊല്ലപ്പെട്ടിരിക്കുന്നത്.

വധശിക്ഷക്ക് വിധിക്കപ്പെട്ട് നീണ്ട 22 വര്‍ഷക്കാലം ജയിലില്‍ കഴിഞ്ഞതിനാല്‍ സരബ്ജിത്തിനെ മോചിപ്പിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടിരുന്നു. 2008ല്‍ വധശിക്ഷ അനിശ്ചിതമായി നീട്ടിവച്ചത് മോചനം ഉടനുണ്ടാകുമെന്ന പ്രതീക്ഷ നല്‍കി. ഇതിനിടെ, കഴിഞ്ഞ ജൂണില്‍ സരബ്ജിത്തിനെ മോചിപ്പിക്കുന്നു എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കുകയും ചെയ്തു. എന്നാല്‍, സരബ്ജിത്തിനെയല്ല, പാക് ജയിലില്‍ ജീവപര്യന്തം കുറ്റം ചുമത്തപ്പെട്ട് കഴിയുന്ന സുര്‍ജീത് സിംഗിനെയാണ് മോചിപ്പിക്കുന്നതെന്ന് പാക് വിദേശകാര്യ മന്ത്രാലയം പിന്നീട് വിശദീകരിക്കുകയായിരുന്നു.
അനുകൂല സാഹചര്യമുണ്ടാകുമെന്ന പ്രതീക്ഷക്കിടെ, മുംബൈ ആക്രമണക്കേസിലെ പ്രതി അജ്മല്‍ കസബ്, പാര്‍ലിമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരു എന്നിവരുടെ വധശിക്ഷ ഇന്ത്യ നടപ്പാക്കിയത് പാക്കിസ്ഥാനെ പ്രകോപിപ്പിച്ചു എന്ന് വേണം കരുതാന്‍. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ അവിടത്തെ തീവ്രവാദ ഗ്രൂപ്പുകള്‍ ഈ വിഷയം സജീവമായി നിലനിര്‍ത്തുകയും ചെയ്തു. വിട്ടയച്ച സുര്‍ജീത് സിംഗ് സ്വദേശത്ത് മടങ്ങിയെത്തി, താന്‍ ചാരനായിരുന്നുവെന്ന് മാധ്യമങ്ങളോട് തുറന്ന് സമ്മതിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് ലാഹോറിലെ കോട് ലഖപത് ജയിലില്‍ കഴിയുന്ന 1990ലെ ബോംബ് സ്‌ഫോടനക്കേസിലെ പ്രതി സരബ്ജിത്ത് സഹ തടവുകാരാല്‍ ആക്രമിക്കപ്പെടുന്നത്. സരബ്ജിത്തിനെതിരെയുള്ള ആക്രമണം ആസൂത്രിതമായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
വിഷയം അന്താരാഷ്ട്ര തലത്തില്‍ ഉന്നയിക്കില്ലെന്നും ഉഭയകക്ഷി തലത്തിലായിരിക്കും ചര്‍ച്ചയെന്നും വിദേശകാര്യ വക്താവ് സയ്യിദ് അക്ബറുദ്ദീന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കുറ്റവാളികള്‍ക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും രണ്ട് പേര്‍ക്കെതിരെ മാത്രം കൊലക്കുറ്റത്തിന് കേസെടുക്കുക മാത്രമാണ് പാക് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. വധശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന സരബ്ജിത്തിനെ ആക്രമിക്കാന്‍ മറ്റ് തടവുകാര്‍ക്ക് കഴിഞ്ഞതെങ്ങനെ എന്ന ചോദ്യം അവശേഷിക്കുന്നു. ജയിലധികാരികളോട് ഇത് സംബന്ധിച്ച് വിശദീകരണം ചോദിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.