Connect with us

National

വിദേശത്ത് ജയിലുകളില്‍ കഴിയുന്നത് 6,569 ഇന്ത്യക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി:വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട് വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നത് 6,569 ഇന്ത്യക്കാര്‍. 112 രാജ്യങ്ങളില്‍ നിന്നായി കേന്ദ്ര വിദേശകാര്യ വകുപ്പ് ശേഖരിച്ച കണക്കാണിത്. ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളിലാണ് കൂടുതല്‍ ഇന്ത്യക്കാര്‍ തടവില്‍ കഴിയുന്നത്. ആകെയുള്ള 6,569 പേരില്‍ 4,008 പേര്‍ അഞ്ച് ഗള്‍ഫ് രാജ്യങ്ങളിലെ ജയിലിലാണ് കഴിയുന്നത്.

ഇതില്‍ സഊദി അറേബ്യയിലെ ജയിലിലാണ് കൂടുതല്‍ ഇന്ത്യക്കാരുള്ളത്. 1691 പേര്‍. കുവൈത്ത് 1161, യു എ ഇ 1012, ഒമാന്‍ 82, ബഹ്‌റൈന്‍ 62 എന്നിങ്ങനെയാണ് മറ്റ് ഗള്‍ഫ് രാഷ്ട്രങ്ങളിലെ ജയിലുകളിലെ തടവുകാരുടെ എണ്ണം. ഖത്തറിലെ വിവരം ലഭ്യമല്ലെന്നാണ് ഇതുസംബന്ധിച്ച കോളത്തില്‍ രേഖപ്പെടുത്തിയത്.
ഖത്തര്‍, ഫലസ്തീന്‍, മാലി, നെതര്‍ലാന്‍ഡ്, സുഡാന്‍, സെര്‍ബിയ തുടങ്ങി ചില രാജ്യങ്ങളിലെ ജയിലുകളില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് ഇതുസംബന്ധിച്ച് അന്വേഷിച്ച ആര്‍ ടി ഐ കേരള ഫെഡറേഷന്‍ സെക്രട്ടറി അഡ്വ. ഡി ബി ബിനുവിന് വിവരാവകാശ നിയമപ്രകാരം കേന്ദ്ര വിദേശകാര്യ വകുപ്പില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇപ്രകാരം ലഭ്യമല്ലാത്ത വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ വിവിധ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്നവരുടെ എണ്ണം ഇനിയും കൂടും.
മയക്കുമരുന്ന് കടത്ത്, വ്യാജ ഇഖാമ, അനാശാസ്യ പ്രവര്‍ത്തനങ്ങള്‍, വാഹനാപകടം, മദ്യ വില്‍പ്പന തുടങ്ങിയവയാണ് സഊദി അറേബ്യയിലെ ജയിലില്‍ കഴിയുന്നവരുടെ പ്രധാന കുറ്റങ്ങള്‍. കൊലപാതകം, മനുഷ്യക്കടത്ത്, അനധികൃത മദ്യ വില്‍പ്പന, കവര്‍ച്ച, രേഖകളില്‍ കൃത്രിമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ടാണ് 82 പേര്‍ ഒമാന്‍ ജയിലിലുള്ളത്. മറ്റു കുറ്റകൃത്യങ്ങളുടെ ഫലമായി യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കന്‍ രാജ്യങ്ങളിലും നൂറുകണക്കിനാളുകള്‍ ജയിലുകളിലുണ്ട്.
ജയിലില്‍ കഴിയുന്നവരെ പരസ്പരം കൈമാറാന്‍ യു എ ഇയും സഊദി അറേബ്യയും ഉള്‍പ്പെടെ 14 രാജ്യങ്ങളുമായി ഇന്ത്യ കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്. 2011 നവംബര്‍ 22 നാണ് ജയിലില്‍ കഴിയുന്നവരെ പരസ്പരം കൈമാറാനുള്ള സുപ്രധാന കരാറില്‍ ഇന്ത്യയും യു എ ഇയും ഒപ്പുവെച്ചത്. കുറ്റകൃത്യം നടത്തി രക്ഷപ്പെടുന്നവരെ പിടികൂടി പരസ്പരം കൈമാറാനുള്ള കരാറില്‍ ഇരുരാജ്യങ്ങളും നേരത്തെ തന്നെ ഒപ്പുവെച്ചിരുന്നു.

 

Latest