സരബ്ജിത്ത്: വിവേകം കൈവെടിയരുത്

Posted on: May 3, 2013 6:00 am | Last updated: May 2, 2013 at 10:59 pm
SHARE

SIRAJ.......സരബ്ജിത്ത് നൊമ്പരപ്പെടുത്തുന്ന ഓര്‍മയായിക്കഴിഞ്ഞു. രണ്ട് പതിറ്റാണ്ടിലേറെയായി വധശിക്ഷക്ക് വിധിക്കപ്പെട്ട പാക് ജയിലില്‍ കഴിയുന്ന സരബ്ജിത്ത് സഹതടവുകാരുടെ മര്‍ദ്ദനമേറ്റു മരിക്കേണ്ടി വന്നുവെന്നതാണ് ഏറെ ദുഃഖകരം. ലാഹോറിലെ കോട്ട്പത് ജയിലിലെ രണ്ട് തടവുകാരാണ് കഴിഞ്ഞ വെള്ളിയാഴ്ച അദ്ദേഹത്തെ ക്രൂരമായി മര്‍ദിച്ചത്. ജയില്‍ അധികൃതരുടെ സഹായത്തോടെ ബാഹ്യശക്തികള്‍ ആസൂത്രണം ചെയ്തതാണ് സംഭവമെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം അനിവാര്യമാണ്. പഞ്ചാബ് ഭരണകൂടം പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ സഹായിക്കുമെന്ന് പ്രത്യാശിക്കാം.
പ്രശ്‌നത്തില്‍ പാക് നിലപാടില്‍ പ്രതിഷേധിക്കുന്നതിനൊപ്പം, ഇതേ ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകാതിരിക്കാനുള്ള വിവേകം രണ്ട് രാജ്യങ്ങളും പ്രകടിപ്പിക്കേണ്ടതുണ്ട്. ഇന്ത്യക്ക് വേണ്ടി ചാരപ്രവര്‍ത്തനവും അട്ടിമറിയും നടത്തി എന്നാരോപിച്ചാണ് ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് പാക്കിസ്ഥാന്‍ സരബ്ജിത്തിനെ അറസ്റ്റ് ചെയ്തതും വധശിക്ഷക്ക് വിധിച്ചതും. 14 പേരുടെ മരണത്തിനിടയാക്കിയ ലാഹോര്‍, ഫൈസലാബാദ് സ്‌ഫോടനത്തില്‍ അദ്ദേഹത്തിന് പങ്കുണ്ടെന്നാണ് പാക് അന്വേഷണ ഏജന്‍സികളുടെയും കോടതിയുടെയും കണ്ടെത്തല്‍. മദ്യപിച്ച് ബോധമില്ലാതെ അബദ്ധത്തില്‍ പാക് അതിര്‍ത്തിയിലേക്ക് കടന്ന സരബ്ജിത്തിനെ തെറ്റിദ്ധാരണ മൂലമാണ് പാക് അധികൃതര്‍ പിടികൂടിയതെന്നും അദ്ദേഹം ചാരപ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നുമാണ് കുടുംബത്തിന്റെ വാദം. ഇത് ശരിയെങ്കില്‍ പാക് അധികൃതരെ വസതുത ബോധ്യപ്പെടുത്തി അദ്ദേഹത്തിന്റെ മോചനത്തിന് വഴിയൊരുക്കേണ്ടത് ഇന്ത്യന്‍ ഭരണകൂടത്തിന്റെ ബാധ്യതയായിരുന്നു. ഇക്കാര്യത്തില്‍ കാണിച്ച അനാസ്ഥക്കും വീഴ്ചക്കും മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ മാത്രമല്ല, 1999 മുതല്‍ 2004 വരെ അധികാരത്തിലിരുന്ന ബി ജെ പി നേതൃത്വത്തിലുള്ള എന്‍ ഡി എ സര്‍ക്കാറും മറുപടി പറയേണ്ടതുണ്ട്. അക്കാലത്തും പാക്ജയിലില്‍ വധശിക്ഷ കാത്തുകഴിയുകയായിരുന്നുവല്ലോ സരബ്ജിത്ത്.
രഹസ്യങ്ങള്‍ ചോര്‍ത്താന്‍ ചാരന്മാരെയും അട്ടിമറികള്‍ നടത്താന്‍ ചാവേറുകളെയും നിയോഗിക്കല്‍ രാഷ്ട്ര തന്ത്രത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രാഷ്ട്രങ്ങള്‍ക്കിടയില്‍ മാത്രമല്ല, സംസ്ഥാനങ്ങള്‍ക്കിടയില്‍ പോലുമുണ്ട് ഇത്തരം ചാര പ്രവര്‍ത്തനങ്ങള്‍. തമിഴ്‌നാടുമായുള്ള കേരളത്തിന്റെ നദീജല തര്‍ക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒരു തമിഴ്‌നാട് ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫീസില്‍ നിന്ന് ചോര്‍ത്തിയ വിവരം വെളിപ്പെട്ടത് ഈയിടെയാണല്ലോ. ചാരപ്രവര്‍ത്ത നത്തിന് മുപ്പത് വര്‍ഷം പാക് ജയിലില്‍ കിടന്ന സുര്‍ജിത്‌സിംഗ് എന്ന മറ്റൊരു പഞ്ചാബുകാരന്‍ ജയില്‍മോചിതനായി നാട്ടില്‍ തിരിച്ചത്തിയെ ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ ചാരപ്രവര്‍ത്തനങ്ങളും അട്ടിമറികളും മാധ്യമങ്ങള്‍ക്ക് മുമ്പാകെ തുറന്നു പറഞ്ഞതും മറക്കാറായിട്ടില്ല. സരബ്ജിത്തിനും ഇത്തരമൊരു പിന്നാമ്പുറമുണ്ടായത് കൊണ്ടല്ലേ ഇന്ത്യന്‍ സര്‍ക്കാറിന് സജീവമായി അദ്ദേഹത്തിന്റെ കാര്യത്തില്‍ ഇടപെടാന്‍ കഴിയാതെ വന്നതെന്ന ചോദ്യം അവഗണിക്കാവതല്ല. സരബ്ജിത്തും സുര്‍ജിത് സിംഗും മാത്രമല്ല വിവിധ കുറ്റങ്ങള്‍ ചുമത്തപ്പെട്ട് ജയിലില്‍ അടക്കപ്പെട്ട ഇന്ത്യക്കാര്‍ ഇനിയുമുണ്ട് പാകിസ്ഥാനിലും മറ്റു രാഷ്ട്രങ്ങളിലും നിരവധി. സരബ്ജിത്തിനെ ചൊല്ലി കണ്ണീര്‍ വാര്‍ക്കുന്ന അധികൃതര്‍ ഇവരുടെ മോചനവുമായി ബന്ധപ്പെട്ട് എന്തെല്ലാം ചെയ്തുവെന്ന് ആത്മപരിശോധന നടത്തുന്നത് നന്ന്.
സരബ്ജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തു വരുന്ന പ്രസ്താവനകള്‍ പലതും വീണ്ടുവിചാരമില്ലാത്തവയാണ്. അദ്ദേഹത്തിന്റെ മരണത്തിന് പ്രതികാരമായി ഇന്ത്യയിലുള്ള മുഴുവന്‍ പാകിസ്ഥാന്‍കാരുടെയും വിസ റദ്ദാക്കണമെന്ന ഒരഭിപ്രായം ഉയരുകയുണ്ടായി. ഇതിനോട് പാക്കിസ്ഥാന്റെ പ്രതികരണമെന്തായിരിക്കും? പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ ഇതെങ്ങനെ ബാധിക്കുമെന്ന കാര്യം ഈ പ്രസ്താവക്കാര്‍ വിസ്മരിക്കുന്നു. സരബ്ജിത്ത് ഇന്ത്യയുടെ ധീരപുത്രനാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയും ഉചിതമായോ എന്ന സന്ദേഹമുണ്ട്. ചാര, അട്ടിമറിപ്രവര്‍ത്തനങ്ങള്‍ക്ക് പിടിക്കപ്പെട്ട് ഇന്ത്യ ശിക്ഷിക്കുന്ന പാക് പൗരനെ പാകിസ്ഥാന്റെ ധീരപുത്രനെന്ന് അവര്‍ വിശേഷിപ്പിക്കുമ്പോള്‍ നമ്മുടെ മനോഗതവും വികാരമവുമെന്തായിരിക്കും? കൊല്ലത്തെ വെടിവെപ്പ് കേസിലെ പ്രതികള്‍ക്ക് ക്രിസ്മസ് ആഘോഷത്തില്‍ പങ്ക് കൊള്ളാന്‍ ജാമ്യം അനുവദിച്ച കോടതി നടപടിക്കെതിരെ പോലും രാജ്യത്ത് പ്രതിഷേധം ഉയര്‍ന്ന കാര്യം വിസ്മിരിക്കാറായിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here