എല്ലാം കൊട്ടപ്പുറത്തിന്റെ ബാക്കി

Posted on: May 3, 2013 6:00 am | Last updated: May 3, 2013 at 12:11 pm
SHARE

കൊട്ടപ്പുറം സംവാദത്തിന്റെ മുപ്പതാം വാര്‍ഷിക ദിനം സുന്നീ പ്രസ്ഥാനത്തിന്റെ വിജയ ദിനമാണ്. ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ക്കെതിരെ കഴിഞ്ഞ ഒമ്പത് പതിറ്റാണ്ടിലേറെക്കാലമായി അഹ്‌ലുസ്സുന്ന നടത്തിവന്ന ആശയ പോരാട്ടങ്ങളുടെ മഹാ വിജയത്തിന്റെ അവിസ്മരണീയ ദിനം. 1983 ഫെബ്രുവരിയിലെ ആദ്യത്തെ മൂന്ന് ദിനങ്ങളോ മലപ്പുറം ജില്ലയിലെ കൊട്ടപ്പുറം എന്ന കൊച്ചുഗ്രാമമോ വെറും പ്രതീകങ്ങള്‍ മാത്രമാണ്. വിജയത്തിന്റെ മര്‍മം സുന്നീ പ്രസ്ഥാനം മുന്നോട്ടു വെച്ച ആശയങ്ങളാണ്. ദീനുല്‍ ഇസ്‌ലാമിന്റെ മഹത്തായ ആശയം ബിദ്അത്ത് ചിന്തകളെ അതിജയിച്ച മഹത്തായ വര്‍ഷമാണിത്. 2012ലായിരുന്നു ഈ സുദിനം എങ്കില്‍ അത് വെറുമൊരു സംവാദ വിജയത്തിന്റെ വാര്‍ഷിക ദിനാചരണമായി ചുരുങ്ങിപ്പോകുമായിരുന്നു.

കൊട്ടപ്പുറത്തെ സംവാദ വിഷയം ‘തവസ്സുല’ും ‘ഇസ്തിഗാസ’യുമായിരുന്നു. കൊട്ടപ്പുറത്തെ മാത്രം വിഷയമായിരുന്നില്ല ഇത്. അതിനു മുമ്പും ഒരുപാട് സംവാദ വേദികളില്‍ ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുണ്ട്. നൂറുകണക്കിന് ഖണ്ഡന പ്രഭാഷണങ്ങള്‍ക്ക് വിഷയമായിട്ടുണ്ട്. 1921 മുതല്‍ നിരവധി പേജുകളില്‍ ഉപന്യസിക്കപ്പെട്ടിട്ടുണ്ട്. പാങ്ങില്‍ അഹ്മദ് കുട്ടി മുസ്‌ലിയാരും പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരും ഇ കെ ഹസന്‍ മുസ്‌ലിയാരും ഉള്‍പ്പെടെ നൂറുകണക്കിന് മഹാ പണ്ഡിതന്മാര്‍ ഈ രണ്ട് വിഷയങ്ങള്‍ മുന്‍നിര്‍ത്തി നിരവധി വേദികള്‍ ധന്യമാക്കിയിട്ടുണ്ട്. ഇവരുടെ ആത്മാക്കള്‍ ഇപ്പോഴും സന്തോഷിക്കുന്നുണ്ടാകണം. തങ്ങളുടെ അധ്വാനവും വിയര്‍പ്പും പാഴായിപ്പോയില്ല എന്നവര്‍ അറിയുന്നുണ്ടാകണം. കൊട്ടപ്പുറത്തിന്റെ വാര്‍ഷിക ദിനം അവരുടെ കൂടി വിജയദിനമാണ്. അവര്‍ മുന്നോട്ടുവെച്ച ആദര്‍ശത്തിന്റെ വിജയം ഈയൊരു വര്‍ഷത്തില്‍ തന്നെ ആയത് അല്ലാഹുവിന്റെ നിശ്ചയം.
അല്ലാഹു അല്ലാത്തവരോട് സഹായം തേടുന്നത് അവര്‍ക്കുള്ള ആരാധനയും അതിനാല്‍ ശിര്‍ക്കുമാണെന്നാണ് തൊണ്ണൂറാണ്ട് കാലമായി വഹാബി പ്രസ്ഥാനം കേരളത്തിലെ ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്. തര്‍ക്ക വിഷയങ്ങള്‍ മറ്റു പലതുമുണ്ടെങ്കിലും ഈയൊരു വിഷയത്തിന്റെ പേരിലാണ് കേരളത്തിലെ മുസ്‌ലിംകള്‍ കൂട്ടത്തോടെ ‘മുശ്‌രിക്കു’കളായത്. മറഞ്ഞ വഴിയിലൂടെ, കാര്യകാരണ ബന്ധമില്ലാതെ അല്ലാഹു അല്ലാത്ത ആരെങ്കിലും സഹായിക്കുമെന്ന് കരുതിപ്പോയാല്‍, 2012വരെ വഹാബികള്‍ക്കും മൗദൂദികള്‍ക്കും അത് ശിര്‍ക്കാകുമായിരുന്നു. 2013 എന്ന ഈ വര്‍ഷത്തില്‍ മഹാഭൂരിപക്ഷം വരുന്ന വഹാബികള്‍ക്കും ഈ വിശ്വാസമില്ല. ഒരു ന്യൂനപക്ഷം പഴയ ശിര്‍ക്കുവാദത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുന്നുണ്ട്. ഉള്ളാലെ അവര്‍ക്കും പഴയ വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പ്രസ്ഥാനം നിലനിര്‍ത്തിക്കൊണ്ടുപോകേണ്ടതുള്ളതുകൊണ്ട് തീര്‍ത്തു പറയുന്നില്ല എന്നേയുള്ളൂ. കൊട്ടപ്പുറത്തെ സംവാദവിഷയമായിരുന്ന, തൊണ്ണൂറാണ്ട് കാലമായി കേരള വഹാബിസം പറഞ്ഞുകൊണ്ടിരുന്ന തവസ്സുല്‍ ഇസ്തിഗാസ വിരോധം ഉപേക്ഷിച്ച വര്‍ഷമാണിത്. ഇത് പാങ്ങിലിന്റെയും പതിയുടെയും ഹസന്‍ മുസ്‌ലിയാരുടെയും വിജയവര്‍ഷമാണ്. കാന്തപുരം ഉസ്താദ് നടത്തിയ ധീരമായ പോരാട്ടത്തിന്റെ ഫലപ്രാപ്തിയാണ്. സുന്നികള്‍ ഈ ദിനം തോരണം തൂക്കിയും മധുരപലഹാരം വിതരണം ചെയ്തും ആഘോഷിക്കണം.
മുഹ്‌യിദ്ദീന്‍ ശൈഖേ, ബദ്‌രീങ്ങളേ… എന്ന് വിളിച്ചുപോയാല്‍ മുശ്‌രിക്കായിപ്പോകും എന്നാണ് കൊട്ടപ്പുറത്ത് വഹാബിസം വാദിച്ചത്. ‘മുമ്പിലെ മാപ്പിള പറയുമ്പോലെ…’ എന്നാണ് ഈ വിഷയത്തില്‍ ജമാഅത്തുകാരുടെയും നിലപാട്. വഹാബികളുടെ തവസ്സുല്‍ ഇസ്തിഗാസ വിരോധം ഇപ്പോള്‍ തെരുവോടകളില്‍ ചെന്ന് തിരയണം; ശരിയല്ലെന്ന് കണ്ട് അവര്‍ സ്വയം അതുപേക്ഷിച്ചുകഴിഞ്ഞിരിക്കുന്നു. മുഹ്‌യിദ്ദീന്‍ ശൈഖിനോട് മാത്രമല്ല, ജിന്നിനോടും ശൈയ്ത്വാനോടും മലക്കിനോടും പിരിഞ്ഞുപോയ സര്‍വ ആത്മാക്കളോടും തവസ്സുലും ഇസ്തിഗാസയുമാകാമെന്നാണ് പുതിയ വഹാബി മതം. മന്ത്രവും മാരണവും കൂടോത്രവും വഹാബി മതത്തില്‍ ഇപ്പോള്‍ ശരിയാണ്. സിഹ്‌റും കുട്ടിച്ചാത്തനും സത്യമാണ്. 2012ന് മുമ്പും ശേഷവും വഹാബിസം രണ്ടാണ്. 2012 മുമ്പത്തെ ശിര്‍ക്കുകള്‍ ഇപ്പോള്‍ തൗഹീദാണ്. അതുകൊണ്ടാണ് 2013ല്‍ കൊട്ടപ്പുറം വാര്‍ഷികം ചരിത്രപ്രധാനമാകുന്നത്. കാന്തപുരം ഉസ്താദും സുന്നീ പണ്ഡിതന്മാരും മൂന്നിരവുകള്‍ തൊണ്ട പൊട്ടിച്ചതിന്റെ സദ്ഫലം മുപ്പത് വര്‍ഷം കഴിഞ്ഞ് ഇതാ മൂത്ത് പഴുത്ത് പാകമായി വന്നിരിക്കുന്നു. ദീനീ ദഅ്‌വത്തിനിറങ്ങുന്നവര്‍ക്ക് ക്ഷമ വേണം. 30 വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടാകും ചിലപ്പോള്‍ കര്‍മ ഫലം കാണാനാകുക. വഹാബിസത്തെക്കൊണ്ടിത് പറയിപ്പിക്കാന്‍ ഒരു പുരുഷായുസ്സത്രയും വിയര്‍പ്പൊഴുക്കിയ ഹസന്‍ മുസ്‌ലിയാരുടെ ആത്മാവ് ആഹ്ലാദിക്കട്ടെ; ആദരിക്കപ്പെടട്ടെ.
ഇസ്‌ലാമില്‍ തവസ്സുലും ഇസ്തിഗാസയും അനുവദനീയമാണ്. നബിശിഷ്യന്മാരും പിന്‍ഗാമികളും മദ്ഹബിന്റെതുള്‍പ്പെടെ മുഴുവന്‍ ഇമാമുകളും മുഹദ്ദിസുകളും മുഫസ്സിറുകളും പൂര്‍വസൂരികളായ മുഴുവന്‍ പണ്ഡിതന്മാരും തവസ്സുല്‍ ചെയ്തിട്ടുണ്ട്. അറിവിന്റെ ലോകത്ത് പ്രകാശം ചൊരിഞ്ഞ മഹാ ഗ്രന്ഥങ്ങളില്‍ പലതിന്റെയും ആമുഖക്കുറിപ്പുകളില്‍ തവസ്സുലിന്റെ നാല് വരികള്‍ കാണാനാകും. ഇസ്‌ലാമില്‍ സര്‍വസ്വീകാര്യമായ ഒരു കാര്യം ആരും ശിര്‍ക്കിനും കുഫ്‌റിനും കാരണമാക്കരുത്. ഈ ശിര്‍ക്ക് വാദം നജ്ദിയന്‍ തൗഹീദിന്റെ പുത്തന്‍ കണ്ടെത്തല്‍ മാത്രമായിരുന്നു.
തവസ്സുലും ഇസ്തിഗാസയും ചെയ്യാതെ ഒരു വിശ്വാസിക്കും ഇസ്‌ലാമിക ജീവിതം നയിക്കാനാകില്ല. എന്നു വെച്ച് ഇതില്ലാതെ സത്യവിശ്വാസിയാകില്ല എന്നുമില്ല. ചെയ്തുപോയാല്‍ ശിര്‍ക്കാകും എന്ന വാദമാണ് പ്രശ്‌നം. ഇത് പറഞ്ഞ പണ്ഡിതന്മാര്‍ക്കെതിരെ എന്തൊക്കെ അതിക്രമങ്ങളാണ് വഹാബിസം കാണിച്ചത്? തവസ്സുലിന്റെയും ഇസ്തിഗാസയുടെയും പേരില്‍ സഹിഷ്ണുതാപരമായ നിലപാടാണ് അഹ്‌ലുസ്സുന്ന പുലര്‍ത്തിയിരുന്നത്. എന്നാല്‍, വഹാബിസം മഹാത്മാക്കളെയും വിട്ട് ജിന്നിനെയും ശൈത്വാനെയും തവസ്സുലാക്കാനും അവരോട് സഹായം ചോദിക്കാനും തുടങ്ങിയപ്പോഴുള്ള അവസ്ഥ എന്താണ്? അതാണ് കൊട്ടപ്പുറം വാര്‍ഷികത്തെ സവിശേഷമാക്കുന്നത്.
ജിന്നിനോടും ശൈത്വാനോടും ഇസ്തിഗാസ നടത്തുന്നത് ശരിയോ തെറ്റോ എന്ന തര്‍ക്കത്തെ തുടര്‍ന്നാണ് വഹാബി പ്രസ്ഥാനം പല ഗ്രൂപ്പുകളായി പൊട്ടിപ്പിളര്‍ന്നിരിക്കുന്നത്. തൗഹീദ്, ആദര്‍ശം, മതം ശാന്തിയാണ്, പ്രോഫ്‌കോണ്‍ തുടങ്ങി വഹാബി ഗ്രൂപ്പുകള്‍ നടത്തുന്ന വിഴുപ്പലക്കല്‍ പരിപാടികളിലെ പദങ്ങളത്രയും കാപട്യമാണ്. വഹാബി വേദികളില്‍ ഇപ്പോള്‍ നടക്കുന്നതത്രയും ജന്നോ ശൈത്വാനോ ശരി എന്നതിനെക്കുറിച്ച് കൂട്ടത്തല്ലാണ്. ജിന്നിനോ ശൈത്വാനോ ജനപിന്തുണ എന്നറിയാനുള്ള ബലപരീക്ഷണമാണ്. വഹാബിസം കൊടിയ അസഹിഷ്ണുതയാണ്. അതാണവരുടെ ചരിത്രവും പാരമ്പര്യവും. എതിര്‍പക്ഷത്തിന്റെ വേദിയിലേക്ക് തീ ബോംബെറിയുക, കല്ലെറിയുക, സ്ഥാപനങ്ങളും ഓഫീസുകളും പിടിച്ചടക്കുക, മലയാളം ഖതീബുമാരെ മിംബറില്‍ നിന്ന് കഴുത്തിന് പഠിച്ചു പുറത്തേക്ക് തള്ളുക, ആരാധനാലയങ്ങളില്‍ അടിപിടി നടത്തി അടച്ചുപൂട്ടിക്കുക തുടങ്ങിയ സുകുമാര കലകള്‍ സംസ്ഥാനവ്യാപകമായി നടന്നുവരികയാണ്. പൊതുശല്യത്തിനെതിരെ നാട്ടുകാര്‍ പരാതിപ്പെടേണ്ട അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പോലീസിന് ഇപ്പോള്‍ തന്നെ പണി കിട്ടിത്തുടങ്ങിയിട്ടുണ്ട്. തവസ്സുലും ഇസ്തിഗാസയുമാണ് ഈ തെരുവ് പ്രകടനങ്ങള്‍ക്ക് കാരണമെന്നു വരുമ്പോഴാണ് കൊട്ടപ്പുറം മുപ്പതാം വാര്‍ഷികത്തിന് ആഘോഷപ്പൊലിമ വരുന്നത്.
തവസ്സുലിന്റെയും ഇസ്തിഗാസയുടെയും പേരില്‍ മുസ്‌ലിം സമുദായത്തെ കാഫിറാക്കിയിരുന്നവര്‍ ഇപ്പോള്‍ ചേരി തിരിഞ്ഞ് പരസ്പരം കാഫിറാക്കുന്നുവെന്നതും മുപ്പത് വര്‍ഷം മുമ്പത്തെ കൊട്ടപ്പുറം വിജയത്തിന്റെ തുടര്‍ച്ചയാണ്. ഇനിയും പേരിട്ടിട്ടില്ലാത്ത, സകരിയ്യാ സ്വലാഹി നയിക്കുന്ന ഗ്രൂപ്പിലുള്ളവര്‍ അപ്പാടെ മുശ്‌രിക്കു(ബഹുദൈവ വിശ്വാസികള്‍)കളാണെന്ന് ആണയിട്ടു പറയുന്നു മടവൂരികളും അബ്ദുല്ലക്കോയ മദനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും. ഈ രണ്ട് ഗ്രൂപ്പുകളും യാതൊരു കലര്‍പ്പുമില്ലാത്ത 24 കാരറ്റ് മുശ്‌രിക്കുകളാണെന്നതിന് തെളിവുകള്‍ അക്കമിട്ടു നിരത്തുകയാണ് സകരിയ്യാ സലാഹിയുടെ ജിന്നൂരി ഗ്രൂപ്പ്. ജിന്നിന്റെ ചക്കരക്കുടത്തില്‍ കൈയിട്ടവരില്‍ ഹുസൈന്‍ മടവൂര്‍ മുതല്‍ ചെറിയമുണ്ടം മൗലവി വരെയുണ്ട്. അപ്പോള്‍ വഹാബി കുളിമുറിയില്‍ മൗലവിമാരെല്ലാം നഗ്നരാണ്. അവിടെയിപ്പോള്‍ മവഹ്ഹിദുകളില്ല; മുശ്‌രിക്കുകളേയുള്ളൂ. സുന്നികളെ ഖുബൂരികളാക്കി പരിഹസിച്ചിരുന്നവര്‍ പരസ്പരം ജിന്നൂരികളാക്കി അലറുന്നത് കേള്‍ക്കുമ്പോള്‍ കൊട്ടപ്പുറം സംവാദ വാര്‍ഷികം എങ്ങനെയാണ് ചെറിയ സംഭവമാകുക? ‘വകുല്ലു ബിദ്അത്തിന്‍ ളലാല’ എന്ന് പണ്ഡിതന്മാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നതിന്റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലായില്ലേ?
‘കാര്യകാരണ ബന്ധങ്ങള്‍ക്കതീതമായി, മറഞ്ഞ വഴികളിലൂടെ അല്ലാഹുവല്ലാത്തവരോട് സഹായം തേടിയാല്‍ … സഹായം പ്രതീക്ഷിച്ചാല്‍… ‘ ഇനി ശിര്‍ക്കാകുകയില്ല. ഇങ്ങനെ പറയാന്‍ ഖുര്‍ആനിലോ ഹദീസിലോ പണ്ഡിത വചനങ്ങളിലോ തെളിവില്ലെന്ന് സമ്മതിക്കുകയാണ് ജിന്നൂരികള്‍. കഴിഞ്ഞ മാസം രണ്ടാം വാരത്തില്‍ മസ്‌കത്തില്‍ നടന്ന വാദപ്രതിവാദത്തിനിടയിലാണ് മൗലവിമാര്‍ ‘മറഞ്ഞ വഴിയും കാര്യകാരണ ബന്ധവും’ തള്ളിപ്പറഞ്ഞിരിക്കുന്നത്. കെ എന്‍ എം അബ്ദുല്ലക്കോയ മദനി ഗ്രൂപ്പിന്റെ ഒമാന്‍ സീബ് ഘടകമായ സലഫി സംഘടനകളുടെ കൂട്ടായ്മയാണ് മസ്‌കത്തില്‍ നൗശാദ് അഹ്‌സനിയെ നേരിടാന്‍ വന്നത്. അഹ്‌സനി ശരിക്കും കുളിപ്പിച്ചു കിടത്തി. വഹാബിസം എത്ര ദുര്‍ബലമാണെന്നറിയാല്‍ ആ പരിപാടിയുടെ ദൃശ്യങ്ങള്‍ കണ്ടാല്‍ മതി. കൊട്ടപ്പുറം വാര്‍ഷികത്തിന്റെ വിജയഭേരി ഇവിടെയൊന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഅ്തസിലിയ്യത്ത് ഉള്‍പ്പെടെ ചരിത്രത്തില്‍ സകല ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ക്കും നേരിട്ട അപചയം വഹാബിസത്തെയും മൗദൂദിസത്തെയും കാത്തിരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here