Connect with us

Sports

പഞ്ചാബിനെതിരെ ചെന്നൈക്ക് 15 റണ്‍സ് വിജയം

Published

|

Last Updated

സുരേഷ്‌റെയ്‌ന

മൊഹാലി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 15 റണ്‍സ് വിജയം.തുടര്‍ച്ചയായ ഏഴാമത്തെ വിജയമാണ് ചെന്നൈ നേടിയത്. ലീഗിനെ ചെന്നൈയുടെ ഒന്‍പതാം ജയമാണിത്. ഇതോടെ പോയിന്റ് പട്ടികയില്‍ 18 പോയന്റുള്ള ചെന്നൈ ഒന്നാം സ്ഥാനത്തെത്തി.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സുരേഷ് റെയ്‌നയുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ 186 റണ്‍സ് നേടി. 53 പന്തില്‍ 100 റണ്‍സ് നേടിയ റെയ്‌ന പുറത്താകാതെ നിന്നു. ഏഴ് ഫോറും ആറ് സിക്‌സും അടങ്ങിയതായിരുന്നു റെയ്‌നയുടെ ഇന്നിംഗ്‌സ്. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും ഇന്ത്യയ്ക്ക് വേണ്ടി സെഞ്ചുറി നേടുന്ന ആദ്യ താരമായി റെയ്‌ന. മൈക്ക് ഹസി (35), ആല്‍ബി മോര്‍ക്കല്‍ (23) എന്നിവര്‍ റെയ്‌നയ്ക്ക് മികച്ച പിന്തുണ നല്‍കി. റെയ്‌നയാണ് മാന്‍ ഓഫ് ദ മാച്ച്.

മറുപടി ബാറ്റിംഗിനിറങ്ങിയ പഞ്ചാബിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്‌കോര്‍ 36-ലെത്തിയപ്പോള്‍ ഓപ്പണര്‍മാര്‍ പുറത്തായി. പിന്നാലെ നായകന്‍ ഡേവിഡ് ഹസി (22) കൂടി പുറത്തായതോടെ പഞ്ചാബ് തോല്‍വി മുന്നില്‍ കണ്ടു.

എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷോണ്‍ മാര്‍ഷ്-ഡേവിഡ് മില്ലര്‍ സഖ്യം തകര്‍ത്തടിച്ചതോടെ പഞ്ചാബ് വിജയത്തിന് പ്രതീക്ഷിച്ചു. എന്നാല്‍ 51 പന്തില്‍ 73 റണ്‍സ് നേടിയ മാര്‍ഷ് അവസാന ഓവറിലെ ആദ്യ പന്തില്‍ പുറത്തായതോടെ ചെന്നൈ മത്സരം തിരിച്ചുപിടിച്ചു. 26 പന്തില്‍ 51 റണ്‍സ് നേടിയ മില്ലര്‍ പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ചെന്നൈയ്ക്ക് വേണ്ടി ഡെയ്ന്‍ ബ്രാവോ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Latest