പെട്രോള്‍ പമ്പിലെ തട്ടിപ്പ്; 100 പേരെ പിരിച്ചുവിട്ടു

Posted on: May 2, 2013 7:45 pm | Last updated: May 2, 2013 at 7:45 pm
SHARE

petrol pumb dubaiദുബൈയു എ ഇയിലെ പ്രമുഖ എണ്ണവിതരണ കമ്പനിയിലെ 100ഓളം ജീവനക്കാരെ ഒന്നിച്ച് പിരിച്ചുവിട്ടു. കമ്പനിയെയും കോര്‍പ്പറേറ്റ് ഉപഭോക്താക്കളെയും വഞ്ചിക്കുന്ന രീതിയില്‍ വ്യാജ ഇടപാടുകള്‍ നടത്തിയെന്ന് കണ്ടെത്തിയതിനാലാണ് ഈ നടപടി.

തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണില്‍ കമ്പനി ഓട്ടോമാറ്റിക്ക് പെയ്‌മെന്റ് പരീക്ഷിച്ചിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്ന് ഈ സംവിധാനം ഒട്ടുമിക്ക വിതരണകേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചു. ഇതോടെയാണ് വെട്ടിപ്പിന്റെ കണക്കുകള്‍ പുറത്തുവരാന്‍ തുടങ്ങിയത്. സൈറ്റ് മാനേജര്‍മാരും സൂപ്പര്‍വൈസര്‍മാരും സെയില്‍സ്മാനുമടക്കം നിരവധി പേരുടെ ജോലി പോയി. സ്വകാര്യ കമ്പനി ഡ്രൈവര്‍മാരും എക്‌സിക്യുട്ടീവുകളും വിതരണ കമ്പനിയിലെ മാനേജര്‍മാരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന് തിരിച്ചറിഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ദുബൈ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഡ്രൈവര്‍മാരും എക്‌സിക്യുട്ടീവുകളും എണ്ണവിതരണ കേന്ദ്രങ്ങളില്‍ നിന്നും വ്യാജ ബില്‍ വാങ്ങി വെട്ടിപ്പ് നടത്തുകയായിരുന്നു. പെട്രോളടിക്കാതെ ബില്‍ നല്‍കുന്ന തട്ടിപ്പിലൂടെ കോര്‍പ്പറേറ്റ് കമ്പനികള്‍ക്കും എണ്ണവിതരണ കമ്പനികള്‍ക്കും ഒരു പോലെ നഷ്ടമുണ്ടായിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.