Connect with us

National

സരബ്ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം ധനസഹായം

Published

|

Last Updated

ലാഹോര്‍/ന്യൂഡല്‍ഹി : പാക് ജയിലില്‍ സഹതടവുകാരുടെ ക്രൂരമായ മര്‍ദനത്തിനിരയായി മരിച്ച സരബ്ജിത്ത് സിംഗി(49)ന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറി. ഇന്നലെ വൈകീട്ട് മൂന്നരയോടെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ഏറ്റുവാങ്ങിയ മൃതദേഹം പ്രത്യേക വിമാനത്തില്‍ ജന്മനാടായ അമൃത്‌സറില്‍ കൊണ്ടുവന്നു. വീണ്ടും പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ അറിയിച്ചു. ലാഹോറിലെ ജിന്ന ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ്ജിത്ത് ഇന്നലെ പുലര്‍ച്ചെ ഒന്നരക്കാണ് മരിച്ചത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സരബ്ജിത്തിനെ ചികിത്സിച്ച മെഡിക്കല്‍ ബോര്‍ഡിന്റെ അധ്യക്ഷന്‍ മഹ്മൂദ് ശൗക്കത്ത് അറിയിച്ചു. പുലര്‍ച്ചെ തന്നെ ഈ വിവരം പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനെ അറിയിക്കുകയായിരുന്നു. ജിന്ന ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന സരബ്ജിത്തിന്റെ ജീവന്‍ രക്ഷിക്കാനാകില്ലെന്ന് ബുധനാഴ്ച പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. ഹൃദയമിടിപ്പ് ഉണ്ടെങ്കിലും തലച്ചോര്‍ പ്രതികരിക്കുന്നില്ലെന്ന് ബുള്ളറ്റിനില്‍ വ്യക്തമാക്കിയിരുന്നു.
സരബ്ജിത്തിന് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധരുടെ സേവനം ലഭ്യമാക്കണമെന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ഭാര്യയും സഹോദരിയും മക്കളും ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ബുധനാഴ്ച ഉച്ചക്കാണ് ഇന്ത്യയില്‍ തിരിച്ചെത്തിയത്. ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയും ഇവരെ സന്ദര്‍ശിച്ചു.
സരബ്ജിത്തിന്റെ മരണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ദുഃഖം രേഖപ്പെടുത്തി. കൊലക്ക് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സരബ്ജിത്തിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. സരബ്ജിത്തിന്റെ കുടുംബത്തിന് പഞ്ചാബ് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. സം സ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. കൊലപാതകത്തെ പാര്‍ലിമെന്റ് അപലപിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് അതീവ സുരക്ഷാ സംവിധാനമുള്ള ലാഹോറിലെ കോട് ലഖ്പത് ജയിലില്‍ വെച്ച് ആറ് തടവുകാര്‍ സരബ്ജിത്തിനെ ആക്രമിച്ചത്.
ഇന്ത്യാ-പാക് അതിര്‍ത്തിയിലെ പഞ്ചാബ് പ്രവിശ്യയിലെ തരണ്‍ തരണ്‍ ജില്ലയിലെ ഭിക്കിവിന്ദ് ഗ്രാമവാസിയാണ് സരബ്ജിത്ത് സിംഗ്. 1990ല്‍ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ 14 പേരുടെ മരണത്തിന് ഇടയാക്കിയ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് പാക്കിസ്ഥാന്‍ സരബ്ജിത്തിനെ പിടികൂടി തടവിലിട്ടത്. പിന്നീട് വധശിക്ഷ വിധിച്ചു. അതിനു ശേഷം വിവിധ ജയിലുകളിലായി 22 വര്‍ഷം തടവുശിക്ഷ അനുഭവിച്ച സരബ്ജിത്ത് നല്‍കിയ ദയാഹരജി പാക് കോടതികളും മുന്‍ പ്രസിഡന്റ് പര്‍വേസ് മുശര്‍റഫും തള്ളുകയായിരുന്നു. പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി നേതൃത്വം നല്‍കിയ സര്‍ക്കാറാണ് 2008ല്‍ സരബ്ജിത്തിന്റെ വധശിക്ഷ അനിശ്ചിതമായി നീട്ടിവെച്ചത്.