മീഡിയാഫോറം ഫോട്ടോ പ്രദര്‍ശനം സമാപിച്ചു; ഫിറോസ് സെയ്ദിന് ഒന്നാം സ്ഥാനം

Posted on: May 2, 2013 8:23 am | Last updated: May 2, 2013 at 8:23 am
SHARE

ദോഹ: ഖത്തറിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐ.എം.എഫ് ഖത്തര്‍) ക്വാളിറ്റി ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ഫോട്ടോപ്രദര്‍ശനവും മല്‍സരവും സമാപിച്ചു. ‘ഖത്തറിന്റെ സംസ്‌കാരവും പൈതൃകവും’ എന്ന പ്രമേയത്തിലുള്ള മല്‍സര വിഭാഗത്തില്‍ ഫിറോസ് സെയ്ദ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം ഷിറാസ് സിതാരക്കും മൂന്നാം സ്ഥാനം സഞ്ജയ് ചപോല്‍ക്കര്‍ക്കും ലഭിച്ചു.

തൃശൂര്‍ ഗുരുവായൂര്‍ സ്വദേശിയായ ഫിറോസ് സെയ്ത് നാല് വര്‍ഷമായി ഖത്തര്‍ പരിസ്ഥിതി മന്ത്രാലയത്തിലെ ഫോട്ടോഗ്രാഫര്‍ ആണ്. ഫോട്ടോഗ്രാഫിയില്‍ മുമ്പും ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഖത്തര്‍ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിലെ ഫോട്ടോഗ്രാഫറായ ഷിറാസ് സിതാര കോഴിക്കോട് പയ്യോളി സ്വദേശിയാണ്. മൂന്നാം സ്ഥാനം നേടിയ സഞ്ജയ് ചപോല്‍ക്കര്‍ മീഡിയപ്ലസ് ഫോട്ടോഗ്രാഫറാണ്. ചിത്രകാരന്‍ കൂടിയായ സഞ്ജയ് ബാംഗ്ലൂര്‍ സ്വദേശിയാണ്. സാംസ്‌കാരിക വിനിമയത്തിന്റെ അടയാളമെന്ന നിലയില്‍ ഗള്‍ഫ്‌ടൈംസ് ഫോട്ടോഗ്രാഫര്‍ ഫിറോസ് അഹ്മദിന്റെ ഫോട്ടോ ജൂറിയുടെ പ്രത്യേക പരാമര്‍ശനത്തിന് അര്‍ഹമായി. ‘പെനിന്‍സുല’ ദിനപത്രത്തിന്റെ ആക്ടിങ് മാനേജിങ് എഡിറ്റര്‍ ഹുസൈന്‍ അഹമദ്, അശ്ശര്‍ഖ് പത്രത്തിലെ സീനിയര്‍ ഫോട്ടോഗ്രാഫര്‍ സെയദ് ഉമര്‍, പ്രമുഖ ജോര്‍ദാനിയന്‍ ഫോട്ടോഗ്രാഫര്‍ സല്‍മാന്‍ ഫറാജ് അലി എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം 2000, 1000, 500 റിയാല്‍ കാഷ് പ്രൈസും പ്രശസ്തിഫലകവും നല്‍കും.

പ്രദര്‍ശനവിഭാഗത്തിലെ ചിത്രങ്ങളില്‍ നിന്ന് സന്ദര്‍ശകരുടെ വോട്ടെടുപ്പില്‍ ജുഹൈമിന് ഒന്നാം സ്ഥാനവും ഷാജഹാന്‍ മൊയ്തീന്‍, അഷ്‌റഫ് കരിയില്‍ എന്നിവര്‍ക്ക് രണ്ടാം സ്ഥാനവും അല്‍താഫ് കെട്ടുങ്ങലിന് മൂന്നാം സ്ഥാനവും ലഭിച്ചു. ഇവര്‍ക്ക് പ്രശസ്തി ഫലകവും സര്‍ട്ടിഫിക്കറ്റുകളും സമ്മാനിക്കും. പുരസ്‌കാരങ്ങള്‍ പിന്നീട് ദോഹയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ വിതരണം ചെയ്യുമെന്ന് മീഡിയാഫോറം പ്രസിഡന്റ് റഈസ് അഹമദും ജനറല്‍ സെക്രട്ടറി ഷെരീഫ് സാഗറും അറിയിച്ചു.

എയര്‍പോര്‍ട്ട് റോഡ് ക്വാളിറ്റിസെന്റിലെ പ്രത്യേക ഗാലറിയില്‍ അഞ്ച് ദിവസം നീണ്ട പ്രദര്‍ശനത്തില്‍ മല്‍സര, പ്രദര്‍ശന വിഭാഗങ്ങളിലായി മുപ്പതോളം ഫോട്ടോഗ്രാഫര്‍മാരുടെ നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ഖത്തര്‍ പൊലീസിന്റെ ചരിത്രവും വളര്‍ച്ചയും വരച്ചുകാട്ടി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലെ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പ്രത്യേക വിഭാഗവുമുണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥികളും സ്വദേശികളുമടക്കം നൂറുകണക്കിനാളുകള്‍ പ്രദര്‍ശനം കാണാനെത്തി.