കൊല്‍ക്കത്തയെ തോല്‍പ്പിച്ച് ഡല്‍ഹിക്ക് മൂന്നാം ജയം

Posted on: May 2, 2013 8:01 am | Last updated: May 2, 2013 at 8:01 am
SHARE

റായ്പുര്‍: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഐപിഎല്‍ ആറാം സീസണില്‍ മൂന്നാം ജയം സ്വന്തമാക്കി. കൊല്‍ക്കത്ത ഉയര്‍ത്തിയ 137 റണ്‍സ് വിജയ ലക്ഷ്യം ഡല്‍ഹി മത്സരം അവസാനിക്കാന്‍ 13 പന്ത് ശേഷിക്കവെ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറിക്കടന്നു. അര്‍ധസെഞ്ച്വറി നേടിയ(66)ഡേവിഡ് വാര്‍ണറുടേയും 37 റണ്‍സെടുത്ത ഉന്‍മുക്ത് ചന്ദിന്റേയും പ്രകടന മികവിലാണ് ഡല്‍ഹിയുടെ വിജയം. തുടക്കത്തിലെ ജയവര്‍ധനയുടെയും വിരേന്ദര്‍ സേവാഗിന്റേയും വിക്കറ്റുകള്‍ വീഴ്ത്തി ഡല്‍ഹിയെ കൊല്‍ക്കത്ത ബോളര്‍മാര്‍ പ്രതിരോധത്തിലാക്കിയെങ്കിലും മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വാര്‍ണറും ഉന്‍മുക്തും മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ഡല്‍ഹിയുടെ ജയം അനായാസമായി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്തയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരുടെ വിക്കറ്റുകള്‍ നഷ്ടമായി.

റണ്ണൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ഗൗതം ഗംഭീറും നാല് റണ്‍സെടുത്ത മന്‍വിന്ദര്‍ ബിസ്ലയുമാണ് തുടക്കത്തില്‍ തന്നെ പുറത്തായത്. പിന്നീട് മികച്ച കൂട്ടുകെട്ടുകള്‍ ഉണ്ടാകാത്തത് കൊല്‍ക്കത്തയുടെ സ്‌കോറിംഗ് മന്ദഗതിയിലാക്കി. ഇടവേളകളില്‍ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. 23 റണ്‍സെടുത്ത സുമിത് നര്‍വാളാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. യൂസഫ് പത്താന്‍ ഇരുപതും ജാക്വസ് കാലിസ് 12ഉം ഇയാന്‍ മോര്‍ഗന്‍ 10ഉം റണ്‍സെടുത്ത് പുറത്തായി. നിശ്ചിത ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സാണ് കൊല്‍ക്കത്ത സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

ഡല്‍ഹിക്ക് വേണ്ടി ഉമേഷ് യാദവ് രണ്ട് വിക്കറ്റെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here