ഒഞ്ചിയം രക്തസാക്ഷി ദിനം പാര്‍ട്ടികള്‍ ചേരി തിരിഞ്ഞ് ആചരിച്ചു

Posted on: May 1, 2013 7:40 am | Last updated: May 1, 2013 at 7:40 am
SHARE

വടകര: വന്‍ പോലീസ് സുരക്ഷയില്‍ ചേരി തിരിഞ്ഞ് ഒഞ്ചിയം രക്തസാക്ഷി ദിനം ആചരിച്ചു. ടി പി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം നടക്കുന്ന ഒഞ്ചിയം രക്തസാക്ഷി ദിനാചരണമാണ് വന്‍ പോലീസ് സുരക്ഷയോടെ ആചരിച്ചത്.
സി പി എം, ആര്‍ എം പി, സി പി ഐ എന്നീ കക്ഷികള്‍ ചേരി തിരിഞ്ഞാണ് പരിപാടികള്‍ നടത്തിയത്. പതിറ്റാണ്ടുകളായി സി പി എമ്മും സി പി ഐയും സംയുക്തമായാണ് ഒഞ്ചിയം രക്തസാക്ഷി ദിനാചരണം സംഘടിപ്പിച്ചതെങ്കില്‍ ടി പി ചന്ദ്രശേഖരന്റെ വധത്തെതുടര്‍ന്ന് സി പി ഐ പ്രത്യേക പരിപാടി നടത്തുകയായിരുന്നു. സി പി എമ്മിന്റെ നേതൃത്വത്തില്‍ ഒഞ്ചിയം രക്തസാക്ഷി സ്‌ക്വയറിലും ആര്‍ എം പി ഒഞ്ചിയം പാലം പരിസരത്തും സി പി ഐ വള്ളകുളങ്ങരയിലുമാണ് പരിപാടി നടത്തിയത്.
സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കാരണം മൂന്ന് പരിപാടികള്‍ക്കും കനത്ത പോലീസ് സന്നാഹത്തെയും ഒരുക്കിയിരുന്നു. കഴിഞ്ഞ ദിവസം സി പി എമ്മും, സി പി ഐയും ചേരി തിരിഞ്ഞ് ഒഞ്ചിയം മേഖലയില്‍ വിശദീകരണ പൊതുയോഗം നടത്തി പരിസ്പരം ആരോപണങ്ങള്‍ ഉയര്‍ത്തിയ സാഹചര്യത്തിലാണ് പോലീസ് നടപടി ശക്തമാക്കിയത്.
വെള്ളികുളങ്ങരയില്‍ സി പി ഐയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി സത്യന്‍ മൊകേരി ഉദ്ഘാടനം ചെയ്തു.
രണ്ടാം യു പി എ സര്‍ക്കാര്‍ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ നശിപ്പിച്ച് സ്വകാര്യ മേഖലക്ക് അടിയറ വെക്കുകയാണെന്ന് സത്യന്‍ മൊകേരി പറഞ്ഞു. ചടങ്ങില്‍ കെ ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. ഇ കെ വിജയന്‍ എം എല്‍ എ, കെ കെ മാസ്റ്റര്‍, വി കെ സുരേഷ്ബാബു, സോമന്‍ മുതുവന, ടി കെ രാജന്‍ മാസ്റ്റര്‍, കെ ടി രവീന്ദ്രന്‍ മാസ്റ്റര്‍ പ്രസംഗിച്ചു.
ആര്‍ എം പിയുടെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ സമ്മേളനം സി പി ഐ എം എല്‍ ലിബറേഷന്‍ നേതാവ് കവിതാ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. എന്‍ വേണു, കെ കെ രമ പ്രസംഗിച്ചു. ഒഞ്ചിയത്തുനിന്നും ആരംഭിച്ച പ്രകടനം ഒഞ്ചിയം പാലത്ത് സമാപിച്ചു.
സി പി എമ്മിന്റെ നേതൃത്വത്തില്‍ നടന്ന അനുസ്മരണ പരിപാടി സി പി എം സംസ്ഥാന കമ്മിറ്റിയംഗം എം പി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഇ എം ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു. അഡ്വ. പി സതീദേവി, ആര്‍ ഗോപാലന്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here