റോഡ് കൈയേറിയുള്ള സ്‌കൂള്‍ മതില്‍ നിര്‍മാണം പഞ്ചായത്ത് തടഞ്ഞു

Posted on: May 1, 2013 7:37 am | Last updated: May 1, 2013 at 7:37 am
SHARE

വെള്ളമുണ്ട: വെള്ളമുണ്ട എട്ടേനാല്‍ പന്തിപ്പൊയില്‍ റോഡ് കയ്യേറിയുള്ള സ്‌കൂള്‍ മതില്‍ നിര്‍മ്മാണം പഞ്ചായത്ത് തടഞ്ഞു. പഞ്ചായത്ത് എ.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റാണ് പഞ്ചായത്തിന്റെ അനുമതികൂടാതെയും കഴിഞ്ഞ വര്‍ഷം വീതിക്കൂട്ടി പുതുക്കി പണിത റോഡില്‍ നിന്നും നിശ്ചിതദൂരം പാലിക്കാതെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
എയിഡഡ് സ്‌കൂളിന് മതില്‍ കെട്ടാനാണ് ജെ.സി.ബി. ഉപയോഗിച്ച് കുഴിയെടുത്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായി വീതികൂട്ടാന്‍ വേണ്ടി പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചപ്പോള്‍ കോടതി മുഖേന സ്‌കൂള്‍ മാനേജര്‍ സ്‌റ്റേ കൊണ്ടുവന്നിരുന്നു. ഈ ഭാഗങ്ങളില്‍ ഇപ്പോഴും റോഡിന് വീതിയില്ലാതെ യാത്രക്കാരും വിദ്യാര്‍ത്ഥികളും പ്രയാസപ്പെടുമ്പോഴാണ് റോഡിന്റെ വീതിവീണ്ടും കറക്കുന്ന രീതിയില്‍ സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായത്. ഇതിനെതിരെ രണ്ടുദിിവസം മുന്‍പ് പഞ്ചായത്ത് സെക്രട്ടറി പണി നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാലിതുവകവെയ്ക്കാതെ ഇന്നലെയും പണിതുടര്‍ന്നതോടെയാണ് ഭരണസമിതി തീരുമാനപ്രകാരം പോലീസ് സഹായത്തോടെ ജെ.സി.ബി. ഉപയോഗിച്ച് കരിങ്കല്ല് കൊണ്ടുകെട്ടിയ മതില്‍ പൊളിച്ചുനീക്കുകയും കുഴികള്‍ മണ്ണിട്ടുമൂടുകയും ചെയ്തത്.
ഇതിനായി ഉപയോഗിച്ച കരിങ്കല്ല് പഞ്ചായത്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആലിഹാജി, സെക്രട്ടറി എം.ആര്‍. പ്രകാശന്‍, മെമ്പര്‍മാരായ ടി.കെ. മമ്മുട്ടി, അനില്‍ കുമാര്‍, കെ. മുഹമ്മദ്, പ്രത്യുഷ് എന്നിവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here