Connect with us

Malappuram

പുഴച്ചാല്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ മാഗസിന്‍ വിസ്മയമായി

Published

|

Last Updated

വേങ്ങര: പുഴച്ചാല്‍ ഇരിങ്ങല്ലൂര്‍ എ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ കൂറ്റന്‍ മാഗസിന്‍ വിസ്മയ പത്രിക വിസ്മയമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും ചാര്‍ട്ട് പേപ്പറില്‍ ഒരു പേജില്‍ സ്വന്തം സൃഷ്ടികള്‍ എഴുതി തയ്യാറാക്കി അവ ക്രോഡീകരിച്ചാണ് കൂറ്റന്‍ മാഗസിനാക്കി മാറ്റിയത്.
അഞ്ഞൂറ് പേജുകളുള്ള പുസ്തകത്തിന് 80 സെന്റിമീറ്റര്‍ നീളവും 65 സെന്റിമീറ്റര്‍ വീതിയും ഇരുപത് കിലോ ഭാരവുമുണ്ട്. മൂന്ന് മാസക്കാലത്തെ നിരന്തര കഠിനാധ്വാനമാണ് ഈ പുസ്തകത്തിന് പിന്നില്‍. സ്‌കൂളില്‍ പഠനം നടത്തുന്ന 320 വിദ്യാര്‍ഥികള്‍ക്കും ചാര്‍ട്ട്‌പേപ്പറുകള്‍ നല്‍കി അതില്‍ സൃഷ്ടികളും ചിത്രങ്ങളും ആകര്‍ഷണീയ ലേ-ഔട്ടുകളോടെ തയ്യാറാക്കി സമര്‍പ്പിക്കുകയും അധ്യാപകരും രക്ഷിതാക്കളു പൂര്‍വ വിദ്യാര്‍ഥികളുമടങ്ങിയ സമിതി പത്രികകള്‍ പരിശോധിച്ച് വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിച്ച് വീണ്ടും തയ്യാറാക്കി വാങ്ങുകയാണ് ചെയ്തത്. വെളുത്ത ചാര്‍ട്ട് പേപ്പറില്‍ മാത്രമാണ് വിദ്യാര്‍ഥികള്‍ സൃഷ്ടികള്‍ തയ്യാറാക്കിയത്. ഓരോ ചാര്‍ട്ടും തയ്യാറാക്കിയ വിദ്യാര്‍ഥികള്‍ മെഴുക് കളര്‍ മാത്രമാണ് കളറിംഗിനായി ഉപയോഗിച്ചിട്ടുള്ളത്. എഴുതനാനാവട്ടെ പെന്‍സില്‍, പേന എന്നിവ മാത്രവും. ഇങ്ങനെ കുട്ടികളും രക്ഷിതാക്കളും പൂര്‍വ വിദ്യാര്‍ഥികളും തയ്യാറാക്കിയ പത്രികകള്‍ ബൈന്‍ഡ് ചെയ്താണ് കൂറ്റന്‍ മാഗസിനാക്കി മാറ്റിയിരിക്കുന്നത്. അധ്യാപകര്‍ക്ക് പുറമെ ആര്‍ എസ് നിവേദിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ഥി പത്രാധിപ സമിതിയും മാഗസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവായ എം ആര്‍ രഘുവാണ് മാഗസിന്റെ ചീഫ് എഡിറ്റര്‍. ആര്‍ട്ടിസ്റ്റും അധ്യാപകനുമായ സുരേഷ് ചാലിയത്താണ് പുറംചട്ട തയ്യാറാക്കിയത്.
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭ സ്പീക്കര്‍, വ്യവസായമന്ത്രി, വിദ്യാഭ്യാസ മന്ത്രി, റവന്യൂ മന്ത്രി തുടങ്ങിയവരും ഒ എന്‍ വി കുറുപ്പ്, സുഗതകുമാരി, സിപ്പി പള്ളിപ്പുറം, ടി ടി രാമചന്ദ്രന്‍, പി സുരേന്ദ്രന്‍, ആലംങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യകാരന്മാരും ഡി പി ഐ, ഡി ഡി തുടങ്ങിയ പൊതുവിദ്യാഭ്യാസ ഉദ്യോഗസ്ഥരും മാഗസിനില്‍ സന്ദേശമെഴുതിയിട്ടുണ്ട്. കൂറ്റന്‍ പത്രികയുടെ പ്രകാശനം സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹ്‌റ മമ്പാട് നിര്‍വഹിച്ചു.

 

Latest