കൊട്ടപ്പുറം സംവാദത്തിന് മൂന്ന് പതിറ്റാണ്ട്‌

Posted on: May 1, 2013 7:22 am | Last updated: May 1, 2013 at 7:22 am
SHARE

1983 ഫെബ്രുവരി 1, 2, 3 തീയതികള്‍ സുന്നി പ്രസ്ഥാന ചരിത്രത്തിലെ നാഴികകല്ലുകളൊന്ന്. അഹ്‌ലുസ്സന്നയുടെ അജയ്യത തെളിയിച്ച നാളുകള്‍. ആ ദിനങ്ങളിലാണ് കൊട്ടപ്പുറം സംവാദ വിജയം ഉണ്ടായത്. മുജാഹിദ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ കരി ദിനം.
ഐക്യത്തിലും സൗഹാര്‍ദത്തിലും മൈത്രിയിലും ജാതിമതഭേദമന്യേ കഴിഞ്ഞിരുന്ന കേരളത്തിലേക്ക് അനൈക്യത്തിന്റെ വിത്ത് പാകി 1921ല്‍ കടന്നുവന്ന ‘മത പരിഷ്‌കരണ’ പ്രസ്ഥാനത്തിന് ചില പ്രദേശങ്ങളിലെങ്കിലും വേരോട്ടമുണ്ടായിരുന്നു. പുളിക്കല്‍ അന്ന് അത്തരമൊരു നാടായിരുന്നു. അവിടെ മൈക്ക് വെക്കാന്‍ പോലും സുന്നികളെ അനുവദിക്കില്ലെന്ന് പറഞ്ഞ കാലമുണ്ടായി. അവസാനം മര്‍ഹൂം ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ തന്റെ കര്‍മഭൂമിയായി പുളിക്കല്‍ പ്രദേശം തിരഞ്ഞെടുത്തു. സത്യം മനസ്സിലാക്കിയ ചില ഉമറാക്കള്‍ മുജാഹിദ് പ്രസ്ഥാനം വിട്ട് ഹസന്‍ മുസ്‌ലിയാരുടെ കരങ്ങള്‍ക്ക് ശക്തി പകര്‍ന്നു. മര്‍ഹും കെ പി മൊയ്തീന്‍ കുട്ടി ഹാജി അവരുടെ മുന്‍പന്തിയില്‍ നിന്നു. ഹാജിയുടെ തണലില്‍ ഹസ്സന്‍ മുസ്‌ലിയാര്‍ പുളിക്കലും പരിസരത്തും മരണം വരെ ഖണ്ഡന പ്രസംഗം നടത്തി. സത്യം തെളിയിക്കാന്‍ അവരെ വെല്ലുവിളിച്ചു. അവര്‍ തയ്യാറായില്ല. അന്നൊക്കെ അവിടുത്തെ വലം കൈയായി പ്രവര്‍ത്തിക്കുകയായിരുന്നു കാന്തപുരം ഉസ്താദ്.
1982 ല്‍ ആഗസ്റ്റ് 14ന് ഹസന്‍ മുസ്‌ലിയാര്‍ വിട പറഞ്ഞു. വിട പറയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തോട് മുസ്‌ലിമാകാന്‍ ആവശ്യപ്പെട്ട് മുജാഹിദുകള്‍ കത്തയച്ചത് മുസ്‌ലിംകൈരളിയെ ഏറെ വേദനിപ്പിച്ചു. ഹസന്‍ മുസ്‌ലിയാരുടെ വിയോഗം അവര്‍ ആഘോഷിക്കുകയായിരുന്നു. അതിന്റെ ഭാഗമായി അവര്‍ സംവാദത്തിന് വെല്ലുവിളികള്‍ നടത്തി. കൊട്ടപ്പുറത്ത് നടന്ന ഒരു പ്രഭാഷണ വേദിയില്‍ അവര്‍ നടത്തിയ വെല്ലുവിളി സ്വീകരിക്കാന്‍ സുന്നികള്‍ തയ്യാറായി. അതോടെ മുജാഹിദുകള്‍ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും സുന്നികള്‍ സമ്മതിച്ചില്ല.
1983 ഫെബ്രുവരി 1, 2, 3, 4 തീയതികളില്‍ സംവാദം നടത്താന്‍ തീരുമാനമായി. ഒരു സ്റ്റേജില്‍ രണ്ട് ഭാഗത്തായി ഇരു വിഭാഗങ്ങളും മധ്യത്തില്‍ മധ്യസ്ഥന്‍മാരുമെന്ന ക്രമത്തില്‍. ഓരോ ദിവസവും ഇരുവിഭാഗത്തിന്റെ വിഷയാവതരണത്തോടെയാണ് തുടക്കം. സുന്നി പക്ഷത്ത് പി കെ എം ബാഖവി അണ്ടോണ, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, നാട്ടിക മുസ്‌ലിയാര്‍ എന്നിവരാണ് വിഷയം അവതരിപ്പിച്ചത്. നാലാം ദിവസം കെ കെ അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാരായിരുന്നു അവതണത്തിന്. മൂന്നാം ദിവസം തന്നെ സമാപിച്ചതിനാല്‍ നാലാം ദിവസം നടന്നില്ല. മറു ഭാഗത്ത് ഖണ്ഡനത്തിന് എ പി അബ്ദുല്‍ഖാദിര്‍ മൗലവിയും മറ്റു പലരും മാറി മാറി വന്നു. പക്ഷേ, സുന്നീ പക്ഷത്ത് ഖണ്ഡനത്തിന് ഒരേ ഒരാള്‍ മാത്രമായിരുന്നു. അന്നത്തെ യുവ പണ്ഡിതന്മാരില്‍ ഒരാളായ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. പുഞ്ചിരിച്ചു കൊണ്ട് തുടങ്ങി കാര്യഗൗരവത്തോടെ ഏതു സാധരണക്കാര്‍ക്കും മനസ്സിലാകുന്ന ശൈലിയില്‍ ചോദ്യ വേളയിലും മറുപടിയുടെ സമയത്തും കാന്തപുരം സ്വീകരിച്ച ശൈലി ഏറെ ആകര്‍ഷകമായിരുന്നു.
ആ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷിയാകാന്‍ കൊട്ടപ്പുറത്ത് പതിനായിരങ്ങള്‍ ഒത്തുകൂടിയിരുന്നു. മൂന്നാം ദിവസം അര്‍ധരാത്രിയായിട്ടും മുജാഹിദ് വിഭാഗത്തിന് പിടിച്ചു നില്‍ക്കാനാകാതെ പരാജയം സമ്മതിച്ചതോടെയാണ് സംവാദം അവസാനിച്ചത്. ഒടുവില്‍ അവര്‍ ആയുധം വെച്ച് കീഴടങ്ങി. കലങ്ങി മറിഞ്ഞ നഗരിയിലൂടെ തങ്ങള്‍ക്ക് പുറത്തിറങ്ങാനാകാതെ വന്നപ്പോള്‍ മുജാഹിദുകള്‍ക്ക് സുന്നികളോട് സഹായം തേടേണ്ടി വന്നു. അവസാനം ഹസന്‍ മുസ്‌ലിയാരുടെ പേരില്‍ ഫാത്വിഹ ഓതി പ്രാര്‍ഥിച്ച ശേഷമാണ് ഇരുകൂട്ടരും വേദിയില്‍ നിന്നിറങ്ങിയത്. അന്ന് വഹാബി കേന്ദ്രമായിരുന്ന അരൂരില്‍ നിന്നും മറ്റും സുന്നികളെ കൂക്കിവിളിക്കാന്‍ കൊണ്ടുവന്നവരടക്കം സുന്നികളായിട്ടാണ് തിരിച്ചുപോയത്. അരൂരില്‍ നിന്ന് മാത്രം 70-ാളം കുടുംബങ്ങള്‍ സുന്നത്ത് ജമാഅത്തിലേക്ക് തിരിച്ചു വന്നു. അതേ സമയം വാദപ്രതിവാദം സമുദായത്തെ തമ്മിലടിപ്പിക്കാനുള്ളതാണെന്ന് പറഞ്ഞ് ചില ‘സമുദായപ്രേമികള്‍’ കൊണ്ടോട്ടിയിലും പരിസരത്തും നോട്ടീസിറക്കിയിരുന്നു.
കൊട്ടപ്പുറംസംവാദത്തോടെ കാന്തപുരം ഉസ്താദിന്റെ പുതിയ ലോകത്തേക്കുള്ള ജൈത്രയാത്ര തുടരുകയായിരുന്നു. ഒരു ഭാഗത്ത് ആവേശമുള്ള അനുയായികളുടെ കരുത്തും മറു ഭാഗത്ത് അസൂയാലുക്കളുടെ അസഹ്യ അഭിഷേകങ്ങളും. ഹസന്‍ മുസ്‌ലിയാരുടെ വിയോഗത്തോടെ ഒരിക്കലും സുന്നി പ്രസ്ഥാനം തകര്‍ന്നിട്ടില്ലെന്ന ആവേശം സുന്നികള്‍ക്ക് ലഭിച്ചു. ഈ ശക്തിയെ തളര്‍ത്താനായില്ലല്ലോ എന്ന നിരാശ മുജാഹിദ് പാളയത്തെ അമ്പരപ്പിച്ചു. സുന്നി ശക്തി കാന്തപുരത്തിന്റെ പിന്നിലായാല്‍ അത് പല ഭാഗത്തും ഇളക്കം തട്ടിക്കുമെന്ന ധാരണ പല കേന്ദ്രങ്ങളെയും പിടിച്ചുകുലുക്കിയിരുന്നു. സംവാദം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിടുമ്പോഴേക്കും കാന്തപുരത്തിനെതിരിലും സംവാദത്തിനെതിരിലും പല കേന്ദ്രങ്ങളില്‍ നിന്നും അസൂയക്കാരുടെ അപശബ്ദങ്ങളുയര്‍ന്നുകൊണ്ടിരുന്നു.
കൊട്ടപ്പുറം സംവാദത്തിന് മൂന്ന് പതിറ്റാണ്ട് തികയുമ്പോള്‍ മുജാഹിദ് പ്രസ്ഥാനത്തിന്റെ ദയനീയ സ്ഥിതി ഏറെ പരിതാപകര മാണ്. കൊട്ടപ്പുറത്തെ കാന്തപുരത്തിന്റെ അന്നത്തെ ആ ചോദ്യങ്ങള്‍ ഇന്നും മുജാഹിദുകളെ തുറിച്ചുനോക്കുകയാണ്. കുറച്ച് മുമ്പ് രണ്ടായും ഇപ്പോള്‍ എട്ടായും പിരിഞ്ഞ മുജാഹിദ് വിഭാഗം അതേ ചോദ്യങ്ങള്‍ പരസ്പരം ചോദിക്കുന്നു. പിളര്‍പ്പും വിഴുപ്പലക്കലും നാടൊട്ടുക്കും നടക്കുന്നു. തൗഹീദിന്റെയും ശിര്‍ക്കിന്റെയും നിര്‍വചനം മൂന്ന് ദിവസവും അന്ന് കാന്തപുരം ഉസ്താദ് അവരോട് ആവര്‍ത്തിച്ച് ചോദിച്ചതായിരുന്നു. സഹായാഭ്യാര്‍ഥനയെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചിരുന്നു. ആ ‘സഹായ’ത്തിന്റെ പേരിലാണിപ്പോള്‍ അവര്‍ പരസ്പരം വാഗ്വാദം നടത്തുന്നതും ബഹുദൈവത്വം ആരോപിക്കുന്നതും. ഈ മുസീബത്തില്‍ നിന്ന് അവരെ സഹായിക്കാന്‍ ഒരു ജിന്നും വരുന്നില്ല താനും.

 

LEAVE A REPLY

Please enter your comment!
Please enter your name here