Connect with us

Malappuram

പണ്ഡിത സഭാധ്യക്ഷന്‍ രണ്ട് സമ്മേളനങ്ങളിലും; വഹാബികള്‍ക്കിടയില്‍ പുതിയ വിവാദം

Published

|

Last Updated

തിരൂരങ്ങാടി:മുജാഹിദ് പണ്ഡിതസഭാ പ്രസിഡന്റിന് വേണ്ടി ഔദ്യോഗിക വിഭാഗവും ജിന്ന് വിഭാഗവും തമ്മില്‍ വടംവലി. ജിന്ന് വിഭാഗത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മിനുട്ടുകള്‍ക്ക് ശേഷം പ്രസിഡന്റ് ഔദ്യോഗിക വിഭാഗത്തിന്റെ പരിപാടിയിലും പങ്കെടുത്തത് വിവാദം കൊഴുപ്പിച്ചിരിക്കയാണ്. ഇതോടെ അണികള്‍ ആശയക്കുഴപ്പത്തിലായി.മുജാഹിദ് സ്ഥാപകനായ കെ എം മൗലവിയുടെ മകനും പണ്ഡിതസഭയായ ജംഇയ്യത്തുല്‍ ഉലമയുടെ പ്രസിഡന്റുമായ ടി കെ മുഹ്‌യിദ്ദീന്‍ ഉമരിയാണ് നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ച് അണികളെ വട്ടംകറക്കിയത്. ഈ മാസം 28 മുതല്‍ മെയ് അഞ്ച് വരെ കോട്ടക്കലില്‍ ജിന്ന് വിഭാഗം സംഘടിപ്പിച്ച ഇന്‍സൈറ്റ് എക്‌സിബിഷന്റെ ഉദ്ഘാടന പരിപാടിയിലാണ് ഉമരി പങ്കെടുത്തത്. ഇദ്ദേഹത്തിന്റെ സാന്നിധ്യം ജിന്ന് വിഭാഗം ഏറെ കൊട്ടിഘോഷിക്കുകയുണ്ടായി. നെറ്റിലൂടെയും ഫേ്‌സ്ബുക്കിലൂടെയും പ്രചരിപ്പിച്ചു. സത്യം മനസ്സിലാക്കിയ ഉമരി തങ്ങളുടെ പക്ഷത്തേക്ക് വന്നുവെന്നാണ് സകരിയ്യാ വിഭാഗം പ്രചാരണം നടത്തിയത്.ഇതേസമയം ഔദ്യോഗിക വിഭാഗം കോഴിക്കോട്ട് കടപ്പുറത്ത് സംഘടിപ്പിച്ച കെ എന്‍ എം സംഗമത്തില്‍ അധ്യക്ഷത വഹിക്കേണ്ടത് ഉമരിയായിരുന്നു. നോട്ടീസിലും അങ്ങനെയാണുണ്ടായിരുന്നത്. തങ്ങളുടെ പ്രസിഡന്റ് പുറത്താക്കപ്പെട്ടവരുടെ പരിപാടിയില്‍ പങ്കെടുത്തതറിഞ്ഞ് ഔദ്യോഗിക വിഭാഗം അങ്കലാപ്പിലാകുകയായിരുന്നു. നേതാക്കള്‍ ഇടപെട്ടതോടെ പ്രസിഡന്റ് കടപ്പുറത്തെ പരിപാടിയിലേക്ക് തിരിച്ചു. അപ്പോഴേക്കും ഉദ്ഘാടന പരിപാടി ഏറെ പിന്നിട്ടിട്ടുണ്ടായിരുന്നു. സാധാരണ പ്രസംഗിക്കാത്ത പ്രസിഡന്റിനെക്കൊണ്ട് നേതൃത്വം പ്രസംഗിപ്പിച്ചു. തന്റെ ബന്ധുക്കളില്‍ ചിലര്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് കോട്ടക്കല്‍ പരിപാടിയില്‍ പങ്കെടുപ്പിക്കുകയായിരുവെന്നും സകരിയ്യാ സ്വലാഹിയെ ചവിട്ടിപ്പുറത്താക്കണമെന്നും ഉമരി പറഞ്ഞു.സംസ്ഥാന നേതാക്കളില്‍ പലരും തങ്ങളുടെ ആശയക്കാരാണെന്നും പലരും തങ്ങളുടെ പക്ഷത്തേക്ക് വരുമെന്നും സകരിയ്യാ വിഭാഗം പറയുന്നുണ്ട്. പ്രഭാഷകരില്‍ ഭൂരിഭാഗം ആളുകളും ഈ പക്ഷത്താണ്. അണികളില്‍ സ്വാധീനമുറപ്പിക്കാന്‍ ഇവര്‍ ഓരോ പ്രദേശത്തും സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ചെമ്മാട്, തിരൂര്‍, പുളിക്കല്‍, മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കഴിഞ്ഞ ദിവസം നടന്ന സമ്മേളനങ്ങളിലേക്ക് അണികളുടെ ഒഴുക്ക് ഔദ്യോഗിക വിഭാഗത്തെ ഞെട്ടിച്ചിട്ടുണ്ട്. പ്രഭാഷകരുടെ കുറവ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ക്ഷീണിപ്പിക്കുന്നതായി ഔദ്യോഗിക പക്ഷത്തിന് ആശങ്കയുണ്ട്. അതിനിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷവും പതിവായിട്ടുണ്ട്. കോട്ടക്കല്‍ മുജാഹിദ് പള്ളിയില്‍ കഴിഞ്ഞ ദിവസം ഇരുവിഭാഗവും ഏറ്റുമുട്ടിയിരുന്നു. ഏറെ നേരം റോഡില്‍ ഗതാഗതം സ്തംഭിക്കുകയും പോലീസ് എത്തി ഇരുവിഭാഗത്തേയും പിരിച്ചു വിടുകയുമായിരുന്നു. തീവ്ര മുജാഹിദ് പ്രസിദ്ധീകരണമായ അല്‍ഇസ്‌ലാഹിലൂടെ ജിന്ന് വിഭാഗം ആശയ പ്രചാരണം നടത്തുമ്പോള്‍ വിചിന്തനത്തിലൂടെ ഔദ്യോഗികപക്ഷം മറുപടി നല്‍കുന്നുമുണ്ട്.

Latest