Connect with us

Ongoing News

അതുല്യം, അജയ്യം

Published

|

Last Updated

രിസാല സ്‌ക്വയര്‍: അഴകും അടുക്കുമായി ചുവടുവെച്ച ഐ ടീം അംഗങ്ങള്‍, ത്രിവര്‍ണ പതാക വീശിയെത്തിയ സുന്നിപ്രവര്‍ത്തകര്‍, മുഴങ്ങി കേട്ട തക്ബീര്‍ ധ്വനികള്‍, ഉയര്‍ന്നു കേട്ട ജീവിതസമര കാവ്യങ്ങള്‍, വീര്‍പ്പു മുട്ടിയ നഗര വീഥികള്‍……. അറബികടലിന്റെ റാണിക്ക് വെണ്‍മയുടെ ചാരുതയേകി ജനമഹാസാഗരം… ജനലക്ഷങ്ങളുടെ വിദ്യാര്‍ഥി റാലി കൊച്ചിയെ പിടിച്ചുകുലുക്കി. മഹാനഗരത്തെ കൊതിപ്പിച്ച വ്യത്യസ്തത കൊണ്ട് വിസ്മയിപ്പിച്ച റാലിയോടെ എസ് എസ് എഫ് നാല്‍പ്പതാം സംസ്ഥാന സമ്മേളനം ചരിത്രമായി. കൊച്ചിയുടെ കളിമുറ്റത്ത് ജീവിത സമരത്തിന്റെ ജ്വലിച്ചുയര്‍ന്ന ഏടുകള്‍ തുന്നി വിപ്ലവ വിദ്യാര്‍ഥിത്വം നെഞ്ചുറപ്പിന്റെ പ്രതിരോധം തീര്‍ക്കുകയായിരുന്നു. സുന്നി കൈരളിയുടെ പോരാളികള്‍ ചുവടുവെച്ചെത്തിയത് രിസാല സ്‌ക്വയറില്‍ പുതുമ പകര്‍ന്നതിനൊപ്പം പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ കരുത്ത് തെളിയിക്കുന്നതു കൂടിയായി. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നിറഞ്ഞു നിന്ന സ്‌നേഹദൂതിന്റെ കര്‍മസേനയും അതിനപ്പുറത്തേക്ക് പരന്നൊഴുകിയ പതിനായിരങ്ങളും നഗരത്തില്‍ തങ്ങിനിന്ന ജനലക്ഷങ്ങളും ഇവിടെ മറ്റൊരു ചരിത്രപ്പിറവിയുടെ സാക്ഷികളാവുകയായിരുന്നു.

മലയാളത്തിന്റെ ചിന്തയും വര്‍ത്തമാനവും എസ് എസ് എഫ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനമായി മാറിയ ഒരു വര്‍ഷത്തെ ദിനങ്ങളത്രയും തള്ളിനീക്കി തെക്ക് നിന്നും വടക്കു നിന്നും ഒഴുകി നീങ്ങിയെത്തിയ ആദര്‍ശ കേരളം കൂട്ടത്തോടെ റാലിയായി നീങ്ങിയപ്പോള്‍ അത് മഹാനഗരം കണ്ട വലിയ ജനസഞ്ചയമായി മാറി.
വ്യവസായ കേരളത്തിന്റെ സൈറണ്‍ മുഴങ്ങുന്ന കൊച്ചിയില്‍ നിന്ന് സമരപോരാട്ടങ്ങളുടെ ആവേശം നിറച്ച് ലക്ഷങ്ങള്‍ ലക്ഷ്യബോധത്തോടെ ഉറക്കെ വിളിച്ചു. എസ് എസ് എഫ് സിന്ദാബാദ്, ധാര്‍മിക വിപ്ലവം സിന്ദാബാദ്. ആദര്‍ശത്തിന്റെ കൊടിക്കൂറയേന്തിയവരും വിപ്ലവ മുദ്രാവാക്യം മുഴക്കിയെത്തിയവരും തിരുകൊച്ചിയില്‍ വെണ്‍മ പടര്‍ത്തിയെത്തിയവരും രാവിലെ മുതല്‍ തന്നെ നഗരത്തിന്റെ ആവേശമായി മാറിയിരുന്നു. വൈകുന്നേരമുള്ള വിദ്യാര്‍ഥി റാലിക്ക് മണിക്കൂറുകള്‍ക്ക് മുമ്പെ നഗരത്തിന്റെ തെരുവുകളില്‍ മുഷ്ടി ചുരുട്ടിയ കരങ്ങളുയര്‍ന്നു നീങ്ങിയിരുന്നു. അതിരാവിലെ മുതല്‍ തന്നെ ചെറുപ്രകടനങ്ങളും വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ പ്രവര്‍ത്തകരുടെ കൂട്ടങ്ങളും സമാപനസംഗമ വേദിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. ഉച്ചയോടെയത് വന്‍ പ്രവാഹമായി കൊച്ചിയെ പൊതിഞ്ഞു നിന്നു.
4 മണിക്ക് ഇടപ്പള്ളിയില്‍ നിന്ന് സമ്മേളത്തിന്റെ ആവേശമത്രയും പകര്‍ന്ന് സുന്നികൈരളിയുടെ ധര്‍മപ്പട അടിവെച്ചു നീങ്ങി. പാതങ്ങള്‍ക്കിരുവശവും ആശീര്‍വദിക്കാന്‍ പതിനായിരങ്ങള്‍. മുന്നില്‍ നായകര്‍, സംസ്ഥാന ജില്ലാ ഐ ടീം അംഗങ്ങള്‍, പിന്നെ കേരളത്തിന്റെ മണ്ണും മണവും സമ്മേളിച്ച എസ് എസ് എഫ് ഊതിക്കാച്ചിയെടുത്ത നാല്‍പ്പതിനായിരം ഐ ടീം അംഗങ്ങള്‍, അവര്‍ക്കു തൊട്ടു പിറകില്‍ ലക്ഷങ്ങള്‍…. ചിട്ടയൊത്ത് ചുമലൊപ്പിച്ച്, കൈകള്‍ ഒന്നിച്ചുയര്‍ത്തി, നെഞ്ചുറപ്പോടെ അഭിമാനത്തോടെ അവര്‍ ചുവടുവെച്ചു. ഉയര്‍ന്നു മുഴങ്ങിയതത്രയും ജീവിതം തന്നെ സമരമെന്ന സന്ദേശം, പിന്നെ നെറികേടിന്റെ നിലങ്ങളില്‍ ധാര്‍മിക വിപ്ലവത്തിന്റെ കരുത്തു കാട്ടിയ ചിന്തകള്‍, ഒപ്പം ആത്മീയ മുന്നേറ്റത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍…. കലൂര്‍ സ്റ്റേഡിയത്തിലെ സമാപനവേദിയില്‍ മുന്‍നിരയെത്തിയിട്ടും പിന്നെയും ബാക്കിയായി ഇടപ്പള്ളിയില്‍ കാത്തുനിന്നത് പകുതിയിലധികമാണ്. സമ്മേളന ഉപഹാരമായി നാടിന് സമര്‍പ്പിച്ച സന്നദ്ധസേവക സംഘമായ നാല്‍പ്പതിനായിരം ഐ-ടീം അംഗങ്ങളായിരുന്നു റാലിയുടെ മുഖ്യ ആകര്‍ഷണം. സംസ്ഥാനം, ജില്ല, ക്യാമ്പസ് തലങ്ങളില്‍ വൈറ്റ്, ബ്ലൂ, ഗ്രീന്‍ വിഭാഗങ്ങളിലായി പ്രത്യേകം യൂനിഫോം ധരിച്ചാണ് സന്നദ്ധസംഘം അണിനിരന്നത്.
ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നന്‍മ നടാന്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അറബിക്കടലിന്റെ ഓളങ്ങളില്‍ പങ്കായമെറിഞ്ഞെത്തിയ പ്രവാചകാനുയായികളുടെ പായക്കപ്പലിന്റെ മാതൃകയുള്ള സമാപന വേദിയില്‍ സംസ്ഥാന നേതാക്കളെത്തിയപ്പോള്‍ രിസാല സ്‌ക്വയറില്‍ വിപ്ലവഗാനങ്ങളുയര്‍ന്നു. വേദിയില്‍ നിന്ന് നേതാക്കളും നഗരിയിലെത്തിയ ഐ ടീം അംഗങ്ങളും വിപ്ലവഗാനത്തിന് പ്രത്യഭിവാദ്യം ചെയ്തു. ഒപ്പം പ്രവര്‍ത്തക ലക്ഷങ്ങള്‍ ഒന്നിച്ചു ചൊല്ലി വിപ്ലവ ഗീതങ്ങള്‍. പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക, വിപ്ലവഗീതത്തിന്റെ അലയടികള്‍, എവിടെയും തടിച്ചുകൂടിയ പ്രവര്‍ത്തക വ്യൂഹം. ഈ സമ്മേളനമുഹൂര്‍ത്തങ്ങള്‍ മഹാനഗത്തിന് നല്‍കിയത് നവ്യാനുഭവം. സമാപന സമ്മേളനത്തിന് തുടക്കം കുറിക്കുമ്പോഴും റാലി തുടങ്ങിയ ഇടപ്പള്ളിയില്‍ റാലിക്കായി കാത്തുനിന്നത് പതിനായിരങ്ങളാണ്. ധാര്‍മിക വിപ്ലവത്തിന്റെ സ്‌നേഹകാഹളം മുഴക്കിയെത്തിയ വെള്ളരിപ്രാവുകള്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ വെണ്‍മ പടര്‍ത്തിയപ്പോള്‍ വേദിയില്‍ നിന്ന് മുഴങ്ങിക്കേട്ടതത്രയും ധാര്‍മിക സന്ദേശങ്ങള്‍. സയ്യിദന്‍മാര്‍, പണ്ഡിത തേജസ്വികള്‍… ആദരവിന്റെ മഹാസാനിധ്യങ്ങള്‍ ഒന്നിച്ച് തിരക്കു പിടിച്ച വന്‍ നഗരത്തില്‍ നിന്നും മനുഷ്യസ്‌നേഹത്തിന്റെയും കൂട്ടായ്മയുടേയും സന്ദേശം പകര്‍ന്നു നല്‍കിയപ്പോള്‍ ചരിത്രത്തിന്റെ ജ്വലിക്കുന്ന ഏടുകളില്‍ എസ് എസ് എഫ് എന്ന പൊന്നക്ഷരങ്ങള്‍ തുടികൊട്ടി തുള്ളി.
സാംസ്‌കാരികസമ്പൂര്‍ണമായൊരു സാമൂഹിക നിര്‍മിതിയില്‍ സുന്നിപ്രസ്ഥാനത്തിന്റെ നിലക്കാത്ത മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മലയാള മണ്ണില്‍ ധാര്‍മിക പ്രതീക്ഷകളായ ആദര്‍ശപ്പോരാളികള്‍ മറ്റൊരു ചരിത്രസംഗമം കൂടിയാണിവിടെ തീര്‍ത്തത്.
ജീവിതത്തിലെ സമരബോധ്യങ്ങള്‍ കേരളത്തിന്റെ തെരുവുകളില്‍ കോറിയിട്ടാണ് ജനലക്ഷങ്ങള്‍ മഹാനഗരത്തിലെത്തിയത്. കേരളത്തിന്റെ അത്യുത്തര മനസ്സിലും അധിനിവേശ വിരുദ്ധ പോരാട്ടങ്ങളുടെ രണസ്മൃതികളുറങ്ങുന്ന മലബാറിന്റെ സിരകളിലും ടിപ്പുവിന്റെ പടയോട്ട ഭൂമിയിലും സാംസ്‌കാരിക തലസ്ഥാനത്തും രിസാല സ്‌ക്വയറിന്റെ ഭാഗ്യം നുണഞ്ഞ കൊച്ചിയും മാത്രമല്ല മധ്യകേരളവും തിരുവിതാംകൂറും കായല്‍പ്പരപ്പിന്റെ ഓളംവെട്ടുന്ന ആലപ്പുഴയും കശുവണ്ടിയുടെ നാടായ കൊല്ലവും പിന്നെ അനന്തപുരിയും ഇനിയുമേറെ കാലം ഇതേറ്റു പറയും.. സമരമാണ് ജീവിതം. ഇനി കേരളീയ ഇസ്‌ലാമിക നവോത്ഥാന വഴികളില്‍ ഈ സമ്മേളനവും മുദ്രാവാക്യവും രിസാല സ്‌ക്വയറും ചേര്‍ത്ത് വായിക്കപ്പെടും.