കോണ്‍ഗ്രസില്‍ തമ്മിലടിയും പാരവെപ്പും; മഞ്ചേരി അര്‍ബണ്‍ ബേങ്ക് ലീഗ് തൂത്തുവാരി

Posted on: April 28, 2013 3:41 am | Last updated: April 28, 2013 at 3:41 am

മഞ്ചേരി: കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഇരു ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്ന് മഞ്ചേരി കോ ഓപ്പറേറ്റീവ് അര്‍ബണ്‍ ബേങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് ഇന്നലെ നടന്ന തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റും ലീഗ് നേടി. ആറ് സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് സമ്പൂര്‍ണ പരാജയം. ബേങ്ക് ചരിത്രത്തില്‍ ആദ്യമായാണ് ലീഗും കോണ്‍ഗ്രസ്സും വെവ്വേറെ മത്സരിക്കുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയം തര്‍ക്കത്തിലാവുകയും നാല് സീറ്റുകളില്‍ ഇരട്ടിയോളം സ്ഥാനാര്‍ഥികള്‍ രംഗത്തുവരികയും ചെയ്തതോടെ ലീഗ് 13 സീറ്റിലേക്കും ഒറ്റക്ക് മത്സരിക്കുകയായിരുന്നു. ഡയറക്ടര്‍ ബോര്‍ഡിലേക്കുള്ള 13 സീറ്റില്‍ ലീഗിന് ഒമ്പതും കോണ്‍ഗ്രസ്സിന് നാലും സീറ്റുകളാണ് വീതം വെച്ചിരുന്നത്. എന്നാല്‍ നാല് സീറ്റില്‍ കോണ്‍ഗ്രസ്സിനകത്ത് സമവായമുണ്ടാകാത്തതിനാല്‍ തിരഞ്ഞെടുപ്പ് മത്സരം ഉറപ്പാവുകയായിരുന്നു. ഈ സാഹചര്യത്തില്‍ 13 സീറ്റിലും മത്സരിക്കാന്‍ ലീഗ് തീരുമാനിച്ചു. കേരളയാത്രക്കിടയില്‍ മഞ്ചേരിയിലെത്തിയ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല ലീഗ് നേതാക്കളുമായി അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
ഇന്നലെ രാവിലെ ഒമ്പത് മുതല്‍ നാല് മണി വരെ തുറക്കല്‍ എച്ച് എം എസ് എ യു പി സ്‌കൂളിലായിരുന്നു വോട്ടെടുപ്പ്. അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസ് യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സി അബ്ദുല്‍ ജബ്ബാറായിരുന്നു വരണാധികാരി. എം പി എ ഇബ്രാഹിം കുരിക്കള്‍, ടി ടി ആലിക്കുട്ടി, പി വേലായുധന്‍, രമാരമണന്‍ എന്നിവര്‍ എതിരില്ലാതെയും പി കുഞ്ഞിപ്പ, മഞ്ചപ്പുള്ളി അബുബക്കര്‍, എം എ റഷീദ്, അഡ്വ. എന്‍ സി ഫൈസല്‍, വല്ലാഞ്ചിറ വലിയ മുഹമ്മദലി, ടി എം മൊയ്തീന്‍കുട്ടി, നസീമ കാക്കേങ്ങല്‍, എം ടി ഫാത്തിമ, സജ്‌ല പൂഴിക്കുത്ത് എന്നിവര്‍ വോട്ടെടുപ്പിലൂടെയും തിരഞ്ഞെടുക്കപ്പെട്ടു.
ഇന്നലെ വൈകീട്ട് അര്‍ബ്ബണ്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പ്രഥമ ഡയറക്ടര്‍ ബോര്‍ഡ് യോഗം എം പി എ ഇബ്രാഹിം കുരിക്കളെ ചെയര്‍മാനായി തെരഞ്ഞെടുത്തു. അഡ്വ. എന്‍ സി ഫൈസലിനെ വൈസ് ചെയര്‍മാനായും തിരഞ്ഞെടുത്തു. 1976 വരെ കോണ്‍ഗ്രസ് തനിച്ചായിരുന്നു ഡയറക്ടര്‍ ബോര്‍ഡ് ഭരണം നടത്തിയിരുന്നത്.