ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ മുഷറഫിനെ ചോദ്യംചെയ്യാന്‍ അനുമതി

Posted on: April 25, 2013 5:33 pm | Last updated: April 25, 2013 at 5:33 pm
SHARE

ഇസ്‌ലാമാബാദ്: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോ വധിക്കപ്പെട്ട സംഭവത്തില്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ചോദ്യം ചെയ്യാന്‍ റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി അനുമതി നല്‍കി. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ അപേക്ഷ പരിഗണിച്ചാണ് മുഷറഫിനെ ചോദ്യംചെയ്യാന്‍ അനുമതി നല്‍കിയത്.

ഭൂട്ടോ വധക്കേസില്‍ മുഷറഫിന്റെ ഇടക്കാല ജാമ്യം കഴിഞ്ഞ ദിവസം തീവ്രവാദ വിരുദ്ധ കോടതി റദ്ദാക്കിയിരുന്നു. മുഷറഫിനെ പാര്‍പ്പിച്ചിരിക്കുന്ന ഇസ്‌ലാമാബാദിലെ ഫാംഹൗസില്‍വച്ചാവും ചോദ്യം ചെയ്യുകയെന്നും ചോദ്യം ചെയ്യലിന് മുന്‍പ് മുഷറഫിനെ റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതിയില്‍ ഹാജരാക്കുമെന്നും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ചൗധരി സുള്‍ഫിക്കര്‍ അലി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.