Connect with us

Kozhikode

ടി പി വധം: രണ്ടാംഘട്ട അന്വേഷണം സി ബി ഐക്ക് വിടണം- മുല്ലപ്പള്ളി

Published

|

Last Updated

വടകര: ടി പി ചന്ദ്രശേഖരന്‍ വധക്കേസിന്റെ രണ്ടാം ഘട്ട അന്വേഷണം കേന്ദ്ര ഏജന്‍സിയായ സി ബി ഐയെ ഏല്‍പ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന കേരളയാത്രക്ക് വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മുല്ലപ്പള്ളി.
കുറ്റം ചെയ്തവരെ മാത്രമല്ല ഇതിന് പ്രേരണ നല്‍കിയവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴി മാറ്റിക്കുന്നത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. സാക്ഷികളെ സ്വാധീനിച്ച് കൂറുമാറ്റുന്നതിന്റെ പിന്നില്‍ സി പി എം ഉന്നത നേതാക്കളാണെന്നും ഇതിനെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.
രാവിലെ പത്ത് മണിയോടെ അഞ്ച് വിളക്ക് ജംഗ്ഷനില്‍ നിന്നും വന്‍ വാഹനവ്യൂഹത്തിന്റെയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടുകൂടിയാണ് ജാഥയെ കോട്ടപ്പറമ്പിലേക്ക് ആനയിച്ചത്. സ്വീകരണ സമ്മേളനത്തില്‍ ഡി സി സി സെക്രട്ടറി അഡ്വ. ഐ മൂസ്സ അധ്യക്ഷത വഹിച്ചു. ഡോ. എം എ കുട്ടപ്പന്‍, അഡ്വ. പി ശങ്കരന്‍, കെ പി അനില്‍കുമാര്‍, അഡ്വ. ടി സിദ്ദിഖ്, കെ സി അബു, കൂടാളി അശോകന്‍, മുസ്‌ലിം ലീഗ് നേതാവ് പാറക്കല്‍ അബ്ദുല്ല സംസാരിച്ചു.

Latest