Connect with us

International

ബോസ്റ്റണ്‍ ആക്രമണം: പ്രതിയെ ചോദ്യം ചെയ്തു

Published

|

Last Updated

വാഷിംഗ്ടണ്‍: ബോസ്റ്റണില്‍ മാരത്തണ്‍ മത്സരിത്തിനിടെ ബോംബാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് റഷ്യന്‍ വംശജനായ യുവാവിനെ എഫ് ബി ഐ ചോദ്യം ചെയ്തു. ഇയാള്‍ക്ക് മേല്‍ നിരവധി ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചെച്‌നിയന്‍ യുവാവായ തമെര്‍ലാന്‍ തസര്‍നേവിന്റെ മേല്‍ ചുമത്തിയത്. പോലീസുമായുള്ള ഏറ്റുമുട്ടലിനിടെ ഗുരുതരമായി പരുക്കേറ്റ ഇയാള്‍ ചികിത്സയിലാണ്. ആശുപത്രിക്കിടക്കയില്‍വെച്ചാണ് യുവാവിനെ ചോദ്യം ചെയ്തതെന്ന് എഫ് ബി ഐ വൃത്തങ്ങള്‍ അറിയിച്ചു.
19 വയസ്സുകാരനായ തസര്‍നേവും ഇയാളുടെ 26കാരനായ സഹോരന്‍ തമര്‍ലേനുമാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്ന് തെളിഞ്ഞതായി ഏഫ് ബി ഐ മേധാവികള്‍ അറിയിച്ചു. തമര്‍ലേന്‍ പോലീസ് ഏറ്റമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു. ഇവര്‍ക്ക് തീവ്രവാദ സംഘടനകളായി ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം.
അതേസമയം, എഫ് ബി ഐയുടെ അന്വേഷണം തൃപ്തികരമല്ലെന്നും പ്രതികളുടെ തീവ്രവാദ ബന്ധവുമായി കാര്യമായ അന്വേഷണം നടന്നിട്ടില്ലെന്നും ആരോപിച്ച് റിപബ്ലിക്കന്‍ സെനറ്റര്‍മാര്‍ രംഗത്തെത്തി. പ്രതികളെ കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ട വിവരങ്ങള്‍ അവിശ്വസ്‌നിയമാണെന്നും യു എസ് കോണ്‍ഗ്രസില്‍ സെനറ്റര്‍മാര്‍ ആരോപിച്ചു. ആക്രമണവുമായി ബന്ധപ്പെട്ട് നിരവധിയാളുകള്‍ക്ക് പങ്കുണ്ടെന്നാണ് സെനറ്റര്‍മാരുടെ ആരോപണം. എന്നാല്‍ കേസ് അന്വേഷണത്തില്‍ സംശയിക്കേണ്ടതില്ലെന്നും വ്യക്തമായ അന്വേഷണ റിപ്പോര്‍ട്ടുകളാണ് തങ്ങള്‍ സമര്‍പ്പിച്ചതെന്നും എഫ് ബി ഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ജിഹാദ് ആശയങ്ങളില്‍ ആകൃഷ്ടരായ യുവാക്കള്‍ വിദേശ സഹായം കൂടാതെയാണ് സ്‌ഫോടനം നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചെച്‌നിയന്‍ യുവാക്കളായ ഇരുവരും വര്‍ഷങ്ങളോളമായി അമേരിക്കയില്‍ സ്ഥിരതാമസമാണ്.
എന്നാല്‍, 2011ലും 12ലുമായി നിരവധി തവണ ഇരുവരും ചെച്‌നിയയിലേക്ക് പോയിട്ടുണ്ടെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ റഷ്യന്‍ അധികൃതരെ സമീപിച്ചിട്ടില്ലെന്നും സെനറ്റര്‍മാര്‍ ആരോപിക്കുന്നു.
ഈ മാസം 16നാണ് ബോസ്റ്റണില്‍ കനത്ത ബോംബ് സ്‌ഫോടനം ഉണ്ടായത്. ആക്രമണത്തില്‍ മൂന്ന് പേര്‍ മരിക്കുകയും ഇരുനൂറോളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരില്‍ മൂന്ന് പേരുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. ലോകത്തെ ഏറ്റവും വലിയ മരത്തണ്‍ മത്സരങ്ങളിലൊന്നാണ് ബോസ്റ്റണിലേത്.