Connect with us

Kozhikode

ചെന്നിത്തലയുടെ കേരളയാത്ര ഇന്ന് ജില്ലയില്‍ പ്രവേശിക്കും

Published

|

Last Updated

കോഴിക്കോട്: “സമൃദ്ധ കേരളം, സുരക്ഷിത കേരളം” എന്ന മുദ്രാവാക്യമുയര്‍ത്തി കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല നയിക്കുന്ന “കേരളയാത്ര” ഇന്ന് ജില്ലയില്‍ പ്രവേശിക്കും. ഇന്നും നാളെയുമായി ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന യാത്രയെ വരവേല്‍ക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുങ്ങിയതായി ഡി സി സി പ്രസിഡന്റ് കെ സി അബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രാവിലെ ഒമ്പതിന് തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കാരശ്ശേരിയിലാണ് ജില്ലയിലെ ആദ്യ സ്വീകരണം. തുടര്‍ന്ന് 11ന് കൊടുവള്ളി മണ്ഡലത്തിലെ താമരശ്ശേരിയില്‍ സ്വീകരണം നല്‍കും. ഉച്ചക്ക് ശേഷം മൂന്നിന് ബാലുശ്ശേരി ടൗണില്‍ സ്വീകരണം നടക്കും. വൈകീട്ട് നാലിന് പേരാമ്പ്രയിലും അഞ്ചിന് ആയഞ്ചേരിയിലും പര്യടനം നടത്തുന്ന യാത്ര ആറിന് നാദാപുരത്ത് സമാപിക്കും. സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസംഗിക്കും.
രണ്ടാം ദിനമായ നാളെ രാവിലെ ഒമ്പതിന് വടകരയില്‍ നിന്ന് പ്രയാണം ആരംഭിക്കും. 10ന് കൊയിലാണ്ടി, 11ന് എലത്തൂര്‍, മൂന്നിന് കുന്ദമംഗലം മണ്ഡലത്തിലെ മാവൂര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വൈകീട്ട് അഞ്ചിന് കോഴിക്കോട് സൗത്ത്, നോര്‍ത്ത് നിയോജക മണ്ഡലത്തിലെ സംയുക്ത സ്വീകരണം മുതലക്കുളം മൈതാനിയില്‍ ചേരും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രസംഗിക്കും. ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രം ഏഴിന് ബേപ്പൂര്‍ നിയോജക മണ്ഡലത്തിലെ അരീക്കാട് നടക്കുമെന്നും അബു അറിയിച്ചു.
യാത്രയോടനുബന്ധിച്ച് 25ന് രാവിലെ എട്ടിന് ഡി സി സി ഓഡിറ്റോറിയത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളെയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെയും ആദരിക്കുന്നതിന്റെ ഭാഗമായി രമേശ് ചെന്നിത്തല ചായസത്കാരം ഒരുക്കിയിട്ടുണ്ട്. ഇതിനു ശേഷം ജാഥ മലപ്പുറം ജില്ലയിലേക്ക് പര്യടനം ആരംഭിക്കും.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സംസ്ഥാന മന്ത്രിമാരും ദേശീയ-സംസ്ഥാന നേതാക്കളും കെ പി സി സി ഭാരവാഹികളും പങ്കെടുക്കും. കെ പി സി സി സ്വരൂപിക്കാന്‍ നിര്‍ദേശിച്ച പ്രവര്‍ത്തന ഫണ്ട് എല്ലാ മണ്ഡലം കമ്മിറ്റികളും സ്വീകരണ യോഗത്തില്‍ കൈമാറുമെന്ന് അബു പറഞ്ഞു. എ ഐ സി സി അംഗം പി വി ഗംഗാധരന്‍, ഡി സി സി വൈസ് പ്രസിഡന്റ് ഇ കെ ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറിമാരായ കെ വി സുബ്രഹ്മണ്യന്‍, അച്യുതന്‍ പുതിയേടത്ത് വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

---- facebook comment plugin here -----

Latest