ഡല്‍ഹിയില്‍ മാത്രമല്ല ബലാത്സംഗം ഉണ്ടാകുന്നത്: ഷിന്‍ഡെ

Posted on: April 23, 2013 5:58 am | Last updated: April 23, 2013 at 12:59 am

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ക്രൂര ബലാത്സംഗത്തിനെതിരെ കനത്ത പ്രതിഷേധം അലയടിക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തി. ഡല്‍ഹിയില്‍ മാത്രമല്ല രാജ്യത്തുടനീളം ബലാത്സംഗങ്ങള്‍ നടക്കുന്നുണ്ടെന്ന് ഷിന്‍ഡെ പറഞ്ഞു. അഞ്ച് വയസ്സുകാരിയെ കാണാതായത് അന്വേഷിക്കുന്നതില്‍ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും കേസ് ഒതുക്കാനുള്ള ശ്രമവും അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് സംഭവം നടന്നയുടന്‍ നടത്തിയ പ്രസ്താവനയില്‍ ഷിന്‍ഡെ അറിയിച്ചിരുന്നു.
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും, അന്വേഷണ ഉദ്യോഗസ്ഥനെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ജോയിന്റ് പോലീസ് കമ്മീഷണര്‍ (വിജിലന്‍സ്) ആണ് കേസ് അന്വേഷിക്കുക. കേസ് ഒതുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവിന് പോലീസ് ഉദ്യോഗസ്ഥര്‍ 2000 രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണവും അന്വേഷിക്കും. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ നിന്ന് അറസ്റ്റിലായ ഒന്നാം പ്രതിയുടെ ഡി എന്‍ എ പരിശോധന നടത്തിയിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
15 ാം തീയതിയാണ് അഞ്ച് വയസ്സുകാരി കാണാതായ വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അന്ന് പത്ത് മണിക്ക് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തതായും ഷിന്‍ഡെ അറിയിച്ചു. 17 ാം തീയതി പുലര്‍ച്ചെയാണ് കെട്ടിട സമുച്ചയത്തിന്റെ താഴത്തെ നിലയില്‍ നിന്ന് പെണ്‍കുട്ടിയുടെ തേങ്ങല്‍ മാതാവ് കേട്ടത്. പെണ്‍കുട്ടിയുടെ കുടുംബം ഒന്നാമത്തെ നിലയിലാണ് കഴിയുന്നത്. പുറത്തു നിന്ന് പൂട്ടിയ നിലയില്‍ കണ്ടെത്തിയ വാതില്‍ പോലീസ് തകര്‍ക്കുകയായിരുന്നു. അവശനിലയില്‍ കണ്ടെത്തിയ കുട്ടിയെ ഉടനെ സ്വാമി ദയാനന്ദ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാകൃതരീതിയിലുള്ള ലൈംഗിക പീഡനത്തിന് പെണ്‍കുട്ടി ഇരയായതായി തെളിഞ്ഞു. 18 ാം തീയതി ശസ്ത്രക്രിയ നടത്തിയതിന് ശേഷം പെണ്‍കുട്ടിയുടെ സ്ഥിതി സാധാരണനിലയിലായി. പിറ്റേന്ന് എയിംസിലേക്ക് മാറ്റി. അന്ന്, ഡല്‍ഹി മന്ത്രിസഭയിലെ അംഗവും എം പിയും പെണ്‍കുട്ടിയെ സന്ദര്‍ശിക്കുന്നതിനെതിരെ ദയാനന്ദ് ആശുപത്രിക്ക് മുമ്പില്‍ പ്രതിഷേധം അരങ്ങേറി. ആശുപത്രിക്ക് മുമ്പില്‍ പോലീസ് സ്ഥാപിച്ച ബാരിക്കേഡ് തകര്‍ക്കാനും ശ്രമമുണ്ടായി. ആശുപത്രിയില്‍ പ്രതിഷേധിച്ച ഒരു സ്ത്രീയെ അസി. പോലീസ് കമ്മീഷണര്‍ ബി എസ് അഹ്‌ലവദ് തല്ലുന്നതായി വീഡിയോ ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. ഇയാളെ സസ്‌പെന്‍ഷനോടെ സ്ഥലം മാറ്റിയതായും ഷിന്‍ഡെ പാര്‍ലിമെന്റിനെ അറിയിച്ചു.