ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് ‘പാസ് വേര്‍ഡ്’ വരുന്നു

Posted on: April 23, 2013 6:00 am | Last updated: April 23, 2013 at 12:47 am

pesonal devolopmentതിരുവനന്തപുരം: ‘പാസ് വേര്‍ഡ’’ എന്ന പേരില്‍ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായി ദ്വിദിന സൗജന്യ വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.
സര്‍ക്കാര്‍, എയ്ഡഡ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലെ 150 വിദ്യാര്‍ഥികള്‍ക്കും 150 ബിരുദ വിദ്യാര്‍ഥികള്‍ക്കും ഓരോ ജില്ലയിലും വ്യത്യസ്ത തീയതികളില്‍ രണ്ട് ക്യാമ്പുകള്‍ സംഘടിപ്പിക്കും. അവസാന വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ ഗ്രേഡോ, 80 ശതമാനം മാര്‍ക്കോ ലഭിച്ചവര്‍ക്കായിരിക്കും അപേക്ഷിക്കാനുള്ള അര്‍ഹത. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക്, തൊട്ടുമുമ്പത്തെ ക്രിസ്മസ് പരീക്ഷയുടെ മാര്‍ക്കും, ഹയര്‍ സെക്കന്‍ഡറി-വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് എസ് എസ് എല്‍ സിക്ക് ലഭിച്ച മാര്‍ക്കും, ബിരുദ വിദ്യാര്‍ഥികള്‍ക്ക് പ്ലസ് ടു മാര്‍ക്കുമാണ് മാനദണ്ഡം. 40 ശതമാനം സീറ്റുകള്‍ ബി പി എല്‍ വിഭാഗത്തിനും 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കുമാണ്.
80 ശതമാനം സീറ്റുകള്‍ മുസ്‌ലിം ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കും 20 ശതമാനം സീറ്റുകള്‍ മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുമാണ്. അപേക്ഷയോടൊപ്പം മാര്‍ക്ക് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെയും റേഷന്‍ കാര്‍ഡിന്റെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും (ബി പി എല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രം) സമര്‍പ്പിക്കണം. പ്രത്യേകം തയ്യാറാക്കിയ അപേക്ഷാ ഫോറത്തിലൂടെ മാത്രമേ അപേക്ഷിക്കാകൂ.
പൂരിപ്പിച്ച അപേക്ഷ ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍), ജില്ലാ ന്യൂനപക്ഷ സെക്ഷന്‍ എന്ന വിലാസത്തില്‍ അതത് ജില്ലാ കലക്ടറേറ്റിലേക്ക് നേരിട്ടോ, ന്യൂനപക്ഷ പ്രൊമോട്ടര്‍മാര്‍ വഴിയോ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കുന്ന കവറിന് മുകളില്‍ ‘ദ്വിദിന വ്യക്തിത്വ വികസന ക്യാമ്പ് ‘ എന്ന് പ്രത്യേകം എഴുതണം. അപേക്ഷകള്‍ ജില്ലാ കലക്ടറേറ്റിലെ ന്യൂനപക്ഷ സെക്ഷനില്‍ നിന്ന് നേരിട്ടും വകുപ്പിന്റെ വെബ്‌സൈറ്റായ ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി ല്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന്റെ ഫോണ്‍ നമ്പര്‍ 0471-2302090.