മുഖം മിനുക്കാന്‍ ആറന്മുള കണ്ണാടി

Posted on: April 22, 2013 6:00 am | Last updated: April 21, 2013 at 10:44 pm

മോഡിയുടെ വികസനത്തെ വാഴ്ത്തിപ്പാടുന്നവര്‍ പോഷകാഹാരക്കുറവിലും അടിസ്ഥാനസൗകര്യ വികസനത്തിലും സ്ത്രീ പീഡനത്തിലും ഗുജറാത്തിന്റെ സ്ഥാനം എത്രയെന്നു ശ്രദ്ധിച്ചിട്ടുണ്ടോ? എതിര്‍ക്കാന്‍ ആളില്ലാത്ത നാട്ടില്‍ ഭരണാധികാരിക്ക് എന്തുമാകാം. കേരളത്തില്‍ എതിര്‍പ്പില്ലായിരുന്നെങ്കില്‍ എക്‌സ്പ്രസ് വേ പണ്ടേ വന്നേനെ. പല ഫാക്ടറികളും ഉയര്‍ന്നേനെ. ഒരു ജനതയുടെ തലക്കു മുകളിലൂടെ കൊണ്ടുവരുന്നതാണോ വികസനം?

തൊഴില്‍ മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍ ഒരു സുഹൃത്ത് ഫേസ്ബുക്കില്‍ കുറിച്ചിട്ട വരികളാണിവ. ഒരു ജനതയെ ക്രൂരമായി കൊന്നൊടുക്കി, ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി അധികാരം നിലനിര്‍ത്തുന്നു എന്ന ഒറ്റ കാരണം കൊണ്ട് മോഡിയെ വികസനത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാന്‍ കോര്‍പറേറ്റുകളും തീവ്ര ഹിന്ദുത്വവാദികളും മത്സരിക്കുന്ന വര്‍ത്തമാനകാല പരിസരത്തു നിന്ന് ഷിബു ബേബിജോണ്‍ എന്ന കേരളത്തിന്റെ തൊഴില്‍മന്ത്രിയുടെ ഗുജറാത്ത് സന്ദര്‍ശനം ഗൗരവമേറിയ ഒട്ടേറെ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്.
നിയന്ത്രണമില്ലാത്ത മന്ത്രിമാരുടെ പോക്ക് മുതല്‍ കേരളത്തില്‍ കാര്യമായ സ്വാധീനമില്ലാത്ത ഒരു പാര്‍ട്ടിയുടെ മുഖ്യമന്ത്രിയെ വികസന സഹകരണത്തിനായി സന്ദര്‍ശിച്ചത് ഉള്‍പ്പെടെയുള്ള ഗൗരവമേറിയ പ്രശ്‌നങ്ങള്‍. ഗുജറാത്തിനപ്പുറത്തുള്ള മോഡി മാധ്യമങ്ങളിലും വന്‍കിട കോര്‍പറേറ്റുകള്‍ക്കുമിടയില്‍ മാത്രമാണെന്ന യാഥാര്‍ഥ്യം ആരേക്കാളും അറിയാവുന്നത് മോഡിക്ക് തന്നെയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാകട്ടെ, ഈ ചലനം പോലുമില്ല. കര്‍ണാടക തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ മോഡിയെ കോണ്‍ഗ്രസ് വെല്ലുവിളിച്ചിരിക്കുന്നതിന്റെ പശ്ചാത്തലവും ഇതു തന്നെ. ഇവിടെയാണ് 2014ല്‍ പ്രധാനമന്ത്രി പദം സ്വപ്‌നം കാണുന്ന മോഡി നീക്കുന്ന കരുക്കള്‍. ഷിബുവിന്റെ സന്ദര്‍ശനം മോഡിയും ബി ജെ പിയും ഒരുപോലെ ആഘോഷമാക്കുന്നതും ഇതുകൊണ്ട് തന്നെ. കേരളം പോലൊരു സംസ്ഥാനത്തിലെ മന്ത്രി വികസനാവശ്യത്തിന് തന്നെ സന്ദര്‍ശിച്ചാല്‍ അതുണ്ടാക്കുന്ന രാഷ്ട്രീയനേട്ടങ്ങള്‍ മോഡിക്ക് നല്ല ബോധ്യമുള്ളതാണ്. അതു കൊണ്ടാണ് നാല് ദിവസം പിന്നിട്ടിട്ടും മോഡിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ആറന്മുള കണ്ണാടി സമര്‍പ്പിക്കുന്ന ചിത്രസഹിതം ഷിബുവിന്റെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യത്തോടെ ഇടം ലഭിച്ചത്.
ചവറയിലും നീണ്ടകരയിലും മാത്രം സ്വാധീനമുള്ള ഒരു പാര്‍ട്ടി നേതാവ് എന്നു പറഞ്ഞ് ഈ സന്ദര്‍ശനം ലഘൂകരിക്കാവുന്നതല്ല. കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മന്ത്രിസഭയിലെ തൊഴില്‍മന്ത്രിയാണ് ഷിബു. യു ഡി എഫിലെ ഒരു ഘടകകക്ഷി നേതാവാണ്. അങ്ങനെയുള്ള ഒരാളാണ് ദേശീയതലത്തില്‍ തന്നെ കോണ്‍ഗ്രസ് മുഖ്യശത്രുവായി കാണുന്ന, പ്രധാനമന്ത്രിയെ നൈറ്റ് വാച്ച്മാന്‍ എന്ന് വിമര്‍ശിച്ച മോഡിയുടെ വികസനം പകര്‍ത്താന്‍ പോയത്. ഗുജറാത്തില്‍ മോഡി ഒന്നും ചെയ്തില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിക്കുമ്പോള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ നിന്ന് ഒരു മന്ത്രി വികസനം പഠിക്കാനെത്തിയാല്‍ എങ്ങനെയിരിക്കും. ഷിബുവിനെ പോലെ ഒരാള്‍ ഇതൊന്നും മനസ്സിലാക്കാതെയാണ് അഹമ്മദാബാദിലെത്തിയതെന്ന് വിശ്വസിക്കാനാകില്ല.
നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡിസൈനിന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ അവിചാരിതമായാണ് മോഡിയെ കണ്ടതെന്ന് കരുതാന്‍ വയ്യ. ഉദ്യോഗസ്ഥ പരിവാരങ്ങളെ കൂടെ കൂട്ടിയിട്ടുണ്ട്. മോഡിക്ക് സമ്മാനിച്ച ആറന്മുള കണ്ണാടി അഹമ്മദാബാദിലോ പരിസരത്തോ കിട്ടുന്ന ഉത്പന്നവുമല്ല. കേരളത്തിലെ ബി ജെ പി നേതാക്കളുടെ അറിവോടെയാണെന്ന് അവര്‍ തന്നെ വ്യക്തമാക്കി കഴിഞ്ഞു. അതായത് മുന്‍കൂട്ടി അനുമതി ചോദിച്ചുള്ള യാത്രയാണെന്ന് വ്യക്തം. മന്ത്രിസഭയുടെ നായകനായ മുഖ്യമന്ത്രി അറിയാതിരിക്കുകയും എന്നാല്‍ കേരളത്തിലെ ബി ജെ പി നേതൃത്വം അറിയുകയും ചെയ്യുന്ന ഒരു മന്ത്രിയുടെ യാത്ര. മന്ത്രിസഭയുടെ ഭൂരിപക്ഷക്കുറവ് മുഖ്യമന്ത്രിയെ എത്രത്തോളം ദുര്‍ബലനാക്കുന്നുവെന്നതിന്റെ മറ്റൊരുദാഹരണമാണിത്.
എന്‍ ഡി എയിലെ ഘടകകക്ഷി മുഖ്യമന്ത്രിയായ നിതീഷ്‌കുമാര്‍ പോലും മോഡിക്കൊപ്പം വേദി പങ്കിടാന്‍ മടിക്കുമ്പോഴാണ് ഷിബുവിന്റെ കൂടിക്കാഴ്ചയെന്ന് ഓര്‍ക്കണം. അമേരിക്ക പോലും സന്ദര്‍ശനാനുമതി നിഷേധിച്ച ഒരു മുഖ്യമന്ത്രിയെ അങ്ങോട്ട് പോയി ചെന്നുകണ്ട് ആറന്മുള കണ്ണാടിയും സമ്മാനിച്ച് അത് ഫേസ്ബുക്കിലൂടെ വലിയ കാര്യമായി അവതരിപ്പിച്ച ഷിബു സ്വന്തം നിലപാട് ന്യായീകരിക്കാനാണ് ആദ്യം ശ്രമിച്ചത്. കേരളത്തിന്റെ പൊതുവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് സന്ദര്‍ശനം തെറ്റായിപ്പോയെന്ന് അദ്ദേഹം സമ്മതിച്ചതും.
കേരള കിസിംഗര്‍ എന്ന് പേരെടുത്ത ബേബിജോണ്‍ എന്ന ഉരുക്കുമനുഷ്യന്റെ പുത്രനാണ് ഷിബു ബേബിജോണ്‍. സ്വന്തം പിതാവ് ബേബി ജോണ്‍ കൂടി സൃഷ്ടിച്ചെടുത്ത കേരള മോഡല്‍ രാജ്യത്തിനാകെ മാതൃകയായി നില്‍ക്കുമ്പോള്‍ ഒരു ഗുജറാത്ത് മോഡല്‍ തേടിപ്പോയത് തീര്‍ത്തും അവഹേളനപരമാണ്.
പിന്നാക്കമാണെന്ന് മുഖ്യമന്ത്രി നിധീഷ്‌കുമാര്‍ തന്നെ സമ്മതിക്കുന്ന ബീഹാറിനേക്കാള്‍ താഴെയാണ് ഗുജറാത്തിന്റെ ജി ഡി പി നിരക്ക്. പോഷകാഹാരക്കുറവ് ഭീതിദമായ സാഹചര്യം സൃഷ്ടിക്കുന്ന സംസ്ഥാനം. വികസനത്തിന്റെ പളപളപ്പ് നഗരങ്ങളില്‍ മാത്രം. കോര്‍പറേറ്റുകള്‍ കെട്ടിപ്പൊക്കിയ ഒരു ബിംബമെന്ന നിലയില്‍ മോഡി ഡല്‍ഹി സ്വപ്‌നവുമായി കഴിയുന്ന ഈ സമയത്ത് തന്നെ ഇങ്ങനെയൊരു സന്ദര്‍ശനം ഒരുക്കിയതിന് പിന്നിലെ ഗൂഢാലോചനയുടെ ഉത്ഭവകേന്ദ്രം എവിടെയായാലും അത് തുറന്നു കാട്ടപ്പെടണം. നിക്ഷേപ സൗഹൃദമാണെന്ന് കാണിക്കാന്‍ അമേരിക്കന്‍ പ്രതിനിധികളെ സര്‍ക്കാര്‍ ചെലവില്‍ ഗുജറാത്തിലെത്തിച്ച സംഭവം കൂടി ഇതോട് ചേര്‍ത്തു വായിക്കണം.
എന്തായാലും ഷിബുവിന്റെ ഈ സന്ദര്‍ശനം മതേതര കേരളത്തിന് പൊറുക്കാനാകില്ല. മന്ത്രിമാരുടെ സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും കൈകടത്താറില്ലെന്ന ഉമ്മന്‍ ചാണ്ടിയുടെ പ്രസ്താവന മുഖ്യമന്ത്രിയുടെ മാന്യതയായി വിലയിരുത്താമെങ്കിലും ഇതിലെ ഗൗരവമേറിയ ഭരണഘടനാപ്രശ്‌നങ്ങള്‍ ചര്‍ച്ചക്കു വിധേയമാക്കേണ്ടതുണ്ട്. മുഖ്യമന്ത്രി അറിയാതെ സര്‍ക്കാറിന്റെ നയപരമായ പ്രശ്‌നങ്ങള്‍ മറ്റൊരു സംസ്ഥാനത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നത് എന്തടിസ്ഥാനത്തിലാണ്?
മന്ത്രിമാര്‍ നിരന്തരം നടത്തുന്ന യാത്രകള്‍ നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാരുടെ നിരന്തരമുള്ള ബംഗളൂരു സന്ദര്‍ശനം തലവേദനയായതിനെ തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ കേരളവുമായുള്ള പ്രോട്ടോക്കോള്‍ കരാര്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മന്ത്രിമാര്‍ ഇനി ബംഗളൂരുവില്‍ വന്നാല്‍ സുരക്ഷ ഒരുക്കാന്‍ ആകില്ലെന്ന നിലപാട് അവിടുത്തെ സര്‍ക്കാറിന് സ്വീകരിക്കേണ്ടിവന്നു. ഇതൊരുദാഹരണം മാത്രം. മന്ത്രിമാര്‍ നടത്തിയ വിദേശയാത്രകളുടെ കണക്കും ഞെട്ടിപ്പിക്കുന്നതാണ്. ഏറ്റവുമധികം തവണ വിദേശയാത്ര നടത്തിയതും മന്ത്രി ഷിബു ബേബിജോണാണ്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രിമാരും കാബിനറ്റ് പദവിയുള്ള സര്‍ക്കാര്‍ ചീഫ് വിപ്പും നടത്തിയ വിദേശയാത്രകളില്‍ കൂടുതലും സ്വകാര്യാവശ്യങ്ങള്‍ക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു. കഴിഞ്ഞ ഡിസംബര്‍ വരെ മാത്രം മന്ത്രിമാര്‍ 85 വിദേശയാത്രകള്‍ നടത്തിയെന്നാണ് കണക്ക്. 620 ദിവസത്തെ ഭരണത്തിനിടെ 369 ദിവസങ്ങളിലും മന്ത്രിമാര്‍ വിദേശയാത്രയിലായിരുന്നുവെന്ന് ചുരുക്കം. 85 വിദേശയാത്രകളില്‍ 50 എണ്ണവും സ്വകാര്യയാത്രകള്‍.
ആര്യാടന്‍ മുഹമ്മദ്, പി കെ അബ്ദുര്‍റബ്ബ്, കെ ബാബു, പി കെ കുഞ്ഞാലിക്കുട്ടി, കെ പി മോഹനന്‍, ഡോ. എം കെ മുനീര്‍, വി എസ് ശിവകുമാര്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മഞ്ഞളാംകുഴി അലി, അനൂപ് ജേക്കബ്, സര്‍ക്കാര്‍ ചീഫ് വിപ്പ് തുടങ്ങിയവര്‍ 374 ദിവസമാണ് സ്വകാര്യാവശ്യത്തിനായി വിദേശത്ത് തങ്ങിയത്.
പി കെ അബ്ദുര്‍റബ്ബ് യു—എ—ഇയില്‍ മൂന്ന് തവണയും, മക്കയില്‍ ഒരു തവണയും ആര്യാടന്‍ മുഹമ്മദ് സഊദിയിലും ദുബൈയിലും കെ ബാബു കുവൈത്തിലുമാണ് പോയത്. കുഞ്ഞാലിക്കുട്ടി നാല് തവണ ഖത്തറിലും മാലിദ്വീപ്, സഊദി അറേബ്യ, ദുബൈ എന്നിവിടങ്ങളിലും സ്വകാര്യാവശ്യങ്ങള്‍ക്ക് യാത്ര ചെയ്തു. എം കെ മുനീര്‍ യു—എ ഇയില്‍ നാല് തവണയും സഊദി, കുവൈത്ത്, ജര്‍മനി എിവിടങ്ങളിലും സ്വകാര്യയാത്ര ചെയ്തു. വി എസ് ശിവകുമാര്‍- ഖത്തര്‍, അമേരിക്ക, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍- ഖത്തര്‍, അബൂദബി, അനൂപ് ജേക്കബ്- കുവൈത്ത്, മഞ്ഞളാംകുഴി അലി- ദുബൈ എന്നിവയാണ് മറ്റ് സ്വകാര്യയാത്രകള്‍. ഏറ്റവുമധികം വിദേശരാജ്യങ്ങളില്‍ പോയത് ഷിബു ബേബിജോണാണ്. ദുബൈയില്‍ നാല് തവണയും സിംഗപ്പൂര്‍, ജര്‍മനി, യു കെ, ഖത്തര്‍, ജനീവ, സ്‌പെയിന്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലും ഷിബു യാത്ര ചെയ്തു. 13 വിദേശയാത്രകളില്‍ എട്ടെണ്ണം മാത്രമാണ് ഔദ്യോഗികാവശ്യത്തിനുള്ളത്. മുന്‍ വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ആറ് തവണയാണ് സ്വകാര്യാവശ്യത്തിന് ദുബൈയില്‍ പോയത്. വി കെ ഇബ്‌റാഹിം കുഞ്ഞിന്റെ അഞ്ച് യാത്രകളില്‍ മൂെന്നണ്ണം സ്വകാര്യാവശ്യത്തിന്. എ പി അനില്‍കുമാറിന്റെ അഞ്ച്‌യാത്രകളില്‍ ഒരെണ്ണവും കെ എം മാണിയുടെ രണ്ട് യാത്രകളും സ്വകാര്യാവശ്യത്തിന് തന്നെ. മൂന്ന് തവണ ദുബൈയിലും ജര്‍മനി, ദക്ഷിണാഫ്രിക്ക, ചൈന, ജപ്പാന്‍ എിവിടങ്ങളിലും പോയ അടൂര്‍ പ്രകാശിന്റെ ഒരു ദുബൈ യാത്രയും സ്വകാര്യാവശ്യത്തിനാണ്. ചീഫ് വിപ്പ് പി സി ജോര്‍ജ് സ്വകാര്യാവശ്യത്തിനാണ് അബൂദബി, സഊദി, കുവൈത്ത് എിവിടങ്ങളിലേക്ക് യാത്ര ചെയ്തത്. ഇത് ഡിസംബര്‍ വരെയുള്ള കണക്ക് മാത്രമാണ്. ഇതുവരെയുള്ള കണക്ക് ശേഖരിച്ചാല്‍ യാത്രകളുടെ എണ്ണം ഇനിയും കൂടും. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ മുടക്കിയുള്ള ഇത്തരം യാത്രകള്‍ക്ക് ഇനിയെങ്കിലും ഒരു നിയന്ത്രണം അനിവാര്യമാണ്.