പുലാമന്തോള്‍ മികച്ച ഗ്രാമ പഞ്ചായത്ത്

Posted on: April 20, 2013 6:00 am | Last updated: April 20, 2013 at 8:28 am

കോഴിക്കോട്: 2012- 13 വര്‍ഷത്തെ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ഗ്രാമ പഞ്ചായത്തായി മലപ്പുറം ജില്ലയിലെ പുലാമന്തോളിനെ തിരഞ്ഞെടുത്തു. മികച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള ഒന്നാം സ്ഥാനം കോട്ടയം ജില്ലയിലെ വാമനപുരവും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഇതേ ജില്ലയില്‍ നിന്നുള്ള ചേര്‍പ്പും ളാലവും കരസ്ഥമാക്കി. മികച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം ആലപ്പുഴക്കാണ്. പഞ്ചായത്ത്- സാമൂഹികക്ഷേമ മന്ത്രി എം കെ മുനീറാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്.

വിജയികള്‍ക്ക് കോഴിക്കോട്ട് നടക്കുന്ന പഞ്ചായത്ത് ദിനാഘോഷത്തില്‍ സ്വരാജ് ട്രോഫിയും സാക്ഷ്യപത്രവും സമ്മാനിക്കും. ഇവക്ക് പുറമെ ഏറ്റവും മികച്ച ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 25 ലക്ഷം രൂപ വീതം പ്രത്യേക സഹായമായി നല്‍കും. രണ്ടാം സ്ഥാനം നേടിയ ബ്ലോക്ക് പഞ്ചായത്തിന് 15 ലക്ഷം രൂപയും മൂന്നാം സ്ഥാനത്തിന് പത്ത് ലക്ഷം രൂപയും ലഭിക്കും.
ജില്ലാ അടിസ്ഥാനത്തില്‍ അവാര്‍ഡ് നേടിയ പഞ്ചായത്തുകളായി തിരുവനന്തപുരത്ത് പള്ളിച്ചല്‍ ഒന്നാം സ്ഥാനവും കാട്ടാക്കട രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കൊല്ലം: കുലശേഖരപുരം (ഒന്ന്), തൃക്കടവൂര്‍ (രണ്ട്), പത്തനംതിട്ട: കവിയൂര്‍ (ഒന്ന്), ആലപ്പുഴ: പാലിമേല്‍ (ഒന്ന്), കൃഷ്ണപുരം (രണ്ട്), കോട്ടയം: മുത്തോലി (ഒന്ന്), കരൂര്‍ (രണ്ട്), എറണാകുളം: ചോറ്റാനിക്കര (ഒന്ന്), തൃശ്ശൂര്‍: അടാട്ട് (ഒന്ന്), പൂമംഗലം (രണ്ട്), പാലക്കാട്: ശ്രീകൃഷ്ണപുരം (ഒന്ന്), കൊപ്പം (രണ്ട്), മലപ്പുറം: പൊന്‍മുണ്ടം (ഒന്ന്), കോഴിക്കോട്: നാദാപുരം (ഒന്ന്), ബാലുശ്ശേരി (രണ്ട്), വയനാട്: വൈത്തിരി (ഒന്ന്), കണ്ണൂര്‍: ചെമ്പിലോട് (ഒന്ന്), എരഞ്ഞോളി (രണ്ട്), കാസര്‍കോട്: മടിക്കൈ (ഒന്ന്) എന്നിവ അവാര്‍ഡിന് അര്‍ഹമായി. ഇടുക്കി ജില്ലയില്‍ ഒരു പഞ്ചായത്തിനെയും പരിഗണിക്കാതിരുന്നപ്പോള്‍ പത്തനംതിട്ട, എറണാകുളം, മലപ്പുറം, വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ രണ്ടാം സ്ഥാനത്തേക്ക് ആരെയും പരിഗണിച്ചില്ല.
ജില്ലാ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം നേടിയ ഗ്രാമപഞ്ചായത്തുകള്‍ക്ക് പത്ത് ലക്ഷം രൂപയും രണ്ടാം സ്ഥാനത്തിന് അഞ്ച് ലക്ഷം രൂപയും നല്‍കുമെന്ന് മന്ത്രി മുനീര്‍ അറിയിച്ചു.