താച്ചറുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

Posted on: April 18, 2013 6:00 am | Last updated: April 18, 2013 at 7:59 am

ലണ്ടന്‍: അന്തരിച്ച ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുടെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ലണ്ടനിലെ സെന്റ് പോള്‍ കതീഡ്രലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. പൊതുദര്‍ശനത്തിന് വെച്ച പാര്‍ലിമെന്റ് മന്ദിരത്തില്‍ നിന്നും വിലാപ യാത്രയായിട്ടാണ് മൃതദേഹം ചര്‍ച്ചിലേക്ക് കൊണ്ടുവന്നത്. വിലാപ യാത്രയിലും സംസ്‌കാര ചടങ്ങിലും പങ്കെടുക്കാനായി 170 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ലണ്ടനിലെത്തിയിരുന്നു. എലിസബത്ത് രാജ്ഞി, മുന്‍ യു എസ് വിദേശകാര്യ സെക്രട്ടറി ഹെന്റി കിസ്സിന്‍ഗര്‍, മുന്‍ യു എസ് വൈസ് പ്രസിഡന്റ് ഡിക് ചെനി എന്നിവരടക്കം നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
താച്ചറുടെ മരണം ആഘോഷിക്കാനുള്ളതാണെന്ന പ്രഖ്യാപനവുമായി രാജ്യത്ത് പ്രക്ഷോഭം നടക്കുന്നതിനിടെയാണ് പൂര്‍ണ ഔദ്യോഗിക ബഹുമതിയോടെ കൂടിയുള്ള സംസ്‌കാരം. താച്ചര്‍ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. 87വയസ്സുകാരിയായ താച്ചര്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ എട്ടിനാണ് മരിച്ചത്.